Tuesday, May 29, 2012
നിഷ്പക്ഷത എന്ന ഒളിവാള്‍പ്രയോഗം
കത്തിരാഷ്ട്രീയം എന്ന പേരില്‍ മെയ് 28ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ ആദരണീയയായ ലീലാവതിടീച്ചര്‍ എഴുതിയ കുറിപ്പ് വല്ലാതെ നിരാശപ്പെടുത്തി. കക്ഷികള്‍ക്കുവേണ്ടി വിടുപണി ചെയ്യാത്തവര്‍ക്ക് പേടിക്കാനൊന്നുമില്ല എന്ന ടീച്ചറുടെ തുടക്കത്തിലെ പ്രസ്താവനയുടെ സത്യസന്ധതയ്ക്ക്, തുടര്‍ന്നുള്ള വിലയിരുത്തലിലെ തികഞ്ഞ വിഭാഗീയത കാര്യമായ ഇളക്കം തട്ടിക്കുന്നുണ്ട്.
കലാലയങ്ങളിലെ കക്ഷിരാഷ്ട്രീയത്തില്‍ ചോരക്കളി പതിവായതിനെക്കുറിച്ച് കണ്ണൂരിലെ ഒരു കോളേജിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ടീച്ചര്‍ പറയുന്നു. കണ്ണൂരിലെ കലാലയത്തില്‍ ഒരു സംഘട്ടനസന്ദര്‍ഭത്തില്‍ ഇടപെട്ടതിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ പറയുന്ന സ്നേഹവും അനുനയവും വിവേകവും നിഷ്പക്ഷതയും ലേഖനത്തില്‍ പല സന്ദര്‍ഭത്തിലും പ്രകടമാകുന്നില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ചൊട്ടയിലെ ശീലം ചുടലവരെ എന്ന പേരില്‍, കക്ഷിരാഷ്ട്രീയത്തില്‍ പയറ്റി ശങ്കകള്‍ ഒഴിഞ്ഞ മനസ്സുമായി പുറത്തെത്തുന്ന ചെറുപ്പക്കാര്‍ പിന്നീട് രാഷ്ട്രീയക്കൊലയാളികളാകുമെന്ന് ടീച്ചര്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. ടീച്ചറോളം അധ്യാപനപരിചയമോ വിദ്യാര്‍ഥിബന്ധമോ അവകാശപ്പെടുന്നില്ല. എന്നാലും ക്യാമ്പസ് രാഷ്ട്രീയത്തിന്റെപേരില്‍ കേരളമൊട്ടാകെ അപകീര്‍ത്തിക്കിരയാകുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത്. (അവിടത്തെ പൂര്‍വവിദ്യാര്‍ഥിയുമാണ്). യൂണിവേഴ്സിറ്റി കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന അപവാദങ്ങളിലെ അര്‍ഥശൂന്യത, ആ ക്യാമ്പസിനെ അനുഭവത്തിലൂടെ അറിഞ്ഞ വ്യക്തി എന്ന നിലയില്‍ എനിക്കു തിരിച്ചറിയാനാകും. സര്‍ഗാത്മകചിന്തകള്‍ ഉണരുകയും വികസിക്കുകയും ചെയ്യുന്ന ക്യാമ്പസുകളെ ചോരക്കളമായി ചിത്രീകരിക്കാന്‍ വെമ്പുന്ന മനസ്സുകളെയോര്‍ത്ത് അത്ഭുതം തോന്നാറുണ്ട്. നമ്മുടെ വിദ്യാര്‍ഥികള്‍ പൗരബോധവും രാഷ്ട്രീയധാരണയും (ടീച്ചര്‍ പരാമര്‍ശിക്കുന്ന കക്ഷിരാഷ്ട്രീയമല്ല; കത്തിരാഷ്ട്രീയം അല്ലേയല്ല) ഉള്ളവരായി വളര്‍ന്നുവരുന്നതില്‍ അധ്യാപികയെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജ് ഇന്ന് ലഹരിവിമുക്ത ക്യാമ്പസാണ്; റാഗിങ് വിമുക്ത ക്യാമ്പസാണ്. അത് സൃഷ്ടിച്ചത് അവിടത്തെ വ്യക്തമായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. ക്യാമ്പസുകളില്‍ മയക്കുമരുന്നും മദ്യവും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും വ്യാപകമാകുന്നത് ടീച്ചര്‍ അറിയുന്നുണ്ടെന്നുതന്നെ ധരിക്കട്ടെ. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍, ജീവിതത്തെ നേരിടാനാകാതെ ഭീരുക്കളായി ആത്മഹത്യയിലഭയം പ്രാപിക്കുന്ന പ്രവണത വര്‍ധിക്കുന്നതും ടീച്ചര്‍ അറിയുന്നുണ്ടല്ലോ. (കക്ഷി) രാഷ്ട്രീയമാണ് അതിനു കാരണമെന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന ക്യാമ്പസുകളിലാണ് ഇതെല്ലാം താരതമ്യേന കൂടുതലെന്ന് ടീച്ചര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നുതന്നെ കരുതട്ടെ. അതിന് വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുണ്ട്.
കത്തിരാഷ്ട്രീയം ഏതെങ്കിലുമൊരു കക്ഷിക്കുമാത്രമുള്ളതായിരുന്നില്ല എന്ന് നിരീക്ഷിക്കുന്ന ടീച്ചര്‍ മലബാറിലെ എബിവിപിയെയും എസ്എഫ്ഐയെയും പേരെടുത്തു പരാമര്‍ശിക്കുന്നുണ്ട്. അവര്‍ വേട്ടക്കാരും ഇരകളും ആയിരുന്നെന്നു പറയുന്ന ടീച്ചര്‍, മറ്റൊരു വിദ്യാര്‍ഥിസംഘടനയുടെ പേര് വെളിപ്പെടുത്താതെ ലഘൂകരിച്ച് അതിനെ പരാമര്‍ശിക്കുകയാണ് ചെയ്യുന്നത്. (""വലതിലെ മറ്റു ചിലരും കത്തിയുമേന്തി കലാലയത്തില്‍ പോകാന്‍ മടിച്ചിരുന്നില്ലെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണല്ലോ സൈമണ്‍ ബ്രിട്ടോ""). ആ വിദ്യാര്‍ഥിസംഘടനയുടെ പേരു പറയുന്നതില്‍ നിന്ന് ടീച്ചറെ തടയുന്ന "ധാര്‍മികത" എന്താണെന്ന് വ്യക്തമാകുന്നില്ല. ടീച്ചര്‍ അവകാശപ്പെടുന്ന "നിഷ്പക്ഷത"യ്ക്കിവിടെ സാരമായ കോട്ടം തട്ടി.
ടീച്ചറുടെ വാക്കുകള്‍ ഇങ്ങനെ:
കോണ്‍ഗ്രസിനോടൊരു ചായ്വ് പുലര്‍ത്തുന്നത് അവിടെയുള്ളവരെല്ലാം മഹാത്മാഗാന്ധിമാരാണെന്ന ധാരണയിലല്ല. ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി അവര്‍ സാമാന്യേന കരുതുന്നില്ല എന്ന വിശ്വാസം മൂലമാണ്. കൊല കൊണ്ട് ശത്രുക്കളെ ഉന്മൂലനം ചെയ്യാമെന്നും കൊലയ്ക്കു കൊടുക്കല്‍ കൊണ്ട് രക്തസാക്ഷികളെ സൃഷ്ടിച്ച് കക്ഷി വളര്‍ത്താമെന്നും നിര്‍ദാക്ഷിണ്യനയമായി സ്വീകരിച്ചുപോന്നിട്ടുള്ളത് ഇടതുകക്ഷികളാണ്. അതുകൊണ്ടാണ് മാര്‍ക്സിസത്തിന്റെ ലക്ഷ്യം ഭദ്രമാണെന്ന ഉറച്ച വിശ്വാസമുണ്ടായിട്ടും ഇടതുകക്ഷികളോടൊട്ടിനില്‍ക്കാന്‍ ബുദ്ധിവ്യാപാരനിരതരില്‍ പലരും ഒരുങ്ങാത്തത്.""
ഈ നിരീക്ഷണം പക്ഷപാതപരമെന്നു മാത്രമല്ല, യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. "നിര്‍ദാക്ഷിണ്യനയം" ഇടതുകക്ഷികള്‍ സ്വീകരിച്ചിരിക്കുന്നതായി ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ് ടീച്ചര്‍ പ്രസ്താവിക്കുന്നത്? ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി കരുതുന്നില്ലെന്ന വിശ്വാസത്താല്‍ കോണ്‍ഗ്രസിനോട് ചായ്വ് പുലര്‍ത്തുന്ന ടീച്ചര്‍ക്ക് കത്തിയുമായി ക്യാമ്പസില്‍ വരുന്ന "വലതിലെ മറ്റു ചിലര്‍" അസ്വസ്ഥതയുണ്ടാക്കുന്നില്ല. ഇടതുകക്ഷികളെ പരസ്യമായി പിന്തുണച്ച എത്രയോ പ്രഗത്ഭരായ സാഹിത്യനായകരും സാംസ്കാരികനായകരും ബുദ്ധിജീവികളും ഉണ്ടായിരുന്നെന്നും ഇപ്പോഴുമുണ്ടെന്നും ഉള്ള യാഥാര്‍ഥ്യത്തെ തമസ്കരിച്ചാണ് ടീച്ചര്‍ ഇങ്ങനെ രേഖപ്പെടുത്തുന്നത്. അത്തരക്കാരെ ബുദ്ധിവ്യാപാരനിരതരായി ടീച്ചര്‍ അംഗീകരിക്കില്ല എന്നു കരുതാനുള്ള മൗഢ്യം തീര്‍ച്ചയായും എനിക്കില്ല.
കൂത്തുപറമ്പില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച അഞ്ചു ചെറുപ്പക്കാരെ ഇടതുകക്ഷികള്‍ക്കു നഷ്ടപ്പെട്ടത് കൊലയ്ക്കു കൊടുത്തിട്ടാണോ? പാതിരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു ചെറുപ്പക്കാരനെ പ്രായംചെന്ന അച്ഛനമ്മമാരുടെ മുന്നില്‍വച്ച് കൊത്തിനുറുക്കിയത് ഇടതുകക്ഷികള്‍ കൊലയ്ക്കുകൊടുത്തിട്ടാണോ? മറ്റുചിലത് ടീച്ചര്‍ ഓര്‍ത്തുപറയുമ്പോള്‍ ഇത്തരം ക്രൂരതകള്‍ മറന്നുപോയതാണെന്നു കരുതാന്‍ വയ്യ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍പോലും ഇടതുപക്ഷത്തെ വിമര്‍ശിക്കാനുള്ള അവസരം ടീച്ചര്‍ ഉപയോഗിക്കുന്നു. വിവിധ ഇടതുപക്ഷ സര്‍ക്കാരുകള്‍ എടുത്ത നല്ല തീരുമാനങ്ങളിലൊന്നായിരുന്നു ടീച്ചറുടെ സംഭാവനകളെ അംഗീകരിച്ച് എഴുത്തച്ഛന്‍ പുരസ്കാരം നല്‍കിയത് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ചൈനയിലെ ചത്വരത്തില്‍ "ടാങ്കിനടിയില്‍ ചതഞ്ഞരഞ്ഞവരെക്കുറിച്ചും അവരുടെ അമ്മമാരുടെ കണ്ണുനീരിനെക്കുറിച്ചും" ടീച്ചര്‍ ഓര്‍മിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ക്രൂരതയില്‍ കൊന്നൊടുക്കപ്പെട്ടതും അനാഥരാക്കപ്പെട്ടതുമായ ലിബിയയിലെയും ഇറാക്കിലെയും കുഞ്ഞുങ്ങളെ നമുക്ക് വിസ്മരിക്കാനാകുമോ ടീച്ചര്‍?
മുസ്ലിങ്ങളാണെന്ന ഒറ്റക്കാരണത്താല്‍ ഭരണകൂടഭീകരതയ്ക്കിരയാക്കപ്പെട്ട ഗുജറാത്തിലെ ആയിരങ്ങളെ മറക്കാനാകുമോ? മാത്രമല്ല, ഹിംസാമാര്‍ഗത്തെ ഒറ്റമൂലിയായി കരുതുന്നില്ലെന്ന് ടീച്ചര്‍ വിലയിരുത്തുന്ന ഒരു കക്ഷി നേതൃത്വംനല്‍കുന്ന ഭരണകൂടമാണ് ഇറോം ശര്‍മിളയുടെ നിരാഹാരസമരത്തെ (ഗാന്ധിയന്‍ സമരമാര്‍ഗം) കാണാതിരിക്കുന്നതെന്നും കൊലനിയമം നടപ്പാക്കുന്നതെന്നും ടീച്ചര്‍ക്ക് മനസ്സിലാകാതെയല്ലല്ലോ..!!
ടീച്ചറുടെ വസ്തുനിഷ്ഠത സാഹിത്യപഠനങ്ങളില്‍ മാത്രമാണ് എന്നു ധരിച്ചിരുന്നില്ല. ഭാവനയുടെയോ കേട്ടുകേള്‍വിയുടെയോ അടിസ്ഥാനത്തില്‍ നിഗമനങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്ന ബുദ്ധിവ്യാപാരനിരതരുടെ കൂട്ടത്തില്‍ ടീച്ചര്‍കൂടി ഉള്‍പ്പെടുന്നതില്‍ വിഷമമുണ്ട്. ചങ്ങല തീര്‍ക്കുന്നവരെയും പ്രഹരമേല്‍പ്പിക്കുന്നവരെയും അതിന്റെ ഫലമായ വിലക്കും വേദനയും അനുഭവിക്കുന്നവരെയും വേര്‍തിരിച്ചുകാണാന്‍ ടീച്ചര്‍ തയ്യാറാകുന്നില്ലെന്നത് അത്യന്തം ഖേദകരമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ കുറിപ്പ് നിഷ്പക്ഷതയുടെ പേരിലുള്ള ഒരു ഒളിവാള്‍ പ്രയോഗമായി തോന്നിപ്പോകുന്നുവെന്ന് വിനയപൂര്‍വം പറഞ്ഞുകൊള്ളട്ടെ.
ഡോ. പി എസ് ശ്രീകല deshabhimani 300512
Labels:
ഓഞ്ചിയം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
കത്തിരാഷ്ട്രീയം എന്ന പേരില്‍ മെയ് 28ലെ മാതൃഭൂമി ദിനപ്പത്രത്തില്‍ ആദരണീയയായ ലീലാവതിടീച്ചര്‍ എഴുതിയ കുറിപ്പ് വല്ലാതെ നിരാശപ്പെടുത്തി. കക്ഷികള്‍ക്കുവേണ്ടി വിടുപണി ചെയ്യാത്തവര്‍ക്ക് പേടിക്കാനൊന്നുമില്ല എന്ന ടീച്ചറുടെ തുടക്കത്തിലെ പ്രസ്താവനയുടെ സത്യസന്ധതയ്ക്ക്, തുടര്‍ന്നുള്ള വിലയിരുത്തലിലെ തികഞ്ഞ വിഭാഗീയത കാര്യമായ ഇളക്കം തട്ടിക്കുന്നുണ്ട്.
ReplyDelete