Tuesday, May 29, 2012

പിത്രോഡയെ ഇറക്കി വികസന കണ്‍കെട്ട്


നടക്കാത്ത വാഗ്ദാനങ്ങളിലൂടെ ഒരു വര്‍ഷം തികച്ച ഉമ്മന്‍ ചാണ്ടി വികസന കണ്‍കെട്ട് വിദ്യയുമായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ രംഗത്തിറക്കി. നൂറുദിന കര്‍മപരിപാടി, ഒരുവര്‍ഷ കര്‍മപദ്ധതി, സപ്തധാര പദ്ധതി, ബജറ്റിലെ പാഴായ പ്രഖ്യാപനങ്ങള്‍ എന്നിവയ്ക്കു പിന്നാലെയാണ് സാം പിത്രോഡയുടെ പത്തിന വികസന ഇന്ദ്രജാലം. സ്വകാര്യ പങ്കാളിത്തമാണ് സാം പിത്രോഡയുടെ വികസന ഒറ്റമൂലി. കേരളത്തെ വികസിപ്പിക്കാന്‍ പത്ത് നിര്‍ദേശമാണ് പിത്രോഡ മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം ഇത് നടപ്പാക്കാന്‍ സംസ്ഥാനത്തിന്റെ കൈയില്‍ പണമില്ലെന്നും സ്വകാര്യ മൂലധനിക്ഷേപകരെ കൊണ്ടുവരണമെന്നുമാണ് പിത്രോഡയുടെ ഉപദേശം. തിരുവനന്തപരുത്ത് നോളജ് സിറ്റി സ്ഥാപിക്കണമെന്നതാണ് വികസനത്തിനുള്ള മുഖ്യനിര്‍ദേശങ്ങളിലൊന്ന്. ഇവിടെ സര്‍വകലാശാല, ആശുപത്രി, സ്കൂള്‍ തുടങ്ങിയവ ഉണ്ടാകും. വിദേശത്തുനിന്നടക്കം മൂലധനിക്ഷേപം ലക്ഷ്യമിടുന്ന നോളജ് സിറ്റി വിദേശ സര്‍വകലാശാലകളെ സംസ്ഥാനത്ത് കുടിയിരുത്താനുള്ള ഉപായമാണ്. ജനുവരിയില്‍ പിത്രോഡ പത്ത് നിര്‍ദേശം വച്ചു. 90 ദിവസം കഴിഞ്ഞ് അവലോകനം വച്ചിരുന്നു. ഇതിനാണ് തിങ്കളാഴ്ച പിത്രോഡയും സംഘവും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും തലസ്ഥാനത്ത് സമ്മേളിച്ചത്.

ലോകശ്രദ്ധപിടിച്ചു പറ്റിയ കേരളത്തിന്റെ വികസനമാതൃക മറച്ചുപിടിച്ചാണ് പി്രതോഡ മോഡല്‍ വികസനപെരുമ്പറ. തീരദേശജലപാതയാണ് പത്തിനങ്ങളിലൊന്ന്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ജലപാതയുടെ പ്രവൃത്തി നല്ല രീതിയില്‍ പുരോഗമിക്കുകയായിരുന്നു. യുഡിഎഫ് വന്നശേഷമാണ് ഇത് സ്തംഭിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാതെയാണ് പുതിയ കാര്യമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത്. ജലപാതയില്‍ കപ്പല്‍ഗതാഗതം പിത്രോഡ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി അനിശ്ചിതത്വത്തിലാക്കിയാണ് തീരദേശത്ത് കപ്പലോടിക്കാന്‍ ഉമ്മന്‍ചാണ്ടിയും പിത്രോഡയും വരുന്നത്.

പത്തിനങ്ങളില്‍ പി്രതോഡ ആദ്യം കൈകാര്യം ചെയ്യുന്ന അഞ്ച് പദ്ധതികളില്‍ മാലിന്യസംസ്കരണവും ഉള്‍പ്പെടുന്നു. ശുചിത്വത്തിന് ഒട്ടേറെ പുരസ്കാരങ്ങള്‍ വാങ്ങിയ കേരളം ഇപ്പോള്‍ മാലിന്യപ്പുഴയില്‍ മുങ്ങിയിരിക്കുകയാണ്. തലസ്ഥാനഗരം അടക്കം മാലിന്യക്കൂമ്പാരമായി മാറി. ഇതിന് എന്തെങ്കിലു പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. എല്ലാം നഗരസഭയുടെ ചുമതലയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സാം പിത്രോഡയെ മാലിന്യസംസ്കരണപദ്ധതിയുമായി ഇറക്കിയിരിക്കുന്നത്. ഇ ഗവേണന്‍സാണ് പിത്രോഡയുടെ വികസനസൂത്രങ്ങളില്‍ മറ്റൊന്ന്. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിക്കുകയും വിവിധ വകുപ്പുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തതാണ്. തന്ത്രപൂര്‍വം ഇക്കാര്യം മറച്ചുവച്ചു. അതിവേഗ റെയില്‍ ഇടനാഴിയും എല്‍ഡിഎഫ് മുന്നോട്ടുവച്ച പദ്ധതിതന്നെ. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയേ കേരളത്തെ രക്ഷിക്കാനാവൂ എന്നാണ് പിത്രോഡയെ കൊണ്ടുവന്ന് ഉമ്മന്‍ചാണ്ടി പറയിപ്പിക്കുന്നത്. സ്വകാര്യവല്‍ക്കരണം മാത്രമാണ് ആശ്രയമെന്നും യുഡിഎഫ് വാദിക്കുന്നു. മുന്‍ യുഡിഎഫ് ഭരണകാലത്ത് ഉയര്‍ന്ന അതേ ആശയമാണിത്. അന്ന് സംസ്ഥാനത്തെ പൊതുമേഖലാവ്യവസായങ്ങള്‍ വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചു. ഈ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് ഭരണത്തിലാണ് ലാഭത്തിലേക്ക് നീങ്ങിയത്. ഇതേ സ്ഥാപനങ്ങളിലേക്ക് വീണ്ടും കണ്ണുവച്ചിരിക്കുകയാണ് യുഡിഎഫ്.
(കെ എം മോഹന്‍ദാസ്)

deshabhimani 290512

1 comment:

  1. നടക്കാത്ത വാഗ്ദാനങ്ങളിലൂടെ ഒരു വര്‍ഷം തികച്ച ഉമ്മന്‍ ചാണ്ടി വികസന കണ്‍കെട്ട് വിദ്യയുമായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ രംഗത്തിറക്കി. നൂറുദിന കര്‍മപരിപാടി, ഒരുവര്‍ഷ കര്‍മപദ്ധതി, സപ്തധാര പദ്ധതി, ബജറ്റിലെ പാഴായ പ്രഖ്യാപനങ്ങള്‍ എന്നിവയ്ക്കു പിന്നാലെയാണ് സാം പിത്രോഡയുടെ പത്തിന വികസന ഇന്ദ്രജാലം.

    ReplyDelete