Wednesday, May 30, 2012

തെളിവില്ലാതെ സിബിഐ ഇരുട്ടില്‍ തപ്പുന്നു


ഫസല്‍ വധക്കേസില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാനാകാതെ കേന്ദ്രകുറ്റാന്വേഷണ ഏജന്‍സി. മുനയൊടിഞ്ഞ വാദമുഖങ്ങള്‍ ആവര്‍ത്തിക്കാനല്ലാതെ പുതുതായി എന്തെങ്കിലും അവതരിപ്പിക്കാന്‍ സിബിഐക്കാവുന്നില്ല. സാക്ഷിയായി സമന്‍സ് അയച്ചവരെ പ്രതിയാക്കിയ അത്ഭുതവിദ്യക്ക് ന്യായീകരണമില്ലാതെ ഹൈക്കോടതിയില്‍ സിബിഐ നാണംകെടുകയാണ്. നുണക്കഥകളില്‍ കെട്ടിപ്പൊക്കിയ കള്ളക്കേസാണ് ചീട്ടുകൊട്ടാരംപോലെ പൊളിയുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴും, സിപിഐ എം വിട്ട വിരോധത്തില്‍ കൊലപ്പെടുത്തിയെന്ന പതിവുപല്ലവിയാണ് ആവര്‍ത്തിച്ചത്. പുതിയതെളിവുകളൊന്നും ഹാജരാക്കാനായില്ല. അതിനാലാണ് കോടതി കേസ് ഡയറി വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
ഒരു മാസം മുമ്പ് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിച്ച സീനിയര്‍ ജഡ്ജി ശശിധരന്‍നമ്പ്യാര്‍ കേസ് ഡയറി പരിശോധിച്ചപ്പോള്‍ പ്രതികളാക്കാന്‍ മാത്രം തെളിവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചോദ്യംചെയ്തശേഷമേ പ്രതിയാണോയെന്ന് ഉറപ്പിച്ച് പറയാനാവൂ എന്നായിരുന്നു അന്ന് സിബിഐ നിലപാട്. ഇതിനുശേഷം സംസ്ഥാനരാഷ്ട്രീയത്തിലുണ്ടായ പ്രത്യേകസാഹചര്യത്തിലാണ് എങ്ങനെയും നേതാക്കളെ പ്രതികളാക്കാനുള്ള നീക്കവും കേന്ദ്രമന്ത്രിയുടെ സമ്മര്‍ദവുമുണ്ടായത്. ഒരുഘട്ടത്തിലും സിപിഐ എം അംഗമല്ലാതിരുന്ന ഫസലിനെയാണ് പാര്‍ടിക്കാരനായി നിരന്തരം ചിത്രീകരിക്കുന്നത്. പാര്‍ടി വിട്ടതിന്റെ വിരോധത്തില്‍ കൊലപ്പെടുത്തിയെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നു. പാര്‍ടി വിട്ടവരെയെല്ലാം കൊല്ലുന്നവരാണ് സിപിഐ എമ്മെന്ന് വരുത്തിത്തീര്‍ക്കുകയെന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.

ഫസല്‍ വധം: കേസ്ഡയറി ഹാജരാക്കണമെന്ന് കോടതി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ കേസ്ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്റെ നിര്‍ദേശം. മുദ്രവച്ച കവറില്‍ കേസ്ഡയറി ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ തങ്ങള്‍ക്കെതിരെ വ്യാജതെളിവ് ചമച്ചെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. സിബിഐ ആരോപിക്കുന്ന ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചന എന്ന്, എവിടെ, എപ്പോള്‍, ആരൊക്കെ എന്നതുസംബന്ധിച്ച് വസ്തുതയൊന്നും സിബിഐ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ഏറ്റെടുത്ത് മൂന്നുവര്‍ഷം കഴിഞ്ഞാണ് ഇരുവരെയും പ്രതിചേര്‍ത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

കൊലപാതകത്തില്‍ സിപിഐ എമ്മിനു പങ്കുണ്ടെന്ന് സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് സിബിഐ ആരോപിക്കുന്നത്. ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് എന്‍ഡിഎഫ് ആരോപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പത്ര റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കി. ഫസല്‍ സിപിഐ എം പ്രവര്‍ത്തകന്‍ ആയിരുന്നെന്നതിനോ പാര്‍ടി വിട്ടു എന്നതിനോ തെളിവില്ല. കേട്ടുകേള്‍വി ഇല്ലാത്തതും ജുഡീഷ്യല്‍ മര്യാദയില്ലാത്തതുമായ നടപടിക്രമമാണ് കേസ് അന്വേഷണത്തില്‍ സിബിഐ അവലംബിക്കുന്നത്. ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് സിബിഐ അഭിഭാഷകന്‍ പി ചന്ദ്രശേഖരപിള്ളയ്ക്കെതിരെ നടപടിവേണമെന്നും അഡ്വ. എം കെ ദാമോദരന്‍ ആവശ്യപ്പെട്ടു. പ്രതികളെ ചോദ്യംചെയ്തശേഷം വിട്ടയച്ചെന്നും പിന്നീടാണ് ഇവര്‍ക്കെതിരെ തെളിവുലഭിച്ചതെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു. കേസ്ഡയറി വിശദ പരിശോധനയ്ക്കു വിധേയമാക്കണമെന്നും നേരത്തെ കേസ്ഡയറി പരിശോധിച്ച കോടതി ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും പ്രതിഭാഗം വാദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

deshabhimani 300512

1 comment:

  1. ഫസല്‍ വധക്കേസില്‍ വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാനാകാതെ കേന്ദ്രകുറ്റാന്വേഷണ ഏജന്‍സി. മുനയൊടിഞ്ഞ വാദമുഖങ്ങള്‍ ആവര്‍ത്തിക്കാനല്ലാതെ പുതുതായി എന്തെങ്കിലും അവതരിപ്പിക്കാന്‍ സിബിഐക്കാവുന്നില്ല. സാക്ഷിയായി സമന്‍സ് അയച്ചവരെ പ്രതിയാക്കിയ അത്ഭുതവിദ്യക്ക് ന്യായീകരണമില്ലാതെ ഹൈക്കോടതിയില്‍ സിബിഐ നാണംകെടുകയാണ്. നുണക്കഥകളില്‍ കെട്ടിപ്പൊക്കിയ കള്ളക്കേസാണ് ചീട്ടുകൊട്ടാരംപോലെ പൊളിയുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചപ്പോഴും, സിപിഐ എം വിട്ട വിരോധത്തില്‍ കൊലപ്പെടുത്തിയെന്ന പതിവുപല്ലവിയാണ് ആവര്‍ത്തിച്ചത്. പുതിയതെളിവുകളൊന്നും ഹാജരാക്കാനായില്ല. അതിനാലാണ് കോടതി കേസ് ഡയറി വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

    ReplyDelete