Saturday, May 26, 2012

ആറന്മുള വിമാനത്താവളം: നാട്ടുകാര്‍ക്കൊപ്പം സിപിഐ എം എന്നുമുണ്ടാകും-പിണറായി


ആറന്മുള: നാടിന്റെ ആവാസവ്യവസ്ഥതന്നെ മാറ്റിമറിക്കുന്ന വിമാനത്താവളത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭത്തോടൊപ്പം സിപിഐ എം എന്നുമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

ചെന്നൈ ആസ്ഥാനമായ കെജിഎസ് ഗ്രൂപ്പിന് പിന്നില്‍ ഒരു അദൃശ്യശക്തിയുണ്ട്. അവര്‍ നിസാരക്കാരല്ല. ഈ അദൃശ്യശക്തിയുടെ തെളിവാണ് ഒരു സെന്റ് ഭൂമിപോലുമില്ലാത്ത കെജിഎസ് ഗ്രൂപ്പിന് വിമാനത്താവളത്തിനായുള്ള കേന്ദ്രാനുമതികളെല്ലാം വാങ്ങാന്‍ കഴിഞ്ഞത്. ഐഎന്‍എസ് ഗരുഢയുടെ ഫ്ളയിങ് സോണിന് ഉള്ളില്‍വരുന്ന പ്രദേശമാണ് ആറന്മുള. ഇവിടെ വിമാനത്താവളത്തിന് അനുമതി ലഭിക്കില്ല. അതിനാല്‍ പ്രതിരോധമന്ത്രാലയം ആദ്യം അനുമതി നിഷേധിച്ചു. അതിലും വേഗത്തിലാണ് പിന്നീട് അനുമതി നല്‍കിയത്. വ്യോമയാനവകുപ്പും സ്പുട്നിക്ക് വേഗത്തില്‍ അനുമതി നല്‍കി. പരിസ്ഥിതിവകുപ്പിന്റെ അനുമതി ലഭിച്ചതാണ് ഏറ്റവും അത്ഭുതം. പരിസ്ഥിതിവകുപ്പിനെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്നതാണ് അദൃശ്യശക്തിയെങ്കില്‍ ആ സ്വാധീനം എത്രവലുതാണ്. ആ അദൃശ്യശക്തി ഏതെന്ന് കഴിയുമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തട്ടെ. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ച് പ്രദേശം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചതിനു പിന്നിലും ഒരു കെജിഎസ് ടച്ചുണ്ട്. വ്യവസായ മേഖലയാണെങ്കില്‍ വ്യക്തമായ അതിരുകളുണ്ടാകണം. റിലയന്‍സിന്റെ "ബി ടീം" ആണ് കെജിഎസ്. റിലയന്‍സിന് 15 ശതമാനം ഓഹരി കെജിഎസ് കമ്പനിയിലുണ്ട്. തമിഴ്നാട്ടിലെ വ്യവസായി കുമരന്‍, ആറന്മുളക്കാരന്‍ ജിജി, തമിഴ്നാട്ടുകാരന്‍ ഷണ്‍മുഖം-ഇവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്തതാണ് കെജിഎസ്. ഒരുഭാഗം ഓഹരി റിലയന്‍സിനുമുണ്ട്.

ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഉണ്ടെന്ന് തുടക്കത്തില്‍തന്നെ അവര്‍ കള്ളം പറയുകയായിരുന്നു. വിമാനത്താവളത്തിന് പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒരുവിധ പുരാണനിര്‍മാണവുമില്ലെന്ന് പ്രോജക്ട് റിപ്പോര്‍ട്ടില്‍ കമ്പനി അവകാശപ്പെടുന്നു. പ്രസിദ്ധമായ തിരുവാറന്മുള പാര്‍ഥസാരഥി ക്ഷേത്രവും പള്ളിമുക്കത്ത് മഹാദേവീ ക്ഷേത്രവും ഇതിന് തൊട്ടടുത്താണ്. കവിയൂര്‍ ഗുഹ, നരസിംഹ ക്ഷേത്രം ഇവയും ആറേഴു കിലോമീറ്ററിനുള്ളില്‍ വരും. വിമാനത്താളമുണ്ടാകണമെങ്കില്‍ 1200ഓളം വീടുകള്‍, ചിരപുരാതന ആരാധനാലയങ്ങള്‍, കൃഷിസ്ഥലം എന്നിവ ഇല്ലാതാകും. 5000 പേര്‍ വീടില്ലാത്തവരായി മാറും. 350 ഏക്കര്‍ നെല്‍ വയല്‍ നികത്തും. നാടിന്റെ ആവാസവ്യവസ്ഥ മാറ്റിമറിച്ച് വിമാനത്താവളം വേണ്ട. നാട്ടുകാര്‍ ഒരുമിച്ച് നിന്നപ്പോള്‍ ഗവണ്‍മെന്റിന് പിടിച്ചുനില്‍ക്കാനായില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ അധ്യക്ഷനായി.

deshabhimani 260512

No comments:

Post a Comment