Sunday, May 27, 2012

കൊച്ചി സമുദ്രഭാഗം അതീവ ജാഗ്രതാ മേഖലയായത് ദുരൂഹം


മത്സ്യബന്ധന ബോട്ടിനെക്കാള്‍ നാലിരട്ടി വേഗത്തില്‍ സഞ്ചരിച്ച ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലക്സിയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ചത് പ്രകോപനമില്ലാതെയാണെന്ന് സംഭവം അന്വേഷിച്ച സംഘത്തില്‍ അംഗമായിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്സ് ചെയര്‍മാന്‍ എം പി ജോണ്‍ പറഞ്ഞു. മര്‍ക്കന്‍റ്റൈല്‍ മറൈന്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസറായിരിക്കെയാണ് എം പി ജോണ്‍ ഡയറക്ടറേറ്റ് ഓഫ് മറൈന്‍ ഷിപ്പിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സഹകരിച്ചത്. കടലിലെ വെടിവയ്പ് സംബന്ധിച്ച് കുസാറ്റിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയറിങ്ങില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിവയ്ക്കുമ്പോള്‍ 12-14 നോട്ടിക്കല്‍ മൈല്‍ വേഗത്തിലായിരുന്നു ഇറ്റാലിയന്‍ കപ്പല്‍. ഇന്ത്യന്‍ മത്സ്യബന്ധനബോട്ട് 4-6 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും. കപ്പലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നും ബോട്ടില്‍നിന്നുണ്ടായില്ല. സംഭവമുണ്ടായ സമുദ്രഭാഗം ബ്രിട്ടന്റെ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേഷന്‍ വിജ്ഞാപനപ്രകാരം കടല്‍ക്കൊള്ളയ്ക്ക് ജാഗ്രത പുലര്‍ത്തേണ്ട ഭാഗമാണ്. കടല്‍ക്കൊള്ളയുടെ ചരിത്രമൊന്നുമില്ലാത്ത ഈ സമുദ്രഭാഗം എങ്ങിനെ അതീവ ജാഗ്രതാ പ്രദേശമായി എന്നതും ദുരൂഹം.

വെടിയുതിര്‍ക്കുമ്പോള്‍ത്തന്നെ ക്യാപ്റ്റന്‍ വിവരമറിഞ്ഞു. ബോട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ നിലവിളിയും ഒച്ചയും കേട്ട ക്യാപ്റ്റന്‍ ആദ്യം എമര്‍ജന്‍സി സൈറണ്‍ മുഴക്കി. ഇതൊരു മോക്ക്ഡ്രില്‍ അല്ലെന്നും നമ്മെ കടല്‍ക്കൊള്ളക്കാര്‍ ശരിക്കും ആക്രമിക്കുകയാണെന്നും മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. കപ്പലിന്റെ വേഗം കൂട്ടാനും നിര്‍ദേശംനല്‍കി. അരമണിക്കൂറിനിടയില്‍ ഇതെല്ലാം നടന്നു. അപ്പോഴേക്കും കപ്പലിന്റെ വേഗം 16 നോട്ടിക്കല്‍ മൈലായി കൂടുകയും കപ്പല്‍ അതിവേഗം രംഗം വിടുകയുമായിരുന്നെന്ന് എം പി ജോണ്‍ പറഞ്ഞു.

സംഭവത്തില്‍നിന്ന് കപ്പലിന്റെ ഉടമയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ചര്‍ച്ച ഉദ്ഘാടനംചെയ്ത് റിട്ട. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. അന്തര്‍ദേശീയ നിയമങ്ങള്‍ പ്രകാരം കേസ് കൈകാര്യം ചെയ്യണമെന്നും ക്രിമിനല്‍ കേസായതിനാല്‍ കോടതിക്കുപുറത്ത് ഇത് ഒത്തുതീര്‍പ്പാക്കാനാകില്ലെന്നും അഡ്വ. തുഷാര ജെയിംസ് പറഞ്ഞു. കൊച്ചി പോര്‍ട്ടിനുവേണ്ടി കേസില്‍ ഹാജരായത് തുഷാര ജെയിംസാണ്. വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, ഡോ. എ എം വര്‍ക്കി, ക്യാപ്റ്റന്‍ ജോസ്കുട്ടി തോമസ്, ഡോ. കെ എ സൈമണ്‍, പ്രൊഫ. എന്‍ ഗംഗാധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 270512

No comments:

Post a Comment