Friday, March 4, 2011

യുഡിഎഫ് വിശ്വസിക്കാത്ത സുല്‍ത്താന്‍ബത്തേരി

ബത്തേരി: വിധി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരും ആദിവാസി ജനവിഭാഗങ്ങളും നിര്‍ണായകമാവുന്ന മണ്ഡലമാണ് സുല്‍ത്താന്‍ബത്തേരി. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യകള്‍ നടമാടിയ ഇവിടെ കടക്കെണിമൂലമുള്ള മരണങ്ങള്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ പ്രധാന വിഷയമാവും. ബത്തേരി, നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ അഞ്ച് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കൃഷിയെ ആശ്രയിച്ചാണ് ജനജീവിതം. കുരുമുളകും കാപ്പിയും നെല്ലും ഇഞ്ചിയുമാണ് പ്രധാവിളകള്‍. അടുത്ത കാലത്തായി കര്‍ണാടകയില്‍ പോയി ഇഞ്ചി കൃഷിചെയ്യുന്ന ബത്തേരിക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വോട്ടര്‍മാരില്‍ 20 ശതമാനത്തിലേറെ ആദിവാസികളാണ്. 179 ബൂത്തുകളിലായി 1,96,078 വോട്ടര്‍മാരുള്ളത്. ഇവരില്‍ 98,521പേര്‍ സ്ത്രീകളും 97,557 പുരുഷന്മാരുമാണ്.

രണ്ട് പതിറ്റാണ്ട് മുമ്പുവരെ യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ബത്തേരി. സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസിലെ വി മധുരയും സോഷ്യലിസ്റ്റ് പാര്‍ടിയിലെ എം രാവുണ്ണിയുമൊക്കെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1970 മുതല്‍ 80വരെ കോഗ്രസിലെ കെ രാഘവനായിരുന്നു എംഎല്‍എ. 1980, 82,87 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ കെ കെ രാമചന്ദ്രനും 91ല്‍ കെ സി റോസക്കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. 82 മുതല്‍ 91വരെയുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ മാത്രമായിരുന്നു. 91ല്‍ രാജീവ്ഗാന്ധിയുടെ മരണം മൂലമുണ്ടായ സഹതാപ തരംഗം മുതലെടുത്തായിരുന്നു കെ സി റോസക്കുട്ടിയുടെ നേരിയ ഭൂരിപക്ഷത്തോടെയുള്ള ജയം. 1996ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ പി വി വര്‍ഗീസ്വൈദ്യര്‍ 1,298 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ സി റോസക്കുട്ടിയെ തോല്‍പ്പിച്ച് മണ്ഡലം കോണ്‍ഗ്രസിന്റെ കുത്തകയല്ലെന്ന് തെളിയിച്ചു. ഇതോടൊപ്പം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു ബത്തേരിയില്‍ ഭേദപ്പെട്ട ലീഡ്.

2001ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഫാ. മത്തായി നൂറനാലിനെ 24,885 വോട്ടിന് പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ എന്‍ ഡി അപ്പച്ചന്‍ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും പിന്നീട് 2005ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 8,578 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ലഭിച്ചു. 2006ല്‍ സിപിഐ എമ്മിലെ പി കൃഷ്ണപ്രസാദിന് ചരിത്രവിജയമാണ് ബത്തേരിയില്‍ ലഭിച്ചത്. യുഡിഎഫിനോട് ചേര്‍ന്ന് മത്സരിച്ച ഡിഐസി സ്ഥാനാര്‍ഥി എന്‍ ഡി അപ്പച്ചനെ കൃഷ്ണപ്രസാദ് തറപറ്റിച്ചത് 25,640 വോട്ടിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശരാശരി 8,000 വോട്ടുവരെ ബിജെപി നേടിയെടുക്കുന്ന ജില്ലയിലെ മണ്ഡലവുമാണ് ബത്തേരി. കഴിഞ്ഞ തവണ ബിജെപിക്ക് 8066 വോട്ടാണ് ലഭിച്ചത്.

മണ്ഡലത്തിന്റെ പേരിലും ഘടനയിലും മാറ്റങ്ങളൊന്നുമില്ലാതെ ബത്തേരിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പട്ടികവര്‍ഗ സംവരണമായതാണ് ശ്രദ്ധേയമാറ്റം. ഒപ്പം വോട്ടര്‍മാരുടെ എണ്ണം കൂടുതലില്‍ സംസ്ഥാനത്ത്രണ്ടാംസ്ഥാനവും. കര്‍ണാടകവും തമിഴ്നാടും അതിരായി വരുന്ന സംസ്ഥാനത്തെ ഏക നിയമസഭാ മണ്ഡലമാണിത്. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകിയപ്പോള്‍ ബത്തേരിയിലായിരുന്നു നിരക്ക് കൂടുതല്‍. ഇതില്‍ അധികവും കര്‍ണാടകയോട് ചേര്‍ന്ന കുടിയേറ്റ ഭൂരിപക്ഷമുള്ള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലുമായിരുന്നു. കാര്‍ഷിക തകര്‍ച്ചയുടെയും കടക്കെണിയുടെയും പേരില്‍ ഒരു കര്‍ഷകനും എല്‍ഡിഎഫ് ഭരണകാലത്ത് ആത്മഹത്യ ചെയ്യേണ്ടിവന്നില്ല. കടാശ്വാസ കമീഷനും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും കര്‍ഷകരുടെ സഹായത്തിനെത്തി. നിലവിലെ എംഎല്‍എ പി കൃഷ്ണപ്രസാദിന്റെ ശ്രമഫലമായി മണ്ഡലത്തിലും ജില്ലക്ക് പെ ാതുവെയും മെച്ചപ്പെട്ട വികസന മാറ്റമാണുണ്ടായത്.
(പി മോഹനന്‍)

deshabhimani 040311

1 comment:

  1. വിധി നിര്‍ണയത്തില്‍ കുടിയേറ്റ കര്‍ഷകരും ആദിവാസി ജനവിഭാഗങ്ങളും നിര്‍ണായകമാവുന്ന മണ്ഡലമാണ് സുല്‍ത്താന്‍ബത്തേരി. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യകള്‍ നടമാടിയ ഇവിടെ കടക്കെണിമൂലമുള്ള മരണങ്ങള്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ പ്രധാന വിഷയമാവും. ബത്തേരി, നെന്മേനി, അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ അഞ്ച് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കൃഷിയെ ആശ്രയിച്ചാണ് ജനജീവിതം. കുരുമുളകും കാപ്പിയും നെല്ലും ഇഞ്ചിയുമാണ് പ്രധാവിളകള്‍. അടുത്ത കാലത്തായി കര്‍ണാടകയില്‍ പോയി ഇഞ്ചി കൃഷിചെയ്യുന്ന ബത്തേരിക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വോട്ടര്‍മാരില്‍ 20 ശതമാനത്തിലേറെ ആദിവാസികളാണ്. 179 ബൂത്തുകളിലായി 1,96,078 വോട്ടര്‍മാരുള്ളത്. ഇവരില്‍ 98,521പേര്‍ സ്ത്രീകളും 97,557 പുരുഷന്മാരുമാണ്.

    ReplyDelete