Sunday, May 27, 2012

നേതാക്കളുടെ കാലുപിടിക്കുന്നവര്‍ക്കേ യുഡിഎഫില്‍ സീറ്റുള്ളു: പി സി ജോര്‍ജ്


സുധീരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിനെതിരെ: ഉമ്മന്‍ചാണ്ടി

തൃശൂര്‍: വി എം സുധീരന്റെ പല പ്രസ്താവനകളും യുഡിഎഫ് സര്‍ക്കാരിനെതിരാണെന്നും സുധീരന്‍ പറയുന്നതെല്ലാം ഉള്‍ക്കൊള്ളാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഞങ്ങളെ വിളിച്ച് പറഞ്ഞശേഷമാണ് സുധീരന്‍ പരസ്യമായി പ്രസ്താവനകള്‍ ഇറക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി കെ കെ കൊച്ചുകുട്ടന്‍മാസ്റ്റര്‍ ജന്മശതാബ്ദി ആഘോഷചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചുകുട്ടന്‍ സ്മാരക പുരസ്കാരം സുധീരന് ചടങ്ങില്‍ ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. പി എ മാധവന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ. വി ബാലറാം, ഡോ. കെ പ്രവീണ്‍ലാല്‍, വി കേശവന്‍, ബിന്ദു കുമാരന്‍, സി കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. കെ പി ദേവസി സ്വാഗതവും ടി വി വാസു നന്ദിയും പറഞ്ഞു.

നേതാക്കളുടെ കാലുപിടിക്കുന്നവര്‍ക്കേ യുഡിഎഫില്‍ സീറ്റുള്ളു: പി സി ജോര്‍ജ്

മല്ലപ്പള്ളി: യുഡിഎഫില്‍ നേതാക്കളുടെ കാലുപിടിക്കുന്നവര്‍ക്കെ സീറ്റ് കിട്ടൂവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം തിരുവല്ല നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടായിരുന്നു. വിക്ടര്‍ ടി തോമസിനു പകരം ജോസഫ് എം പുതുശ്ശേരി സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്നു. ലോട്ടറി മാഫിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച എംഎല്‍എയെ ഒഴിവാക്കിയാണ് തിരുവല്ലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്.

വിക്ടര്‍ ടി തോമസ് മാണിയുടെ വീട്ടിലെ സ്ഥിരം താമസക്കാരനായിരുന്നെന്ന് ജോര്‍ജ് പറഞ്ഞു. വിക്ടറിനെ വേദിയില്‍ ഇരുത്തിയായിരുന്നു ഈ പരാമര്‍ശം. ഉടനടി പ്രതികരിച്ച വിക്ടര്‍ താനൊരിടത്ത് മാത്രമേ കിടന്നിട്ടുള്ളുവെന്ന് തിരിച്ചടിച്ചു. എവിടെയൊക്കെ കിടന്നാലും സുഖം ലഭിക്കുന്നവര്‍ക്ക് അങ്ങനെയാകുന്നതില്‍ തനിക്ക് വിരോധമില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ മറുപടി. തനിക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന പി ജെ ജോസഫിനെ എതിര്‍ക്കാത്ത മാണിക്കെതിരെ പാര്‍ടിയിലെ വിമതരെ ഒപ്പം നിര്‍ത്താനാണ് ജോര്‍ജിന്റെ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും മാണിഗ്രൂപ്പിലെ വിമതര്‍ക്കുണ്ട്.

മതതീവ്രവാദത്തെ കോണ്‍ഗ്രസ് എതിര്‍ക്കണം: ആന്റണി

കൊച്ചി: ജാതിയുടെയും മതത്തിെന്‍റയും പേരിലുള്ള തീവ്രവാദം എവിടെ കണ്ടാലും തെറ്റാണെന്നു പറയാന്‍ കോണ്‍ഗ്രസുകാര്‍ ധൈര്യം കാണിക്കണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു ആന്റണി.

മതതീവ്രവാദം അപകടകരമായി ശക്തിപ്രാപിക്കുകയാണ്. എല്ലാ മതത്തിലും ജാതിയിലും വിശ്വസിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍, ഒരു മതത്തോടും ജാതിയോടും സമുദായത്തോടും പ്രത്യേക അടുപ്പവും അകല്‍ച്ചയും കാണിക്കേണ്ടതില്ല. ഡിസിസി ഓഫീസിന് കരുണാകരഭവന്‍ എന്ന് ആന്റണി പേരിട്ടു. സമ്മേളനഹാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ലിഫ്റ്റിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വയലാര്‍ രവിയും നിര്‍വഹിച്ചു. കേന്ദ്രമന്ത്രി കെ വി തോമസ്, ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ്, ടി എച്ച് മുസ്തഫ എന്നിവര്‍ സംസാരിച്ചു.

deshabhimani 270512

1 comment:

  1. യുഡിഎഫില്‍ നേതാക്കളുടെ കാലുപിടിക്കുന്നവര്‍ക്കെ സീറ്റ് കിട്ടൂവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം തിരുവല്ല നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപാകതയുണ്ടായിരുന്നു. വിക്ടര്‍ ടി തോമസിനു പകരം ജോസഫ് എം പുതുശ്ശേരി സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ കൂടുതല്‍ വിജയസാധ്യതയുണ്ടായിരുന്നു. ലോട്ടറി മാഫിയക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച എംഎല്‍എയെ ഒഴിവാക്കിയാണ് തിരുവല്ലയില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്.

    ReplyDelete