Tuesday, May 29, 2012

കൊലയ്ക്കു പിന്നില്‍ വ്യവസായിയുടെ പക


കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തിയതിലുള്ള വിരോധമാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞു.

അഴിയൂരില്‍ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയതിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്കു കാരണമായതെന്നും പദ്ധതിക്കുവേണ്ടി വന്‍തുക വിനിയോഗിച്ച വ്യവസായിക്ക് ചന്ദ്രശേഖരനോടു പക ഉണ്ടായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി അടുത്തബന്ധം പുലര്‍ത്തുന്ന ആളാണ് ഈ വ്യവസായി. കേസ്ഡയറി പരിശോധിച്ചും പ്രത്യേക അന്വേഷണസംഘവുമായി കൂടിയാലോചിച്ചും ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമല്ലെന്നും വ്യക്തിവിരോധം മൂലമാണെന്നും ഡിജിപിതന്നെ പരസ്യമായി വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി ഇടപെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ജോസി ചെറിയാനെ മാറ്റി അന്വേഷണച്ചുമതല ഡിവൈഎസ്പി കെ വി സന്തോഷ്കുമാറിനു കൈമാറി. ആഭ്യന്തരമന്ത്രിയുടെ ആജ്ഞപ്രകാരം കേസ് രാഷ്ട്രീയ കൊലപാതകമാക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനുമാണ് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്. ഈ കേസില്‍ സിപിഐ എമ്മിനും മലബാര്‍ മേഖലയിലെ നേതാക്കള്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു. കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ ഉദ്ദേശിച്ച ഫലം ഉണ്ടായത് കണക്കിലെടുത്താണ് കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടത്. ആഭ്യന്തരമന്ത്രിയുടെ താല്‍പ്പര്യപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. മനോരമയും മാതൃഭൂമിയും അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നു. സിപിഐ എമ്മിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ നേതാക്കളുടെ പേരുവിവരങ്ങള്‍ നല്‍കുകയാണ്. നീതിനിര്‍വഹണത്തിലും വിചാരണയിലുമുള്ള ഇടപെടലാണ് തെറ്റായ വിവരം പ്രസിദ്ധീകരിക്കുന്നതിലൂടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ്ഭരണം നിലനില്‍ക്കുന്നിടത്തോളംകാലം സത്യം പുറത്തുവരില്ല. മന്ത്രിമാരടക്കമുള്ളവരുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് കേസില്‍ തന്നെ പ്രതിചേര്‍ത്തത്. തന്റെ അറസ്റ്റ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ്. പ്രമേഹരോഗിയായ തനിക്ക് വൈദ്യസഹായം ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയില്ല.

ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 14 ദിവസം പൊലീസ് കസ്റ്റഡിയില്‍വിട്ട മജിസ്ട്രേറ്റിന്റെ നടപടി നിയമപരമല്ല. മെയ്23ന് ഡിവൈഎസ്പിയുടെ മുന്നില്‍ ഹാജരാകാന്‍ ചോമ്പാല സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണില്‍ ആവശ്യപ്പെട്ടതിനാലാണ് പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. സുഹൃത്തുക്കളായ ഭാസ്കരന്‍, പത്മനാഭന്‍ എന്നിവരോടൊപ്പം ഹാജരായ തന്നെ രാത്രി നിയമവിരുദ്ധമായി സ്റ്റേഷനില്‍ തടഞ്ഞുവച്ചു. സുഹൃത്തുക്കളേയോ, അഭിഭാഷകനെയോ, ബന്ധുക്കളേയോ കാണാന്‍ അനുവദിക്കാതെ തൊട്ടടുത്തദിവസം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ചോദ്യംചെയ്യലിനുമുമ്പുതന്നെ താന്‍ കുറ്റസമ്മതം നടത്തിയെന്ന മനോരമയുടെയും മറ്റ് മാധ്യമങ്ങളുടെയും വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊലപാതകത്തെക്കുറിച്ച് അറിവോ, പങ്കോ തനിക്കില്ല. സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ മുഖേനയാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹര്‍ജികള്‍ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

deshabhimani 290512

2 comments:

  1. കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തിയതിലുള്ള വിരോധമാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറിയും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി എച്ച് അശോകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞു.

    ReplyDelete
  2. പറയാന്‍ പറ്റില്ല, ഈ കൊലപാതകം തന്നെ ചിലപ്പോള്‍ മാധ്യമസൃഷ്ടിയായിരിക്കും. അല്ലെങ്കില്‍ പത്രഏജന്റുമാരുടെ സമരം കാരണം വശംകെട്ട മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ തങ്ങളുടെ സര്‍ക്കൂലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഗൂഢാലോചന നടത്തി ടി.പി.യെ വധിക്കാനും സാധ്യതയുണ്ട്. കാക്കത്തൊള്ളായിരം മീഡികള്‍ ഉണ്ടായിട്ടും സത്യം പറയുന്നത് ദേശാഭിമാനിയും കൈരളിയും മാത്രമാണ്. പക്ഷേ ജനം വിശ്വസിക്കേണ്ടേ.

    ReplyDelete