Tuesday, May 29, 2012

അയ്യപ്പദാസിന്റെ അരുംകൊലയ്ക്ക് 31 ന് ഒന്‍പതാണ്ട്


നെഞ്ചില്‍ നെരിപ്പോടുമായൊരമ്മ "എന്തിനായിരുന്നു പൊന്നുമോനെ വെട്ടിനുറുക്കിയത്

കുമളി: പൊന്നുമകന്റെ വേര്‍പാടിന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കമലാക്ഷി ചോദിക്കുകയാണ്- "എന്തിനായിരുന്നു അവരെന്റെ മോനെ വെട്ടിനുറുക്കിയത്" . ആരോടും പരിഭവമില്ലാതിരുന്ന പ്രിയപുത്രന്‍ അയ്യപ്പദാസിന്റെ വേര്‍പാട് വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ കമലാ ഭവനില്‍ ശൂന്യതയാണ് സൃഷ്ടിച്ചത്. മകന്‍ വരുമെന്ന കാത്തിരിപ്പ് ചില നിമിഷങ്ങളില്‍ അമ്മയെ തേടിയെത്തും. എന്നാല്‍ അത് വെറും തോന്നലാണെന്ന് ഞെട്ടലോടെയാണ് കമലമ്മ തിരിച്ചറിയുന്നത്. പിന്നെ ഓര്‍മകള്‍ക്ക് മുമ്പില്‍ വേദനയോടെ വിങ്ങിപ്പൊട്ടും. 71 കാരിയായ വൃദ്ധമാതാവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കാണ് വാക്കുകളുള്ളത്.

2003 മെയ് 31 ന് വൈകുന്നേരത്താണ് അയ്യപ്പദാസിനെ ബാലുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. അയ്യപ്പദാസിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ പാര്‍ടിക്കുണ്ടായ മുന്നേറ്റത്തെ തകര്‍ക്കുകയായിരുന്നു വധത്തിലൂടെ എതിരാളികള്‍ ചെയ്തത്. കൊലചെയ്യപ്പെടുന്ന ദിവസവും രാവിലെ പതിവുപോലെ തന്റെ കൈയില്‍ നിന്നും ബസ് യാത്രയ്ക്കുള്ള ചില്ലറയും വാങ്ങിയാണ് മോന്‍ വണ്ടിപ്പെരിയാറിന് പോയതെന്ന് ഓര്‍ക്കുമ്പോള്‍ മാതൃഹൃദയം വിങ്ങിപ്പൊട്ടുന്നു. അയ്യപ്പദാസിനെ വളരെ പ്രതീക്ഷയോടെയാണ് വളര്‍ത്തിയത്. പഠനത്തിലും, വായനയിലും മികവ് കാട്ടിയ മകനെ നന്നായി പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാനായിരുന്നു മോഹം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനുള്ള വഴിയായിരുന്നു അയ്യപ്പദാസ് തെരഞ്ഞെടുത്തത്. ആരോടും പരിഭവമില്ലാത്ത അയ്യപ്പദാസ് നാട്ടുകാരുമായും നല്ല സൗഹൃദത്തിലായിരുന്നു. അയ്യപ്പദാസിന്റെ സാമൂഹ്യപ്രതിബദ്ധതയും നല്ല പെരുമാറ്റവും സത്യസന്ധതയും ഏവരേയും പ്രിയപ്പെട്ടവനാക്കി മാറ്റിയതായും കമലാക്ഷി പറയുന്നു. ദിവസവും രാത്രി പത്തിന് മുമ്പായി അയ്യപ്പദാസ് വീട്ടിലെത്തുമായിരുന്നു. വീട്ടിലെത്താന്‍ താമസിച്ചാല്‍ അമ്മ വേവലാതിപ്പെടാതിരിക്കാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യും. ഓര്‍മകള്‍ അവശേഷിപ്പിച്ച് അയ്യപ്പദാസ് എന്നന്നേക്കുമായി നഷ്ടപ്പെട്ട വിവരം മകന്റെ ഫോണ്‍വിളിയും കാത്തിരുന്ന അമ്മ അറിയുന്നത് പിറ്റേന്ന് മൃതദേഹം വീട്ടിലെത്തിയപ്പോഴാണ്. അയ്യപ്പദാസിനെ വെട്ടിനുറുക്കി കൊന്നവരെ വെറുതെ വിട്ടപ്പോഴും കമലാക്ഷി പറഞ്ഞത് ദൈവം അവരോട് ചോദിച്ചുകൊള്ളുമെന്നാണ്. ബാലു വധവുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചപ്പോള്‍ അതിദാരുണമായി അയ്യപ്പദാസിനെ കൊന്ന സംഭവത്തെ കാണാതിരിക്കുകയായിരുന്നു മാധ്യമങ്ങളെന്നും കമലാക്ഷി ഓര്‍ക്കുന്നു.

വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ കമലാഭവന്റെ മുന്നില്‍ തീര്‍ത്ത കുഴിമാടത്തിനരികെ അയ്യപ്പദാസിനെക്കുറിച്ചുള്ള മായാത്ത ഓര്‍മകളില്‍ കമലയുടെ ഹൃദയം നെടുവീര്‍പ്പിടാത്ത ദിവസങ്ങളില്ല. മകനെ കൊന്നിട്ടും പകതീരാതെ വീണ്ടും വേട്ടയാടാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഈ അമ്മയുടെ മനസില്‍ നീറ്റലുണ്ടാക്കിയിരുന്നു. അയ്യപ്പദാസിന്റെ കൊലയാളികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും നീറുന്ന മനസുമായാണ് ഈ അമ്മ ഓര്‍ക്കുന്നത്.

ചെറുപ്രായത്തില്‍ തന്നെ വായനയില്‍ താത്പര്യം കാണിച്ച അയ്യപ്പദാസിന് ഇതിലൂടെയുണ്ടായ തിരിച്ചറിവാണ് വിപ്ലവപ്രസ്ഥാനത്തിലെത്തിച്ചത്. വണ്ടിപ്പെരിയാറില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസ ശേഷം കായംകുളത്താണ് പഠിച്ചത്. ഇവിടെ നിന്നും രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. കായംകുളത്ത്വച്ച് എസ്എഫ്ഐയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പഠനശേഷം വണ്ടിപ്പെരിയാറില്‍ എത്തി പാര്‍ടി പ്രവര്‍ത്തനത്തില്‍ മുഴുകി. ഡിവൈഎഫ്ഐ പെരിയാര്‍ മേഖലാ സെക്രട്ടറി, പീരുമേട് ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001 ല്‍ വണ്ടിപ്പെരിയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം കലാസാംസ്കാരിക രംഗത്തും സജീവമായിരുന്നു. 1998-2000 കാലയളവില്‍ എല്‍ഡിഎഫ് ഭരണത്തില്‍ ടി കെ രാമകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫിലും അംഗമായി. പാര്‍ടി ഏല്‍പ്പിക്കുന്ന ഏതൊരു ചുമതലയും ആത്മാര്‍ഥമായും സത്യസന്ധമായും പൂര്‍ത്തീകരിക്കുകയെന്നത് സഖാവിന്റെ പ്രത്യേകതയായിരുന്നു.

deshabhimani 290512

1 comment:

  1. പൊന്നുമകന്റെ വേര്‍പാടിന് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കമലാക്ഷി ചോദിക്കുകയാണ്- "എന്തിനായിരുന്നു അവരെന്റെ മോനെ വെട്ടിനുറുക്കിയത്" . ആരോടും പരിഭവമില്ലാതിരുന്ന പ്രിയപുത്രന്‍ അയ്യപ്പദാസിന്റെ വേര്‍പാട് വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്തെ കമലാ ഭവനില്‍ ശൂന്യതയാണ് സൃഷ്ടിച്ചത്. മകന്‍ വരുമെന്ന കാത്തിരിപ്പ് ചില നിമിഷങ്ങളില്‍ അമ്മയെ തേടിയെത്തും. എന്നാല്‍ അത് വെറും തോന്നലാണെന്ന് ഞെട്ടലോടെയാണ് കമലമ്മ തിരിച്ചറിയുന്നത്. പിന്നെ ഓര്‍മകള്‍ക്ക് മുമ്പില്‍ വേദനയോടെ വിങ്ങിപ്പൊട്ടും. 71 കാരിയായ വൃദ്ധമാതാവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കാണ് വാക്കുകളുള്ളത്.

    ReplyDelete