Wednesday, May 30, 2012

പിഴുതെറിയാനാവില്ലെന്ന് പ്രഖ്യാപിച്ച്...


കണ്ണൂരിന്റെ മണ്ണിലും ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന കമ്യൂണിസത്തിന് കളങ്കം ചാര്‍ത്താന്‍ അനുവദിക്കില്ലെന്ന് ജനസഹസ്രങ്ങള്‍. മര്‍ദിത ജനവിഭാഗത്തിന്റെ മോചനത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനത്തെ കൊത്തിക്കീറുമ്പോള്‍ പടച്ചട്ട തീര്‍ക്കാന്‍ പാര്‍ടി ബന്ധുക്കളും അനുഭാവികളും ബഹുജനങ്ങളാകെയും ഒന്നിച്ചിറങ്ങുകയാണ്. ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത പാര്‍ടിയെ വെട്ടിക്കീറാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉറക്കം കെടുത്തുന്ന സിപിഐ എം ലോക്കല്‍ റാലികളില്‍ അഭൂതപൂര്‍വ ജനമുന്നേറ്റം. കണ്ണൂരിന്റെ സന്ധ്യക്ക് ചുവപ്പുരാശി പകരുന്ന റാലികളില്‍ ജനം സകുടുംബം അണിചേരുന്ന ആവേശകരമായ അനുഭവമാണെങ്ങും. അവശതകള്‍ മാറ്റിവച്ച് ആദ്യകാല പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് പാര്‍ടിയെ സംരക്ഷിക്കാനുള്ള പടയണിയില്‍ ചേരുന്നത്. സിപിഐ എം ജില്ലാറാലിയിലെ പങ്കാളിത്തം പാര്‍ടി വിരുദ്ധരെ വിറളിപിടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ലോക്കലുകളില്‍ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും സിപിഐ എമ്മിനെ ആക്രമിക്കുന്നവര്‍ക്കുള്ള താക്കീതും പാഠവുമാണ്. പാര്‍ടിയെ കടന്നാക്രമിക്കുന്ന ഘട്ടങ്ങളിലെല്ലാം ഈ പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അനുഭവമുണ്ടാകാറുണ്ട്. ലോക്കല്‍ റാലികളില്‍ ഇതിന്റെ തിരതള്ളലാണ് കാണുന്നത്. നേതാക്കളെയും അംഗങ്ങളെയും പോലെ പാര്‍ടിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന അനുഭാവികളുടെയും ബന്ധുക്കളുടെയും മുന്നില്‍ എല്ലാ ദുഷ്പ്രചാരണങ്ങളും തോറ്റോടുകയാണ്.

വര്‍ഗവഞ്ചകരും വലതുപക്ഷവും തീവ്ര ഇടതുപക്ഷവും മാധ്യമങ്ങളും ഒന്നിച്ചെതിര്‍ത്തിട്ടും കണ്ണൂരില്‍ സിപിഐ എമ്മിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ചരിത്രം. ബദല്‍ രേഖയുടെ പേരില്‍ എം വി രാഘവനെ പാര്‍ടി പുറത്താക്കിയപ്പോള്‍ മാധ്യമങ്ങളെല്ലാം ജില്ലയില്‍ സിപിഐ എമ്മിന്റെ ചരമക്കുറിപ്പെഴുതി. വിരലിലെണ്ണാവുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് രാഘവന്റെ തെറ്റായ നിലപാടിനൊപ്പം നിന്നത്. ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇ എം എസിന്റെയും ഇ കെ നായനാരുടെയും വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും നേതൃത്വത്തില്‍ പാര്‍ടിയെ വെല്ലുവിളിച്ചവരെ ഒറ്റപ്പെടുത്താന്‍ നടത്തിയ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ലോക്കല്‍ റാലികള്‍. പാര്‍ടിയെ കാത്തുരക്ഷിക്കാന്‍ ജീവിതം മാറ്റിവച്ചവര്‍ക്ക് മുന്നില്‍ സിപിഐ എം വിരുദ്ധരുടെ ആയുധങ്ങളുടെ മുനയൊടിയുകയാണ്.

എല്ലാതരം ഭീകരതകളെയും ഒരു പോലെ നേരിട്ടാണ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്ന് പന്തലിച്ചത്. രക്തസാക്ഷിത്വവും സഹനവും സമരവുമെല്ലാം ഈ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമായിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളവും എംഎസ്പിയും കോണ്‍ഗ്രസിന്റെ പൊലീസും ഗുണ്ടകളും ഓരോ ഘട്ടങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടിയെ വേട്ടയാടിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ സിപിഐ എമ്മിനെ അരിഞ്ഞുതള്ളുകയായിരുന്നു. ഇതൊക്കെയും അതിജീവിച്ചാണ് പാര്‍ടി മുന്നേറിയത്. ചില കൊലപാതകങ്ങളുടെ കുറ്റമാരോപിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് പാര്‍ടി കടന്നുവന്ന വഴികളെക്കുറിച്ചാണ്. തോക്കും ലാത്തിയും റെയ്ഡും പീഡനവും ലോക്കപ്പ് മര്‍ദനവും സിപിഐ എമ്മിന് പുത്തരിയല്ല. ഭരണകൂട ഭീകരതയില്‍ പുരുഷന്മാര്‍ വീട് വിട്ടിറങ്ങിയപ്പോള്‍ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ സധൈര്യം മുന്നോട്ട് വന്ന ധീരരായ അമ്മമാരുടെ പിന്മുറക്കാര്‍ക്ക് ചെറുത്ത് നില്‍പിന്റെ പാഠം ആരും പകര്‍ന്ന് കൊടുക്കേണ്ടതില്ല.

സിപിഐ എം സ്വാധീന കേന്ദ്രങ്ങളെ പാര്‍ടി ഗ്രാമങ്ങളെന്ന് ആക്ഷേപിക്കുന്നവര്‍ ജനങ്ങള്‍ കമ്യൂണിസത്തെയും അത് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ടിയെയും മാത്രം എന്തിന് സ്വീകരിച്ചുവെന്ന് മനസ്സിലാക്കണം. എങ്കിലേ സിപിഐ എമ്മിന്റെ പ്രസക്തി മനസ്സിലാവൂ. കൊലയാളികളുടെ പാര്‍ടിയെന്ന് ചിത്രീകരിക്കുന്നവര്‍ മറക്കുന്നത് കണ്ണൂരിലെ ജനലക്ഷങ്ങളെ പുതു ജീവിതത്തിലേക്ക് നയിച്ച പ്രസ്ഥാനത്തെയാണ്. കോണ്‍ഗ്രസും വലതുപക്ഷ പ്രസ്ഥാനങ്ങളും കണ്ണൂരില്‍ ഒറ്റപ്പെട്ടതിന്റെ ചരിത്രം പഠിക്കാന്‍ മുതിര്‍ന്നാല്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് ഒരിക്കലും നാക്കും പേനയും പൊങ്ങില്ല. 25 ന് തുടങ്ങി ജൂണ്‍ അഞ്ചിന് സമാപിക്കുന്ന ലോക്കല്‍ റാലി സിപിഐ എം വിരുദ്ധരെല്ലാം കണ്‍തുറന്ന് കാണുക. ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് അപ്പോള്‍ വ്യക്തമാകും.

deshabhimani 300512

1 comment:

  1. കണ്ണൂരിന്റെ മണ്ണിലും ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന കമ്യൂണിസത്തിന് കളങ്കം ചാര്‍ത്താന്‍ അനുവദിക്കില്ലെന്ന് ജനസഹസ്രങ്ങള്‍. മര്‍ദിത ജനവിഭാഗത്തിന്റെ മോചനത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനത്തെ കൊത്തിക്കീറുമ്പോള്‍ പടച്ചട്ട തീര്‍ക്കാന്‍ പാര്‍ടി ബന്ധുക്കളും അനുഭാവികളും ബഹുജനങ്ങളാകെയും ഒന്നിച്ചിറങ്ങുകയാണ്. ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത പാര്‍ടിയെ വെട്ടിക്കീറാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉറക്കം കെടുത്തുന്ന സിപിഐ എം ലോക്കല്‍ റാലികളില്‍ അഭൂതപൂര്‍വ ജനമുന്നേറ്റം. കണ്ണൂരിന്റെ സന്ധ്യക്ക് ചുവപ്പുരാശി പകരുന്ന റാലികളില്‍ ജനം സകുടുംബം അണിചേരുന്ന ആവേശകരമായ അനുഭവമാണെങ്ങും. അവശതകള്‍ മാറ്റിവച്ച് ആദ്യകാല പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് പാര്‍ടിയെ സംരക്ഷിക്കാനുള്ള പടയണിയില്‍ ചേരുന്നത്. സിപിഐ എം ജില്ലാറാലിയിലെ പങ്കാളിത്തം പാര്‍ടി വിരുദ്ധരെ വിറളിപിടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ലോക്കലുകളില്‍ നടക്കുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും സിപിഐ എമ്മിനെ ആക്രമിക്കുന്നവര്‍ക്കുള്ള താക്കീതും പാഠവുമാണ്. പാര്‍ടിയെ കടന്നാക്രമിക്കുന്ന ഘട്ടങ്ങളിലെല്ലാം ഈ പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അനുഭവമുണ്ടാകാറുണ്ട്. ലോക്കല്‍ റാലികളില്‍ ഇതിന്റെ തിരതള്ളലാണ് കാണുന്നത്. നേതാക്കളെയും അംഗങ്ങളെയും പോലെ പാര്‍ടിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന അനുഭാവികളുടെയും ബന്ധുക്കളുടെയും മുന്നില്‍ എല്ലാ ദുഷ്പ്രചാരണങ്ങളും തോറ്റോടുകയാണ്.

    ReplyDelete