Saturday, May 26, 2012

കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു


കല്‍പ്പറ്റ: കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ശ്രീകൃഷ്ണനിവാസില്‍ നാരായണന്‍കുട്ടി(55) ആണ് വീടിനകത്ത് തൂങ്ങിമരിച്ചത്.ഇഞ്ചി കൃഷി ചെയ്ത വകയിലുണ്ടായ കനത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നെല്‍കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 300 കോടി

കോട്ടയം/പാലക്കാട്: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക 300 കോടി രൂപ. സപ്ലൈകോ സംഭരിച്ച നെല്ല് വിലയാണ് കര്‍ഷകര്‍ക്ക് ഇനിയും നല്‍കാത്തത്. ബജറ്റില്‍ ആവശ്യത്തിന് തുക വകയിരുത്താതിരുന്നതാണ് കുടിശ്ശിക വരാന്‍ കാരണം. 650 കോടിരുപ ആവശ്യമുള്ളപ്പോള്‍ 75 കോടി മാത്രമാണ് ബജറ്റില്‍ അനുവദിച്ചത്. 125 കോടി അടിയന്തരമായി അനുവദിക്കണമെന്ന് സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭരണ വിഹിതമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു 100 കോടി രൂപ നല്‍കാനുണ്ട്.

ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ കുടിശ്ശിക. പണം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ആലപ്പുഴയില്‍ 1,55,000 ടണ്‍ നെല്ല് സംഭരിച്ചതായാണ് കണക്ക്. 125 കോടിയാണ് കുടിശ്ശിക. ഇതുവരെയുള്ള വിതരണം 70 കോടിയും. പാലക്കാട്ട് 2,16,000 ടണ്‍ സംഭരിച്ചു. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ച ഇവിടെ കുടിശ്ശിക 84 കോടിയുണ്ട്. 160 കോടിയാണ് ഇതുവരെയുള്ള വിതരണം. 59,600 ടണ്‍ നെല്ല് തൃശൂരില്‍ നിന്ന് സംഭരിച്ചു. 30 കോടി നല്‍കാനുണ്ട്. കോട്ടയത്ത് 45 കോടിയാണ് കുടിശിക. 65,500 ടണ്‍ സംഭരിച്ചതില്‍ 72 കോടി രൂപ കൊടുത്തു. ഏപ്രില്‍ പകുതിക്കുശേഷം ചില്ലിക്കാശ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. പത്തനംതിട്ടയില്‍ പത്തുകോടിയും എറണാകുളത്ത് ഒരു കോടിയും കുടിശ്ശികയുണ്ട്. പത്തനംതിട്ടയില്‍ 8000 ടണ്ണും എറണാകുളത്ത് 1600 ടണ്ണും സംഭരിച്ചു. 7000 ടണ്‍ സംഭരിച്ച മലപ്പുറത്ത് 64 ലക്ഷം കൂടി കൊടുക്കാനുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സംഭരണം തുടങ്ങി. 2011 സെപ്തംബര്‍ മുതല്‍ മെയ് 23 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ നെല്ലുസംഭരണം 5.16 ലക്ഷം ടണ്‍ കവിഞ്ഞു. റെക്കോഡ് വിളവെടുപ്പാണിത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്ല് വില കിലോയ്ക്ക് ആറു രൂപയില്‍നിന്ന് ആദ്യം ഏഴായും പടിപടിയായി 15 രൂപ വരെയും വര്‍ധിപ്പിച്ചു. സപ്ലൈകോയ്ക്ക് നെല്ല് നല്‍കുന്നവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടിലേക്ക് പണം കൊടുത്ത് എല്‍ഡിഎഫ് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്നു. കൃഷി ആദായകരമാക്കിയതോടെ കര്‍ഷകന് പാടത്തിറങ്ങാന്‍ ധൈര്യമായി.

deshabhimani 260512

1 comment:

  1. കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

    ReplyDelete