Friday, March 4, 2011

നടപടി സാധ്യമല്ലെന്ന് ചിദംബരം; പ്രതിപക്ഷം മാപ്പുപറയണം: ഐസക്

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചതായി ധനമന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, ലോട്ടറിപ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഐസക് ആവശ്യപ്പെട്ടു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ സംബന്ധിച്ച കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നടപടിയെടുക്കാനാകില്ലെന്നാണ് ചിദംബരം അറിയിച്ചത്. ജനുവരി 21ന് ലോട്ടറി കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയെതുടര്‍ന്നാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതെന്ന് ഐസക് പറഞ്ഞു. ലോട്ടറി വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന് ഒരു നടപടിയും എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടി അയച്ച കത്തിന് വ്യാഴാഴ്ചയാണ് ചിദംബരത്തിന്റെ മറുപടി ലഭിച്ചത്.

അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാനസര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നുവെന്നും കേന്ദ്രത്തോട് വേണ്ടതുപോലെ പറയാത്തതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും പറയുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് ഐസക് ചോദിച്ചു. ലോട്ടറി തര്‍ക്കം കേന്ദ്രസര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ക്കാമെന്നും മറുപടിയില്‍ ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ കോടതി നടപടികളുമായി സംസ്ഥാനസര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും പറയുന്നു. കേന്ദ്രമന്ത്രി തന്നെ മധ്യസ്ഥത വഹിക്കാമെന്നു പറയുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സംസ്ഥാനസര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത്. നിയമം ലംഘിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സിക്കിം, ഭുട്ടാന്‍ ലോട്ടറികള്‍ നിരോധിച്ചശേഷമേ സംസ്ഥാനം ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂവെന്ന് മന്ത്രി സൂചിപ്പിച്ചു.

ദേശാഭിമാനി 040311

1 comment:

  1. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചതായി ധനമന്ത്രി ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, ലോട്ടറിപ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഐസക് ആവശ്യപ്പെട്ടു.

    ReplyDelete