Friday, March 4, 2011

തമ്മിലടി, തെരുവുയുദ്ധം, ജയില്‍വാസം

പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അന്തം വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയചിത്രമാണ് കേരളം കാണുന്നത്. പടലപ്പിണക്കങ്ങളും നേതൃസ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികളും ഒരു വശത്ത്. ഘടകകക്ഷികളുടെ തമ്മിലടിയും ഘടകകക്ഷികള്‍ക്കുള്ളിലെ പോരുകളും മറ്റൊരു വശത്ത്. കോടതിയും വിചാരണയും ജയിലും കാത്തുകഴിയുന്ന നേതാക്കളുടെ ബഹളം. പാളിപ്പോയ കേരളമോചനയാത്ര. വസ്തുതകളുടെയോ തെളിവുകളുടെയോ യുക്തിയുടെയോ പോലും പിന്‍ബലമില്ലാതെ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബൂമറാങ് പോലെ തിരിഞ്ഞുകുത്തുന്ന ദൈന്യത. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫിന് ലഭിച്ച മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്നും രാഷ്ട്രീയക്കാറ്റ് ഇപ്പോള്‍ പൂര്‍ണമായും എല്‍ഡിഎഫിന് അനുകൂലമാണെന്നുമുള്ള തിരിച്ചറിവ് ഇതിനെല്ലാം ആക്കം കൂട്ടുന്നു.

സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസ് രാഷ്ട്രീയമായും സംഘടനാപരമായും ഇത്രയേറെ പ്രതിസന്ധികള്‍ നേരിട്ടിട്ടില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യവും കോണ്‍ഗ്രസിനെ തുറിച്ചുനോക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം കൈയടക്കാന്‍ രമേശ് ചെന്നിത്തലയും വി എം സുധീരനും ചരടുവലിക്കുമ്പോള്‍ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറഞ്ഞ് വയലാര്‍ രവിയും രംഗത്തുണ്ട്. അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന വി എം സുധീരന്റെ പ്രസ്താവനയ്ക്ക് മുനകള്‍ പലതുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിചേര്‍ക്കപ്പെട്ടേക്കുമെന്ന സ്ഥിതി ഉമ്മന്‍ചാണ്ടിയെപ്പോലെ കോണ്‍ഗ്രസിനെയും വെട്ടിലാക്കി. ഇത് മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല, അഴിമതിയാരോപണം നേരിടുന്ന മുന്‍മന്ത്രിമാരായ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, സി വി പത്മരാജന്‍, കടവൂര്‍ ശിവദാസന്‍, ടി എച്ച് മുസ്തഫ, എം ആര്‍ രഘുചന്ദ്രബാല്‍, കെ പി വിശ്വനാഥന്‍ തുടങ്ങിയവര്‍ക്കാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവാത്ത സ്ഥിതി വരും.

കോണ്‍ഗ്രസിനെ കുരുക്കിലാക്കുന്ന ആരോപണങ്ങള്‍ പലതും കുത്തിപ്പൊക്കിക്കൊണ്ടുവന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നതും കോണ്‍ഗ്രസിനെ വിഷമിപ്പിക്കുന്നു. ഇതിന്റെ വരുംവരായ്കകള്‍ കോണ്‍ഗ്രസിനെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് പറയാനാവില്ല. കെ മുരളീധരനെ തിരിച്ചെടുത്തെങ്കിലും മുരളിയെയും മുരളിയുടെ അനുയായികളെയും തെരഞ്ഞെടുപ്പില്‍ എങ്ങനെ പരുവപ്പെടുത്തുമെന്ന് തിട്ടമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോചനയാത്ര പൊളിഞ്ഞതിന്റെ ആഘാതവും കോണ്‍ഗ്രസിനെ അലട്ടുന്നു. യാത്രയില്‍ പറയാനുദ്ദേശിച്ചവ പറയാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, തലങ്ങും വിലങ്ങും നേരിടേണ്ടിവന്ന ആരോപണങ്ങള്‍ക്കും ദുഷ്പേരിനും മറുപടി പറഞ്ഞ് വിഷമിക്കേണ്ടിയും വന്നു.

ഘടകകക്ഷികള്‍ തമ്മിലുള്ള പോരും സംഘര്‍ഷങ്ങളും അടിക്കടി മൂര്‍ച്ഛിച്ചുവരുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കോണ്‍ഗ്രസ് കുഴയുന്നുണ്ട്. ഇങ്ങനെ രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്ന കോണ്‍ഗ്രസ് അവസാന പിടിവള്ളിക്കായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ മകനുമെതിരെ ദുരാരോപണങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതേപ്പറ്റിയെല്ലാം സിബിഐ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതോടെ അതിന്റെയും മുനയൊടിഞ്ഞു.

ഇതൊക്കെ പാര്‍ടി നേരിടുന്ന പ്രശ്നങ്ങളാണെങ്കില്‍ ഘടകകക്ഷികളുടെ തമ്മിലടിയും സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളുമൊക്കെ കീറാമുട്ടിയായി തുടരുന്നതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതില്‍ ഏറ്റവും ഗുരുതരം കോണ്‍ഗ്രസും മാണി ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ തെരുവുയുദ്ധത്തില്‍ വരെ എത്തിയിരിക്കുന്നതാണ്. മാണിയുടെ കോലം കത്തിച്ചതും മാണഗ്രൂപ്പ് നേതാക്കളെ തെരുവില്‍ തല്ലിയതുമൊക്കെ ഫലത്തില്‍ മാണിയുടെ മുഖത്തടിച്ച അടിയാണെന്ന് മറ്റാരെക്കാളും തിരിച്ചറിയുന്നത് മാണി തന്നെയാണ്. ഇത് ഏല്‍പ്പിച്ച അപമാനത്തിനു പുറമെയാണ് സീറ്റിന്റെ പേരില്‍ ഇനി മാണിയെ കാത്തിരിക്കുന്ന അപമാനം.
(കെ വി സുധാകരന്‍)

ദേശാഭിമാനി 040311

1 comment:

  1. പ്രതീക്ഷിച്ചതിലും നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അന്തം വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയചിത്രമാണ് കേരളം കാണുന്നത്. പടലപ്പിണക്കങ്ങളും നേതൃസ്ഥാനത്തിനു വേണ്ടിയുള്ള ചരടുവലികളും ഒരു വശത്ത്. ഘടകകക്ഷികളുടെ തമ്മിലടിയും ഘടകകക്ഷികള്‍ക്കുള്ളിലെ പോരുകളും മറ്റൊരു വശത്ത്. കോടതിയും വിചാരണയും ജയിലും കാത്തുകഴിയുന്ന നേതാക്കളുടെ ബഹളം. പാളിപ്പോയ കേരളമോചനയാത്ര. വസ്തുതകളുടെയോ തെളിവുകളുടെയോ യുക്തിയുടെയോ പോലും പിന്‍ബലമില്ലാതെ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബൂമറാങ് പോലെ തിരിഞ്ഞുകുത്തുന്ന ദൈന്യത. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും യുഡിഎഫിന് ലഭിച്ച മേല്‍ക്കൈ നഷ്ടപ്പെട്ടുവെന്നും രാഷ്ട്രീയക്കാറ്റ് ഇപ്പോള്‍ പൂര്‍ണമായും എല്‍ഡിഎഫിന് അനുകൂലമാണെന്നുമുള്ള തിരിച്ചറിവ് ഇതിനെല്ലാം ആക്കം കൂട്ടുന്നു.

    ReplyDelete