പുതിയ രാഷ്ട്രീയ സാഹചര്യത്തിലും തിരുവല്ലയ്ക്ക് ഇടതുപക്ഷമുഖം
മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ തിരുവല്ല നിയോജക മണ്ഡലത്തിന് കറകളഞ്ഞ ഇടതുപക്ഷമുഖം. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കൈവരിച്ച നേട്ടങ്ങള്‍ തിരുവല്ലയുടെ മനസ്സ് ഇടതുപക്ഷ മുന്നണി കീഴ്‌പ്പെടുത്തി. പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ ഉണ്ടായിരുന്ന കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, പഞ്ചായത്തുകളാണ് ഇക്കുറി തിരുവല്ല മണ്ഡലത്തോട് ചേര്‍ത്തിരിക്കുന്നത്. തിരുവല്ല മുനിസിപ്പാലിറ്റിയും 11 പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരുവല്ല മണ്ഡലം. ആകെ 190258 വോട്ടര്‍മാരുള്ള തിരുവല്ലയില്‍ 101330 സ്ത്രീകളും 88928 പുരുഷന്മാരുമാണ്.
പുതിയ തിരുവല്ല മണ്ഡലത്തിന്റെ ചരിത്രം പരിശോദിക്കുമ്പോള്‍ കൂട്ടിച്ചേര്‍ത്ത് കല്ലൂപ്പാറ മണ്ഡലത്തിന്റെ ചരിത്രവും ഒഴിവാക്കാനാകാത്തതാണ്.
പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ 1957ലും 60വും കോണ്‍ഗ്രസ്സിലെ എം എം മത്തായി ആണ് വിജയിച്ചത്. അതും മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍. 65ല്‍ കേരള കോണ്‍ഗ്രസ്സിലെ ഡോ കെ ജോര്‍ജ്ജ് തോമസ് വിജയിച്ചു. തുടര്‍ന്ന് 67ല്‍ ജോര്‍ജ്ജ് തോമസ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നിന്നാണ് വിജയം കൊണ്ടത്. 70,77 തിരഞ്ഞെടുപ്പുകളില്‍ വീണ്ടും കേരള കോണ്‍ഗ്രസ്സിലെ ടി എസ് ജോണ്‍ വിജയിച്ചു. 80ല്‍ കേരള കോണ്‍ഗ്രസ്സ് ജെയിലെ കെ എ മാത്യുവും കേരള കോണ്‍ഗ്രസ്സ് എമ്മിലെ സി എ മാത്യുവും തമ്മില്‍ മത്സരിച്ചപ്പോള്‍ വിജയം കെ എ മത്യുവിനൊപ്പം നിന്നു. 82ല്‍ കേരള കോണ്‍ഗ്രസ്സിലെ ടി എസ് ജോണ്‍ വീണ്ടും വിജയിച്ചു. 57ല്‍ സി എ മാത്യു കോണ്‍ഗ്രസ്സ് എസ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. എന്നാല്‍ വിജയിക്കാനായില്ല. 91ലും ടി എസ് ജോണിന് പരാജയമായിരുന്നു. കേരള കോണ്‍ഗ്രസ്സ് ബിയിലെ ജോസഫ് എം പുതുശ്ശേരിക്കായിരുന്നു അത്തവണ വിജയം. എന്നാല്‍ 96ല്‍ ടി എസ് ജോണ്‍ പുതുശ്ശേരിയെ തോല്‍പ്പിച്ചു. 2001ല്‍ കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥിയായി ജോസഫ് എം പുതുശ്ശേരി മത്സരിച്ചപ്പോഴും വിജയം കണ്ടു. 2006ല്‍ വീണ്ടും പുതുശ്ശേരിക്കായിരുന്നു വിജയം. ചെറിയാന്‍ ഫിലിപ്പായിരുന്നു ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥി.
തിരുവല്ലയില്‍ 57ലെ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ പത്മനാഭന്‍ തമ്പിയായിരുന്നു വിജയിച്ചിരുന്നത്. 60ല്‍ കോണ്‍ഗ്രസ്സിലെ പി ചാക്കോ വിജയിച്ചു. 65 മുതല്‍ 77 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സിലെ ഇ ജോണ്‍ജേക്കബ്ബായിരുന്നു വിജയി. 78ല്‍ ജേക്കബ്ബ്‌ജോണ്‍ മരിച്ചതിനെ തുടര്‍ന്ന് 79ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനത പാര്‍ട്ടിയിലെ പി സി തോമസ് കേരള കോണ്‍ഗ്രസ്സിലെ ജോണ്‍ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി. 80ല്‍ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സി തോമസ് ഇടതുപക്ഷ മുന്നണിയിലെ വര്‍ഗീസ് കരിപ്പായിയെ പരാജയപ്പെടുത്തി. 82ല്‍ എല്‍ ഡി എഫിലെ ഉമ്മന്‍ തലവടിയെ പരാജയപ്പെടുത്തി പി സി തോമസ് തുടര്‍ച്ചയായ മൂന്നാം വിജയം നേടി. 87ല്‍ കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥിയായി നാലാം തവണ അങ്കത്തിനെത്തിയ പി സി തോമസിനെ ജനതാദളിലെ മാത്യു ടി തോമസ് അട്ടിമറിച്ചപ്പോള്‍ തിരുവല്ല മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞു. 91ല്‍ മാമ്മന്‍ മത്തായിയിലൂടെ മണ്ഡലം യു ഡി എഫ് തിരിച്ച് പിടിച്ചു. പിന്നീട് രണ്ട് വട്ടം കൂടി അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2003ല്‍ മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി ജനതാദളിലെ ഡോ വര്‍ക്ഷീസ് ജോര്‍ജ്ജിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ 2006ല്‍ മാത്യു ടി തോമസ് കേരള കോണ്‍ഗ്രസ്സ് എമ്മിലെ വിക്ടര്‍ തോമസിനെ പരാജയപ്പെടുത്തി വീണ്ടും ഇടതുപക്ഷത്തിന് അനുകൂലമാക്കി.
തിരുവല്ല നഗരസഭയും കുന്നന്താനം, ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂര്‍, പുറമറ്റം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുളലളത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടിയില്‍ സംസ്ഥാനത്ത് ഏറ്റഴും കൂടുതല്‍ ഫണ്ട് ചിലവഴിച്ച് വികസന പ്രവര്‍ത്തനങ്ങല്‍ നടത്തിയ മണ്ഡലമെന്ന നിലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വളരെ വലിയ അടിത്തറയാണ് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.
വികസന പ്രതീക്ഷയില്‍ ചെങ്ങന്നൂര്‍ മണ്ഡലം
ചെങ്ങന്നൂര്‍: കേരള നിയമസഭ രൂപീകൃതമായ 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ച് ആദ്യ സ്പീക്കറാക്കിയ മണ്ഡലം എന്ന ചരിത്രമാണ് ചെങ്ങന്നൂരിനുള്ളത്. മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ വിജയിച്ചത് ഇടതുപക്ഷമായിരുന്നു. 1991 മുതല്‍ മണ്ഡലത്തിന് വലത്തേക്കാണ് ചായ്‌വ്. തുടര്‍ച്ചയായി യുഡിഎഫ് ജയിച്ചുവന്നിരുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വികസനവും ഏറെ അകലെയാണ്. പുനര്‍നിര്‍ണയത്തോടെ ഇടതുപക്ഷത്തിന് വിജയിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ ചെങ്ങന്നൂര്‍ മണ്ഡലം. തിരുവന്‍വണ്ടൂര്‍, ആല, ചെറിയനാട്, വെണ്‍മണി, ബൂധനൂര്‍, പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍ ചെങ്ങന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതായിരുന്നു പഴയ ചെങ്ങന്നൂര്‍ മണ്ഡലം.
മണ്ഡല പുനര്‍നിര്‍ണയത്തോടെ മാവേലിക്കര നിയോജകമണ്ഡത്തിലെ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തും ആറന്‍മുള നിയോജകമണ്ഡലത്തിലെ മുളക്കുഴ പഞ്ചായത്തും ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതില്‍ വെണ്‍മണി, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫും ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. ബുധനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും പട്ടികജാതി വനിതാ പ്രാതിനിധ്യമില്ലാത്തതിനാല്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.
1957ല്‍ സിപിഐയിലെ ആര്‍ ശങ്കരനാരായണന്‍തമ്പിയും 1960ല്‍ കോണ്‍ഗ്രസിലെ കെ ആര്‍ സരസ്വതിയമ്മയും 1965ല്‍ കേരളാ കോണ്‍ഗ്രസായി കെ ആര്‍ സരസ്വതിയമ്മയും 1967 ലും 1970ലും സിപിഎമ്മിലെ പി ജി പുരുഷോത്തമന്‍പിള്ളയും 1977 എന്‍സിപിയിലെ തങ്കപ്പന്‍പിള്ളയും 1980ല്‍ എന്‍സിപിയായി കെ ആര്‍ സരസ്വതിയമ്മയും 1982ല്‍ എന്‍സിപിയിലെ എസ് രാമചന്ദ്രന്‍പിള്ളയും 1987ല്‍ കോണ്‍ഗ്രസി(എസ്)ലെ മാമ്മന്‍ഐപ്, 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിലെ ശോഭനാജോര്‍ജും 2006ല്‍ കോണ്‍ഗ്രസിപി പി സി വിഷ്ണുനാഥും വിജയിച്ചു. എല്‍ഡിഎഫിലെ സജി ചെറിയാനെ 5132 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്.
1957 മുതല്‍ 1980 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി കെ ആര്‍ സരസ്വതിയമ്മ മത്സരിച്ചെങ്കിലും മൂന്ന് തവണ മാത്രമെ വിജയം നേടാനായുള്ളു. 171510 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 93387 വോട്ടര്‍മാര്‍ സ്ത്രീകളും 78,132 പേര്‍പുരുഷവോട്ടര്‍മാരു
മാണ്.
(വി കെ ഹരികുമാര്‍)
കുത്തകക്കാരെ സൃഷ്ടിക്കാതെ മാറിയും മറിഞ്ഞും
പ്രമുഖരെ തുഴഞ്ഞും പുതുമുഖങ്ങളെ തലോടിയും മുന്നണികളെ മാറിയും കേറിയും വരിച്ചും നില്‍ക്കുന്ന കായംകുളം മണ്ഡലം ആരുടെയും കുത്തകയല്ല. കായംകുളത്തിന്റെ ഭാഗമായിരുന്ന മുതുകുളം പുനര്‍നിര്‍ണയത്തില്‍ ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഭരണിക്കാവും ചെട്ടികുളങ്ങരയും കായംകുളത്തോടും ചേര്‍ന്നു. കായംകുളം നഗരസഭ കൂടാതെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം, പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ ചേരുന്നതാണ് പുതിയ കായംകുളം മണ്ഡലം.
കേരളപ്പിറവിക്കുശേം 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഐഷാബായിയാണ് മണ്ഡലത്തില്‍ ആദ്യവിജയം നേടിയത്. കോണ്‍ഗ്രസിലെ സരോജിനിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഐഷബായി അന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായി. 1960ലും ഐഷാബായി വിജയംആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഹേമചന്ദ്രനായിരുന്നു എതിരാളി. 1965ല്‍ സിപിഎമ്മിലെ എസ് സുകുമാരന്‍ ഇവിടെ നിന്ന് വിജയംകണ്ടു. 1967ല്‍ എസ്എസ്പിയിലെ പി കെ കുഞ്ഞും കായംകുളത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. തച്ചടിപ്രഭാകരനായിരുന്നു അന്ന് എതിരാളി. 1970ല്‍ കോണ്‍ഗ്രസിലെ തുണ്ടത്തില്‍ കുഞ്ഞുകൃഷ്ണപിള്ള സിപിഎമ്മിലെ പി ആര്‍ വാസുവിനെ തോല്‍പിച്ചു. 77ലും കുഞ്ഞുപിള്ള വിജയം ആവര്‍ത്തിച്ചു. ജനതാപാര്‍ട്ടിയിലെ പി എ ഹാരിസായിരുന്നു എതിരാളി. 1980ലും 82ലും കോണ്‍ഗ്രസിലെ തച്ചടി പ്രഭാകരന്‍ കായംകുളത്ത് വിജയക്കൊടി നാട്ടി. കുഞ്ഞുകൃഷ്ണപിള്ളയും എം കെ രാഘവനുമായിരുന്നു എതിരാളികള്‍.
1987ല്‍ കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎമ്മിലെ എം ആര്‍ ഗോപാലകൃഷ്ണന്‍ ഇവിടെ വിജയംകണ്ടു. കോണ്‍ഗ്രസിലെ അഡ്വ. കെ ഗോപിനാഥനായിരുന്നു എതിരാളി. 91ല്‍ ഗോപാലകൃഷ്ണനെ തോല്‍പിച്ച് മണ്ഡലം തിരികെ പിടിച്ചു. 1996ല്‍ സിപിഎമ്മിലെ ജി സുധാകരന്‍ തച്ചടിയെ തോല്‍പിച്ചു. മണ്ഡലം ഇടതുചേരിയിലേക്ക് അടിപ്പിച്ച്‌നിര്‍ത്തി. എന്നാല്‍ 2001ല്‍ കോണ്‍ഗ്രസിലെ എം എം ഹസന്‍ ജി സുധാകരനെ തോല്‍പിച്ചു. 2006ല്‍ കോണ്‍ഗ്രസിലെ അഡ്വ. സി ആര്‍ ജയപ്രകാശിനെ 5832 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ സി കെ സദാശിവന്‍ വിജയംകുറിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കായംകുളം നഗരസഭയ്ക്ക് പുറമെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം പഞ്ചായത്തുകള്‍ യുഡിഎഫ് നേടിയപ്പോള്‍ പത്തിയൂര്‍, ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നും. 1,77,222 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 96,563 സ്ത്രീകളും 80,659 പുരുഷന്‍മാരുമാണ്.
(കെ ജി സന്തോഷ്)
വികസനനേട്ടംകൊണ്ടുവന്ന ഇടതുമുന്നണിയെ മനസ്സിലോര്‍ത്ത് കോതമംഗലം
കോതമംഗലം: മണ്ഡലപുനര്‍നിര്‍ണയത്തോടെ രൂപവും ഭാവവും മാറിയ കോതമംഗലത്ത് തീ പാറുന്ന പോരാട്ടത്തിന് വേദിയൊരുങ്ങി. മണ്ഡലപുനര്‍ക്രമീകരണത്തില്‍ മൂന്നു പഞ്ചായത്തുകള്‍ കോതമംഗലത്ത് നിന്നും വേര്‍പെട്ടപ്പോള്‍ ഇടതുപക്ഷത്തിന് ഗണ്യമായ സ്വാധീനമുള്ള കുട്ടമ്പുഴ, പഞ്ചായത്ത് കോതമംഗലത്തേക്ക് കൂട്ടി ചേര്‍ക്കപ്പെട്ടതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ ബലാബലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കിട വരുത്തിയിരിക്കുന്നത്. കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി, കീരംപാറ, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിലും നഗരസഭയുമുള്‍പ്പെടുന്ന മണ്ഡലത്തില്‍ 72,087 പുരുഷവോട്ടര്‍മാരും 69,414 വനിതാ വോട്ടര്‍മാരുമുള്‍പ്പെടെ 1,41,051 വോട്ടര്‍മാരാണുള്ളത്. ഇടതുമുന്നണിയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായി ജയിച്ച ടി യു കുരുവിളയാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യന്നത്. ജോസഫ് ഗ്രൂപ്പ് മാണി കോണ്‍ഗ്രസില്‍ ലയിച്ചതോടെ ഇടതുപക്ഷത്തിന്റെ ഭാഗമായി വിജയിച്ച കുരുവിള ഐക്യമുന്നണിയുടെ ലാവണത്തില്‍ എത്തുകയായിരുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോകസഭാ ഇലക്ഷനിലും മോധാവിത്വം നേടി വിജയിച്ച ഐക്യമുന്നണിയില്‍ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായഭിന്നത അനുദിനം വര്‍ധിച്ചുവരുന്നത് യു ഡി എഫ് അണികള്‍ക്കിടയില്‍ തന്നെ വന്‍ ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്. പൊതുവേ യു ഡി എഫ് അനുഭാവം പുലര്‍ത്തിവന്ന മണ്ഡലത്തില്‍ 1967 ല്‍ ടി എം മീതിയനും 2006 ല്‍ ടി യു കുരുവിളയും മാത്രമാണ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് ഇതുവരെ വിജയിച്ചിട്ടുള്ളത്. എങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും വര്‍ഗബഹുജന സംഘടനകളുടെയും ശക്തി തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലം മെല്ലെ ഇടതുപക്ഷത്തേക്ക് ചായുന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ പുരോഗമിച്ചതോടെ പ്രാദേശികതലത്തില്‍ യു ഡി എഫ് കക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷം തെരുവിലേക്കെത്തി നില്‍ക്കുകയാണ്. എറണാകുളം ഡി സി സി പ്രസിഡന്റായ വി ജെ പൗലോസിനെ കഴിഞ്ഞതവണ 1814 വോട്ടിന് പരാജയപ്പെടുത്തിയാണ് ടി യ കുരുവിള വിജയിച്ചത്.
സിറ്റിംഗ് സീറ്റെന്ന നിലയില്‍ മണ്ഡലം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കേരളകോണ്‍ഗ്രസ് മാണി വിഭാഗം വാദിക്കുമ്പോള്‍ സീറ്റ് വിടുകൊടുക്കില്ല എന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. കിഴക്കന്‍ മലയോര മേഖലയായ കോതമംഗലത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി മത്‌സരിക്കുന്ന കേണ്‍ഗ്രസ് കേരള കോണ്‍ഗ്രസിന്റെ ശക്തി സംബന്ധിച്ച അതില്‍ കവിഞ്ഞ അവകാശവാദത്തെ കണക്കിലെടുക്കുന്നില്ല. സംസ്ഥാനതലത്തില്‍ സീറ്റ് മാണി വിഭാഗത്തിന് നല്‍കാനുള്ള നീക്കത്തിന് തടയിട്ടുകൊണ്ട് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് നിവേദനം നല്‍കിയിരിക്കുകയാണ് പ്രാദേശിക നേതൃത്വം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെ നഗരമധ്യത്തില്‍ പി ജെ ജോസഫിന്റെയും ടി യു കുരുവിളയുടെയും കോലം കത്തിക്കുന്നതുവരെ പ്രതിഷേധമെത്തികഴിഞ്ഞു. ഏറ്റവും ഒടുവില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ ഇന്ദിരാഭവനില്‍ വ്യാഴാഴ്ച ചേര്‍ന്ന വിപുലമായ ജനറല്‍ ബോഡിയില്‍ കോണ്‍ഗ്രസിതര സ്ഥാനാര്‍ത്ഥി രംഗത്തെത്തിയാല്‍ ഏതു വിധേനയും പരാജയപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പ്രാദേശിക നേതാക്കള്‍ തന്നെ പരസ്യപ്പെടുത്തിയത് പുതിയ വിവാദത്തിന് തുടക്കം കുറിക്കുകയും ചെയ്തു.
എറണാകുളം ജില്ലയില്‍ മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായി വിലയിരുത്തപ്പെടുന്ന പല്ലാരിമംഗലം പഞ്ചായത്തില്‍ ഇത്തവണ അട്ടിമറിക്ക് സാധ്യത ഏറെയാണ്. യു ഡി എഫിലെ രണ്ടാം കക്ഷിയാരെന്ന തര്‍ക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന ലീഗും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത ഇവിടെ യു ഡി എഫിനെ പ്രതിസന്ധിയിലാക്കും. തൃശൂര്‍ വിട്ട് തെക്കോട്ട് കിടക്കുന്ന ജില്ലകളില്‍ കേരള കോണ്‍ഗ്രസിന്റെ ഈ അവകാശവാദത്തിന് ലീഗിന് രാഷ്ട്രീയമായി തിരിച്ചടിക്കാന്‍ കഴിയുന്ന ഏക മണ്ഡലമാണ് കോതമംഗലം. ഇടതുമുന്നണിയുടെ ഭാഗമായി വിജയിച്ച ടി യു കുരുവിള പൊതുമരാമത്ത് വകുപ്പില്‍ മന്ത്രിയായിരുന്നതിനാല്‍ ഒട്ടേറെ വികസനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയുടെ വികസന അജണ്ടയിലൂന്നി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ തന്റെ സ്വകാര്യ നേട്ടമാക്കി അവതരിപ്പിച്ചുകൊണ്ട് ഫലം കൊയ്യാനാണ് കുരുവിളയുടെ ശ്രമം. എന്നാല്‍ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം ബോധ്യപ്പെടുത്തി പ്രചാരണരംഗത്ത് ഒരുമുഴം മുന്നേ ഇടതുമുന്നണി സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ കുരുവിളക്ക് കഴിഞ്ഞില്ല എന്നതും വിമര്‍ശനവിധേയമാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കുട്ടമ്പുഴ, ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന നെല്ലിക്കുഴി, പതിറ്റാണ്ടായി ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള കോട്ടപ്പടി, യു ഡി എഫിലെ ഭിന്നതകൊണ്ട് വിവാദത്തിന്റെ കേന്ദ്ര സ്ഥാനമായ കീരംപാറ പഞ്ചായത്ത്, ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുമ്പോള്‍ യു ഡി എഫ് ക്യാമ്പ് അന്തഛിദ്രം മൂലം ഏറെ ആശങ്കയിലാണ്.
(സീതി മുഹമ്മദ്)
പുതിയ മുഖച്ഛായയോടെ നേമം
പുനസംഘടനയില്‍ പൂര്‍ണമായും മുഖച്ഛായ മാറിയ മണ്ഡലമാണ് നേമം നിയോജകമണ്ഡലം. നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. പുനസംഘടനയില്‍ ഗ്രാമപഞ്ചായത്തുകള്‍ മാറുകയും നഗരസഭ വാര്‍ഡുകള്‍ ഉള്‍പ്പെട്ടതുമാണ് നിലവിലുള്ള നേമം നിയോജകമണ്ഡലം.
1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ഥി എ സദാശിവനെ വിജയിപ്പിച്ച് മണ്ഡലം അതിന്റെ ഇടത് ആഭിമുഖ്യം തെളിയിച്ചു. പി എസ് പിയിലെ വിശ്വംഭരനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. 1960 ല്‍ വിശ്വംഭരന്‍ വിജയം നേടി. 1965 ല്‍ സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച എം സദാശിവനെ കോണ്‍ഗ്രസിലെ നാരായണന്‍ നായര്‍ പരാജയപ്പെടുത്തി. എന്നാല്‍ നിയമസഭ നിലവില്‍ വന്നില്ല. 1967 ലെ തിരഞ്ഞെടുപ്പില്‍ എം സദാശിവന്‍ വീണ്ടും വിജയം നേടി.
1970 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി എസ് പി സ്ഥാനാര്‍ഥി കുട്ടപ്പന്‍ സദാശിവനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു. 1977 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് വരദരാജന്‍ നായരാണിവിടെ വിജയിച്ചത്. പള്ളിച്ചല്‍ സദാശിവനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. 1980 ല്‍ ഇന്ദിരാ കോണ്‍ഗ്രസിലെ ഇ രമേശന്‍ നായര്‍ വരദരാജന്‍ നായരെ പരാജയപ്പെടുത്തി.
1982 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഇവിടെ വിജയിച്ചു. പി ഫക്കീര്‍ഖാനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാളയിലും നേമത്തും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന്‍ നേമം മണ്ഡലത്തില്‍ നിന്നും രാജിവച്ചു. തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെട്ടു. എല്‍ ഡി എഫിലെ വി ജെ തങ്കപ്പനാണ് വിജയിച്ചത്.
1987 ല്‍ വി എസ് മഹേശ്വരപിള്ളയെയും 1991 സ്റ്റാന്‍ലി സത്യനേശനെയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി ജെ തങ്കപ്പന്‍ പരാജയപ്പെടുത്തുകയായിരുന്നു.
1996 ല്‍ വെങ്ങാന്നൂര്‍ ഭാസ്‌കരന്‍ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് 2001 ലും 2006 ലും ഇടതുമുന്നണിയിലെ വെങ്ങാനൂര്‍ ഭാസ്‌കരനെ പരാജയപ്പെടുത്തി എന്‍ ശക്തന്‍ മണ്ഡലം കോണ്‍ഗ്രസ് പക്ഷത്ത് എത്തിച്ചു.
പുനസംഘടനയില്‍ നേമം മണ്ഡലത്തില്‍ മുമ്പുണ്ടായിരുന്ന മലയിന്‍കീഴ്, മാറനല്ലൂര്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപപ്പെട്ട് കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെട്ടു. നഗരസഭയിലെ 37 മുതല്‍ 39 വരെയും 48 മുതല്‍ 58 വരെയും 61 മുതല്‍ 68 വരെയും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ നേമം നിയോജകമണ്ഡലം.
ഇവിടെ ഇടതുപക്ഷത്തിനുള്ള വ്യക്തമായ അടിത്തറ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്ന് കണക്കാക്കപ്പെടുന്നത്.
janayugom 120311
തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കോതമംഗലം, നേമം
ReplyDelete