Sunday, May 27, 2012

"അച്ഛന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് "


"അച്ഛന്റെ കൊലപാതകികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. അവരുടെ പിന്തുണയില്ലെങ്കില്‍ ഈ സംഘം നാട്ടില്‍ വിലസില്ലായിരുന്നു. ഭരണമാറ്റത്തോടെ പൊലീസ് ഇവര്‍ക്ക് വീണ്ടും ഒത്താശ ചെയ്യുന്നു."- കോണ്‍ഗ്രസ് നേതാവും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സജിന്‍ലാലും സംഘവും ചവിട്ടിക്കൊന്ന കൃഷ്ണദാസിന്റെ മകന്‍ ബെന്‍സാമിന്റെ പ്രതികരണമാണിത്. സജിന്‍ലാലിന്റെയും ഗുണ്ടാസംഘത്തിന്റെയും ഭീഷണിയെയും അക്രമത്തെയും അതിജീവിച്ച് നിയമപോരാട്ടത്തിലാണ് ബെന്‍സാം. സജിന്‍ലാലിന്റെ വെട്ടേറ്റ് ബെന്‍സാമിനും സുഹൃത്ത് വിനോദിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. ബെന്‍സാം ജോലി ആവശ്യാര്‍ഥം തമിഴ്നാട്ടിലാണ്. ഇടയ്ക്കിടെ നാട്ടിലേക്ക് വരും. അമ്മയും മറ്റ് കുടുംബാംഗങ്ങളും പത്താംകല്ലില്‍നിന്നുവിട്ട് പെരിങ്ങമ്മലയിലാണ് താമസം. അച്ഛന്റെ കൊലപാതകികള്‍ സാക്ഷികളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി ബെന്‍സാം പറഞ്ഞു.

നെയ്യാറ്റിന്‍കരയുടെ ഹൃദയഭൂവില്‍ നടന്ന കൊലപാതക കേസ്, ബിഷപ്സ് ഹൗസ് അക്രമക്കേസ് എന്നിവ ഉള്‍പ്പെടെ എല്ലാം തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചത് ആദ്യം യുഡിഎഫ് കണ്‍വീനറും പിന്നീട് മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയായിരുന്നു. 2005ലെ തിരുവോണനാളില്‍ അത്തപ്പൂക്കളത്തിന്റെപേരില്‍ ഉണ്ടായ പ്രശ്നമാണ് തുടക്കം. അന്ന് മദ്യപിച്ചെത്തിയ സജിന്‍ലാലും സംഘവും മറ്റുള്ളവരെ ആക്രമിച്ചു. ഇതിനെതിരെ പൊലീസില്‍ പരാതി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കൃഷ്ണദാസിനെ ചവിട്ടിക്കൊന്നിട്ടും തീര്‍ന്നില്ല, ക്രിമിനല്‍ സംഘത്തിന്റെ പക. മരണത്തിന്റെ ഒന്നാം വാര്‍ഷികനാളില്‍ സാക്ഷികളുടെ കിണറ്റില്‍ വിഷം കലക്കി. രണ്ടാം വാര്‍ഷികത്തിന് പ്രധാന സാക്ഷിയായ ഫാ. ജെറാള്‍ഡ് മത്യാസിനെ വകവരുത്താന്‍ ബിഷപ്സ് ഹൗസ് ആക്രമിച്ചു. ഇതിനിടയിലും കൃഷ്ണദാസിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍, സമാധാനത്തിന്റെ കാവല്‍ മാലാഖ ചമഞ്ഞ് ഒഞ്ചിയം കൊലപാതകം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിയും യുഡിഎഫും വൃദ്ധന്റെ അരുംകൊലയും കുടുംബത്തിന്റെ അനാഥത്വവും മനഃപൂര്‍വം മറക്കുന്നു. ദേശീയപാതയില്‍ ഇപ്പോഴും ബിഷപ്സ് ഹൗസ് കോണ്‍ഗ്രസ് അക്രമത്തിന്റെ നിത്യസ്മാരകമാണ്. നേരെ എതിര്‍വശത്ത് പാപക്കറകള്‍ മായ്്ക്കാനാകാത്ത സജിന്‍ലാലിന്റെ വീട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആയി പ്രവര്‍ത്തിക്കുന്നു.

deshabhimani 270512

No comments:

Post a Comment