Tuesday, March 8, 2011

വികസനത്തിന്റെ അഞ്ചു വര്‍ഷം; സമാധാനത്തിന്റെയും

കേരളത്തിന്റെ വാണിജ്യചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട് ബേപ്പൂരിന്.  രാഷ്ട്രീയചരിത്രത്തിലും ഈ നാടിന്റെ പേര് എഴുതപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധമായ കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി സഖ്യത്തെ തറപറ്റിച്ചു കൊണ്ട് ആ ചരിത്രമെഴുതിയത് ബേപ്പൂരുകാരുടെ മതേതരമനസ്സാണ്.  1965 ലാണ് മണ്ഡലം രൂപീകരിച്ചത്. സി പി എം സ്ഥാനാര്‍ഥിയായി കെ ചാത്തുണ്ണി മാസ്റ്ററാണ് ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പക്ഷെ നിയമസഭ ചേര്‍ന്നില്ല. 1967 ലും 1970 ലും ചാത്തുണ്ണിമാസ്റ്റര്‍ വിജയം ആവര്‍ത്തിച്ചു. 1977 ല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി എന്‍ പി മൊയ്തീനാണ് ജയിച്ചത്. ഇടതുപക്ഷജനാധിപത്യമുന്നണി രൂപീകരിച്ച ശേഷം 1980 ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ മുന്നണിയിലുള്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് യു വിന്റെ സ്ഥാനാര്‍ഥിയായി  മത്സരിച്ചപ്പോഴും എന്‍ പി മൊയ്തീന്‍ വിജയം നേടി. 7308 വോട്ടായിരുന്നു ഭൂരിപക്ഷം. അന്നു മുതല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ മാത്രമാണ് മണ്ഡലം വിജയിപ്പിച്ചത്. 1982 ല്‍ സി പിഎമ്മിലെ കെ മൂസ്സക്കുട്ടി 8577 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 1987 ലും (ഭൂരിപക്ഷം 7331), 1991 ലും (ഭൂരിപക്ഷം 6270), 1996 ലും (ഭൂരിപക്ഷം 12096) സി പി എമ്മിലെ ടി കെ ഹംസ ഹാട്രിക് വിജയം നേടി. 2001 ല്‍ സി പി എമ്മിലെ വി കെ സി മമ്മദ് കോയ (ഭൂരിപക്ഷം 5071) വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി (19424) സി പി എമ്മിലെ എളമരം കരീമിനെ ജനം തിരഞ്ഞെടുത്തയച്ചു. എല്‍ ഡി എഫ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായ എളമരം കരീം മണ്ഡലത്തിന്റെ മുഖഛായ മാറ്റുന്ന ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു.

നേരത്തെ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഒളവണ്ണ പഞ്ചായത്ത് പുനര്‍നിര്‍ണയത്തോടെ കുന്ദമംഗലം മണ്ഡലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്ത പഴയ ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്തിലെയും ബേപ്പൂര്‍ പഞ്ചായത്തിലെയും ഭാഗങ്ങള്‍ ബേപ്പൂരില്‍ തുടരുന്നു.  കൂടാതെ കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര പഞ്ചായത്തുകളും ബേപ്പൂര്‍ മണ്ഡലത്തിലാണ്. 84019 സ്ത്രീ വോട്ടര്‍മാരും 78578 പുരുഷ വോട്ടര്‍മാരുമാണ് ഇതുവരെയുള്ള കണക്കുപ്രകാരം മണ്ഡലത്തിലുള്ളത്. പട്ടിക പൂര്‍ണമാവുമ്പോള്‍ എണ്ണത്തില്‍ വര്‍ധനവുണ്ടാകും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും  ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ മണ്ഡലത്തിലുണ്ട്. ലോക്‌സഭയിലേക്ക് എല്‍ ഡി എഫിന് മണ്ഡലത്തില്‍ നിന്ന് 49,926 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫിന് 45,365 വോട്ടാണ് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാമനാട്ടുകര ഒഴിച്ചുള്ള രണ്ടു പഞ്ചായത്തുകളും എല്‍ ഡി എഫിനൊപ്പം നിന്നു. കോര്‍പ്പറേഷനില്‍ ലയിപ്പിച്ച പഴയ ബേപ്പൂര്‍, നല്ലളം-ചറുവണ്ണൂര്‍ പഞ്ചായത്തിത്തുകളില്‍ പെട്ട ഭാഗങ്ങളിലെ 14 ഡിവിഷനുകളില്‍ രണ്ടെണ്ണം ഒഴിച്ച് എല്ലാം എല്‍ ഡി എഫിനൊപ്പമാണ്.

മണ്ഡലം കാതോര്‍ത്തിരുന്ന വ്യവസായ വികസനം സാധ്യമാക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എല്‍ ഡി എഫ് ഇപ്പോള്‍. യു ഡി എഫിന്റെ കാലത്ത് ഷട്ടറിടാന്‍ ഉത്തരവായ സ്ഥാപനമാണ് സ്റ്റീല്‍ കോംപ്ലക്‌സ്. ഈ സ്ഥാപനത്തെ  പുനരുദ്ധരിച്ച് മികച്ച സ്ഥാപനമാക്കാന്‍ കഴിഞ്ഞു. തുറമുഖത്തിന്റെ വികസനത്തിന് സ്വീകരിച്ച നടപടികളും ശ്രദ്ധേയമാണ്. രാമനാട്ടുകരയില്‍ നോളെജ് പാര്‍ക്ക്, ബേപ്പൂരില്‍ മറൈന്‍പാര്‍ക്ക്, ഉരു പൈതൃകപഠന കേന്ദ്രം, നല്ലളത്തെ ബാംബൂ തറയോട് ഫാക്ടറി, ചാലിയത്തെ കപ്പല്‍ രൂപകല്‍പ്പനാ ഗവേഷണ സ്ഥാപനം, ബേപ്പൂരില്‍ ഗവ ഐ ടി ഐ എന്നിങ്ങനെ വികസനത്തിന്റെ വലിയ നിര തന്നെയുണ്ട്. യു ഡി എഫ് ഭരണകാലത്ത് വര്‍ഗീയകലാപങ്ങള്‍കൊണ്ട് കുപ്രസിദ്ധമായിരുന്ന മാറാട് ബേപ്പൂര്‍ മണ്ഡലത്തിലാണ്. കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ 2002 ലും 2003 ലുമായി നടന്ന കാലപങ്ങളില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അശാന്തിയുടെ ആ കറുത്ത നാളുകള്‍ അവസാനിച്ചിരിക്കുന്നു.   മാറാട് സ്പര്‍ശം പദ്ധതിയുള്‍പ്പെടെ നിരവധി പരിപാടികള്‍ ഇവിടെ നടപ്പാക്കി. മാറാട് നിവാസികളുടെ അടിസ്ഥാന സൗകര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തി.

പൊലീസ് -പൊതുജനസൗഹൃദത്തിനായുള്ള പരിപാടികള്‍ നടപ്പാക്കി. ജനങ്ങള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയമായ ജീവിതവും ഉറപ്പാക്കി. ഇന്ന് ഇവിടെ കാലപങ്ങളില്ല. ശാന്തി മാത്രം. ജനം ഇതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. വികസനവും സമാധാനവുമാണ് അഞ്ചുവര്‍ഷത്തെ ഇടതുഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചത്. അടുത്ത തിരഞ്ഞെടുപ്പിന് നേരിടുമ്പോള്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്ന ഘടകവും ഇതുതന്നെ.

കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം മണ്ഡലത്തില്‍ അവതരിച്ചത് 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. കോ-ലീ-ബീ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഡോ വി കെ മാധവന്‍ കുട്ടിയായിരുന്നു. രാജീവ് ഗാന്ധിയുടെ മരണം നിമിത്തമുണ്ടായ സഹതാപതരംഗവും അവിശുദ്ധബാന്ധവവും മറികടന്ന് ആ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായ ടി കെ ഹംസ വിജയിച്ചതുതന്നെ  മണ്ഡലം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണെന്ന് വെളിവാക്കുന്നു.  

യു ഡി എഫില്‍ മുസ്ലീം ലീഗ് സ്ഥിരമായി മത്സരിച്ചുവരുന്ന മണ്ഡലമാണിത്. സ്ഥിരമായി തോല്‍ക്കുന്നതിനാല്‍ മണ്ഡലം ഇത്തവണ ലീഗ് കയ്യൊഴിയണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതായി അറിയുന്നു. കോണ്‍ഗ്രസ്സില്‍ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ എന്‍ പി മൊയ്തീന്‍ മുതല്‍ യുവനേതാക്കളായ ടി സിദ്ദീഖിന്റെയും പി എം നിയാസിന്റെയും വരെ പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിന് പറഞ്ഞുകേള്‍ക്കുന്നു. സീറ്റ് ലീഗിനു തന്നെ കിട്ടിയാല്‍ കഴിഞ്ഞ തവണ മത്സരിച്ച ഉമ്മര്‍ പാണ്ടികശാല, എന്‍ സി അബ്ദുള്‍ റസാഖ് തുടങ്ങിയവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.
(സി കരുണാകരന്‍)

ജനയുഗം 070311

1 comment:

  1. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം മണ്ഡലത്തില്‍ അവതരിച്ചത് 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. കോ-ലീ-ബീ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ഡോ വി കെ മാധവന്‍ കുട്ടിയായിരുന്നു. രാജീവ് ഗാന്ധിയുടെ മരണം നിമിത്തമുണ്ടായ സഹതാപതരംഗവും അവിശുദ്ധബാന്ധവവും മറികടന്ന് ആ തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായ ടി കെ ഹംസ വിജയിച്ചതുതന്നെ മണ്ഡലം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണെന്ന് വെളിവാക്കുന്നു.

    ReplyDelete