ജന്‍മിത്വത്തിനും നാടുവാഴിത്വത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ ധീരോദാത്തമായ പോരാട്ടം നടത്തി കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വെള്ളി നക്ഷത്രമായി തിളങ്ങി നില്‍ക്കുന്ന നാദാപുരം മണ്ഡലം വികസനരംഗത്തും കേരളത്തിന് മാതൃകയാവുകയാണ്. എണ്ണമറ്റ കര്‍ഷക സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മലയോര പ്രദേശം ഇന്ന് വികസന മുന്നേറ്റത്തില്‍ പുത്തന്‍ അധ്യായം രചിച്ചിരിക്കുകയാണ്. രാഷ്ട്രീയ സംഘട്ടനങ്ങളുയര്‍ത്തി ഈ പ്രദേശത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനുള്ള വര്‍ഗ്ഗീയ ശക്തികളുടേയും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടേയും നീക്കത്തെ ഒറ്റ മനസ്സോടെ ചെറുത്ത് തോല്പിച്ച് നാദാപുരം തങ്ങളുടെ ഇച്ഛാശക്തി വിളിച്ചറിയിക്കുകയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈ ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് വലതുപക്ഷ ശക്തികള്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും ജനം തകര്‍ത്തെറിഞ്ഞ ചരിത്രമാണുള്ളത്.
നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തില്‍ നാദാപുരം മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വടകര താലൂക്കിലെ എടച്ചേരി, തൂണേരി, ചെക്യാട്, വാണിമേല്‍, വളയം, നാദാപുരം, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് നാദാപുരം മണ്ഡലം. ഇതില്‍ എടച്ചേരി, വളയം, നരിപ്പറ്റ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി എന്നീ ആറ് പഞ്ചായത്തുകള്‍ എല്‍ ഡി എഫാണ് ഭരിക്കുന്നത്. മറ്റ് നാലു പഞ്ചായത്തുകള്‍ യു ഡി എഫ് പക്ഷത്താണ്.
പുതിയ കണക്ക് പ്രകാരം 1,77,204 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. സംസ്ഥാനത്ത് യു ഡി എഫ് അനുകൂല തരംഗം ഉണ്ടായപ്പോഴെല്ലാം നാദാപുരത്ത് എല്‍ ഡി എഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് നാദാപുരത്ത് യു ഡി എഫ് ജയിച്ചത്. 1960ല്‍ ലീഗ് നേതാവ് ഹമീദലി ഷംനാടാണ് യു ഡി എഫിന് മണ്ഡലം നേടിക്കൊടുത്തത്. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 3,356 വോട്ടിന് സി എച്ച് കണാരനാണ് ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിന് തുടക്കമിട്ടത്. 1965ലും അദ്ദേഹം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
1970 മുതല്‍ സിപിഐ പ്രതിനിധികളാണ് നാദാപുരത്ത് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പിഐ നേതാവ് ബിനോയ് വിശ്വം റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ അഡ്വ. എം വീരാന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. 1,25,912 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബിനോയ് വിശ്വം 17,449 വോട്ടിന്റെ ഭൂരിപക്ഷം നേടി.
2010ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണക്ക് പ്രകാരം മണ്ഡലത്തില്‍ യു ഡി എഫ് നേരിയ മുന്നേറ്റം കുറിച്ചെങ്കിലും തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ശക്തമായ മേല്‍ക്കൈ നേടി. മണ്ഡലത്തിലെ 160 ബൂത്തുകളില്‍ നിന്നായി ഒമ്പതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചു.
നാദാപുരത്ത് മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാവുക. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്ന മണ്ഡലത്തിലൊന്നാണ് നാദാപുരം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 510 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ഗതാഗതം, വൈദ്യുതീകരണം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ വമ്പിച്ച കുതിപ്പാണ് മണ്ഡലം കൈവരിച്ചത്.
നാദാപുരം മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലേക്ക് നീങ്ങുകയാണ്. ഇതിനായി സര്‍ക്കാര്‍ ആറരക്കോടി രൂപയാണ് അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപയും വൈദ്യുതി ബോര്‍ഡ് നാലരക്കോടി രൂപയും അനുവദിച്ചു. ഏപ്രില്‍ ആദ്യവാരത്തോടെ മണ്ഡലം സമ്പൂര്‍ണ വൈദ്യുതികരണ പ്രഖ്യാപനം നടത്തും. 165 കോടിയുടെ മൂന്ന് മിനി ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഇതില്‍ പൂഴിത്തോട് പദ്ധതി കമ്മീഷന്‍ ചെയ്തു. വിലങ്ങാട് ചാത്തന്‍ കോട്ട്‌നട പദ്ധതികളുടെപ്രവര്‍ത്തനം നടന്നുവരുന്നു. വൈദ്യുതി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കല്ലാച്ചിയില്‍ ഡിവിഷന്‍ ഓഫീസും പരപ്പുപാറ, തൂണേരി എന്നിവിടങ്ങളില്‍ സെക്ഷന്‍ ഓഫീസും ആരംഭിച്ചു.
വര്‍ഷങ്ങളായി ഭൂമാഫിയയുടെ കയ്യിലായിരുന്ന അരീക്കര കുന്നിലെ 276 ഏക്കര്‍ ഭൂമി മന്ത്രി ബിനോയ് വിശ്വത്തിന്റെ ശ്രമ ഫലമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതില്‍ 60 ഏക്കര്‍ ഭൂമി ബി എസ് എഫ് കേന്ദ്രം തുറക്കാനും 30 ഏക്കര്‍ ഭൂമി നാദാപുരം വികസന പദ്ധതിക്കും സര്‍ക്കാര്‍ വിട്ടു നല്‍കിയിട്ടുണ്ട്. മെഡിസിറ്റി പദ്ധതിക്കായാണ് ഈ സ്ഥലം വിട്ടുനല്‍കിയിട്ടുള്ളത്. ആയുര്‍വ്വേദ-അലോപ്പതി-ഹോമിയോ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്നതാണ് മെഡിസിറ്റി പദ്ധതി. പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു കഴിഞ്ഞു. 250 കോടിരൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. പദ്ധതിയുടെ ഫണ്ട് സമാഹരണത്തിനായി നിക്ഷേപ സംഗമവും ആരംഭിച്ചിട്ടുണ്ട്.
മെഡിസിറ്റിയിലേക്കുള്ള റോഡ് നിര്‍മ്മിക്കുന്നതിന് നാല് കോടിരൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൈവശ കൃഷിക്കാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് 120 ഏക്കര്‍ ഭൂമി മാറ്റി വെച്ചു. ബി എസ് എഫ് കേന്ദ്രത്തിന് ഭൂമി വിട്ടു നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പ്രദേശത്തിന്റെ വികസനത്തിന് വന്‍ കുതിപ്പാണ് നല്‍കിയിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയില്‍ മണ്ഡലത്തില്‍ എടുത്തുപറയത്തക്ക നേട്ടങ്ങള്‍ തന്നെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കൈവരിക്കാനായത്. പുതുതായി അഞ്ച് സ്‌കൂളുകളില്‍ കൂടി പ്ലസ് ടു അനുവദിച്ചു. ചാത്തന്‍കോട്ട് നട എ ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌കൂള്‍, നരിപ്പറ്റ ആര്‍ എന്‍ എം ഹൈസ്‌കൂള്‍, കായക്കൊടി ഹൈസ്‌കൂള്‍, ഉമ്മത്തൂര്‍ എച്ച് എസ് എന്നിവിടങ്ങളിലാണ് പുതുതായി പ്ലസ് ടു അനുവദിച്ചത്. മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കല്ലാച്ചിയില്‍ എല്‍ ബി എസ് സെന്റര്‍, പയന്തോങ്കില്‍ ഐ എച്ച് ആര്‍ ഡി കോളേജ്, കായക്കൊടിയിലും എടച്ചേരിയിലും ഐ എച്ച് ആര്‍ ഡി സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, തൂണേരിയില്‍ ഗവ. ഐ ടി സി, വളയത്ത് ഗവ. ഐ ടി ഐ എന്നിവയും ഈ കാലയളവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
നാദാപുരം ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തി. മൂന്നേകാല്‍ക്കോടി രൂപ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുവദിച്ചു. മാവേലി മെഡിക്കല്‍സ്, എക്‌സ് റേ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവ അനുവദിച്ചു. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ആശുപത്രിക്ക് പുതിയ ആംബുലന്‍സ് വാങ്ങി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആയുര്‍വ്വേദ, ഹോമിയോ, അലോപ്പതി ഡിസ്പന്‍സറികള്‍ അനുവദിച്ചു.
വ്യാവസായിക-തൊഴില്‍ മേഖലകളില്‍ മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള മാറ്റത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. ചെക്യാട് പഞ്ചായത്തിലെ പൂങ്കുളത്ത് മുള സംസ്‌കരണ യൂണിറ്റിന് തുടക്കം കുറിച്ചു. പോള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന 58 ലക്ഷം രൂപ ചെലവില്‍ 36,000 കോഴികളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കി. നാദം പദ്ധതി യാഥാര്‍ത്ഥ്യമായതോടെ 4200 ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യമുണ്ടായി. 420 സ്വയം സഹായ സംഘങ്ങള്‍ മുഖേനയാണ് സ്വയംതൊഴില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്ലാ പഞ്ചായത്തുകകളിലും പദ്ധതിയുടെ ഭാഗമായി കെട്ടിടം പണിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാദം പദ്ധതിക്ക് എസ് ജി എസ് വൈ പദ്ധതി പ്രകാരം 15 കോടിരൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
മണ്ഡലത്തില്‍ റോഡ്, പാലം, കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന് 120 കോടി രൂപ വിനിയോഗിച്ചു. തൊട്ടില്‍പ്പാലത്ത് കെഎസ്ആര്‍ടിസി ഡിപ്പോ നവീകരിച്ചു. എംഎല്‍എ ഫണ്ടില്‍നിന്നും എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപവീതം ഇതിനായി അനുവദിച്ചു. നാദാപുരം-പെരിങ്ങത്തൂര്‍-എയര്‍പോര്‍ട്ട് റോഡിന് 10 കോടിരൂപ അനുവദിച്ചു.
വളരുന്ന നാദാപുരം വിദ്യാഭ്യാസ പദ്ധതി മുഖേന എല്‍ പി മുതല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരെയുള്ള വദ്യാലയങ്ങളില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ അനുവദിച്ചു. 30 സ്‌കൂളുകളില്‍ 34 ലക്ഷം രൂപ ചെലവില്‍ സ്മാര്‍ട്ട് ക്ലാസ് റൂം ആരംഭിച്ചു.
കല്ലുനിരയിലും മുള്ളമ്പത്തും രണ്ട് പുതിയ മാവേലി സ്റ്റോറുകളും മണ്ഡലത്തില്‍ ഒരു മൊബൈല്‍ മാവേലിസ്റ്റോറും പ്രവര്‍ത്തനം തുടങ്ങി. നാദാപുരം ചേലക്കാട് ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചത് ഈ കാലയളവിലാണ്. വനം-ടൂറിസം വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചു. കല്ലാച്ചിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
നാദാപുരത്തെ സംഘര്‍ഷാവസ്ഥയ്ക്കും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും ശാശ്വത പരിഹാരം ലക്ഷ്യമിട്ട് മന്ത്രി ബിനോയ് വിശ്വത്തിന്റെ മുന്‍കൈയ്യില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇവിടെ ഒരു സ്ഥിരം പോലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
കോണ്‍ഗ്രസാണ് കാലാകാലമായി യുഡിഎഫ് ബാനറില്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കിലും ലീഗിന്റെ സ്വാധീനത്തിലാണ് ഇവരുടെ പ്രതീക്ഷ. പഞ്ചായത്ത് തെരഞ്ഞെടുപ്പോടനുബന്ധിച്ച് ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍ തമ്മിലുണ്ടായ അസ്വാരസ്യം നിയമസഭാ തെരഞ്ഞെടുപ്പോടെ വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന വാദവുമായി ലീഗിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ബോംബ് നിര്‍മ്മാണത്തിനിടെ നരിക്കാട്ടേരിയില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ലീഗിന്റെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ചെക്യാട്, വാണിമേല്‍, നാദാപുരം പഞ്ചായത്തുകളിലാണ് ലീഗിന് വേരോട്ടമുള്ളത്. ഇവിടെ കോണ്‍ഗ്രസ്-ലീഗ് സംഘട്ടനം പതിവാണെന്നത് യുഡിഎഫ്‌നേതൃത്വത്തെ അലോസരപ്പെടുത്തുകയാണ്.
സി എച്ച് കണാരനെ കൂടാതെ ഇ വി കുമാരന്‍, എം കുമാരന്‍ മാസ്റ്റര്‍, കാന്തലോട്ട് കുഞ്ഞമ്പു, കെ ടി കണാരന്‍, സത്യന്‍ മൊകേരി എന്നീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നതാക്കളാണ് മുന്‍കാലങ്ങളില്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
(സുനില്‍ മൊകേരി)
janayugam 120311
ജന്‍മിത്വത്തിനും നാടുവാഴിത്വത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ ധീരോദാത്തമായ പോരാട്ടം നടത്തി കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ വെള്ളി നക്ഷത്രമായി തിളങ്ങി നില്‍ക്കുന്ന നാദാപുരം മണ്ഡലം വികസനരംഗത്തും കേരളത്തിന് മാതൃകയാവുകയാണ്. എണ്ണമറ്റ കര്‍ഷക സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മലയോര പ്രദേശം ഇന്ന് വികസന മുന്നേറ്റത്തില്‍ പുത്തന്‍ അധ്യായം രചിച്ചിരിക്കുകയാണ്. രാഷ്ട്രീയ സംഘട്ടനങ്ങളുയര്‍ത്തി ഈ പ്രദേശത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനുള്ള വര്‍ഗ്ഗീയ ശക്തികളുടേയും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടേയും നീക്കത്തെ ഒറ്റ മനസ്സോടെ ചെറുത്ത് തോല്പിച്ച് നാദാപുരം തങ്ങളുടെ ഇച്ഛാശക്തി വിളിച്ചറിയിക്കുകയായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഈ ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തുന്നതിന് വലതുപക്ഷ ശക്തികള്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും ജനം തകര്‍ത്തെറിഞ്ഞ ചരിത്രമാണുള്ളത്.
ReplyDelete