ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് യുഡിഎഫും പൊലീസും നടത്തുന്ന വേട്ടയില്‍ സിപിഐ എം തകര്‍ന്നുവെന്ന് കരുതിയവര്‍ക്ക് താക്കീതായി ആയിരങ്ങളുടെ മാര്‍ച്ച്. സിപിഐ എമ്മിന് പങ്കില്ലാത്ത സംഭവത്തിന്റെ പേരില്‍ പാര്‍ടിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അപവാദവും നുണപ്രചാരണവും അഴിച്ചുവിട്ട് ആശയക്കുഴപ്പമുണ്ടാക്കി തളര്‍ത്താമെന്ന് കരുതിയ വിരുദ്ധശക്തികളെ ഞെട്ടിക്കുന്നതായി ശനിയാഴ്ച വടകരയില്‍ നടന്ന എസ് പി ഓഫീസ് മാര്‍ച്ച്. നിരോധനാജ്ഞയുള്ളതിനാല്‍ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ മേഖലയില്‍ പാര്‍ടിക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ല. ഭീഷണിയും അക്രമവുംമൂലം പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സൈ്വരമായി ജീവിക്കാനാവുന്നില്ല. ഇതിന് പുറമെയാണ് പാര്‍ടി നേതാക്കളെയാകെ അറസ്റ്റ്ചെയ്യുന്നത്. ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റ്ചെയ്തതോടെ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന വ്യാമോഹത്തിലാണ് പാര്‍ടിവിരുദ്ധസംഘം.
യുഡിഎഫ് നേതൃത്വത്തില്‍ വലതുപക്ഷമാകട്ടെ വടകര കേന്ദ്രീകരിച്ച് തുടര്‍ച്ചയായി സിപിഐ എം വിരുദ്ധ വിഷംചീറ്റുന്നു. ഉപവാസങ്ങളും പ്രകടനവും ധര്‍ണയുമായി സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് ആക്ഷേപിക്കുന്നു. ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന -ജില്ലാനേതൃത്വങ്ങള്‍ വ്യക്തമാക്കിയതാണ്. നിഷ്ഠുരമായ കൊലയെ അപലപിക്കയും പ്രതിഷേധിക്കയും ചെയ്തതോടൊപ്പം കുറ്റവാളികളെ പിടിക്കാന്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാല്‍ വലതു-മാധ്യമസംഘം കള്ളപ്രചാരണം തുടരുകയാണ്.
ഇത്തരക്കാര്‍ക്ക് ശക്തമായ താക്കീതായി എസ്പി ഓഫീസ് മാര്‍ച്ച്. സ്ത്രീകളും, യുവതി-യുവാക്കളും വൃദ്ധരും ഒരേമനസോടെയാണ് ചെങ്കൊടിയുമായി മാര്‍ച്ച്ചെയ്തത്. കള്ളക്കേസെടുത്തും വീടുതകര്‍ത്തും അറസ്റ്റ്ചെയ്ത് ജയിലിടച്ചും പീഡിപ്പിക്കാം എന്നാല്‍ ഞങ്ങള്‍ കമ്യൂണിസ്റ്റുകാരായി ജീവിക്കും, പ്രസ്ഥാനം ഈ നാടിന്റെയും ജനതയുടെയും ഹൃദയവികാരമാണെന്ന സന്ദേശമാണ് ഇതില്‍ പ്രകടമായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു എസ്പി ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചത്. വെറും 36 മണിക്കൂറിന്റെ ഇടവേളമാത്രം. എന്നാല്‍ തുടര്‍ച്ചയായി പരിപാടികളില്‍ പങ്കെടുത്തതിന്റെ പ്രയാസമൊന്നും കണക്കിലെടുക്കാതെ ആവേശത്തോടെ സമരവീര്യത്തോടെയാണ് പ്രവര്‍ത്തകരും അനുഭാവികളുമെത്തിയത്. മാര്‍ക്സിസ്റ്റ്വിരുദ്ധശക്തിള്‍ വെല്ലുവിളിക്കുമ്പോള്‍ കാഴ്ചക്കാരും ആസ്വാദകരുമല്ല ഈ പാര്‍ടിയുടെ സംരക്ഷകരായി, കാവല്‍ഭടന്മാരായി ഞങ്ങളുണ്ടെന്നാണ് ആയിരങ്ങള്‍ പ്രഖ്യാപിച്ചത്. ദേശീയപാതയിലൂടെ രണ്ടുകിലോമീറ്റര്‍ പ്രകടനമായി നീങ്ങിയാണ് സ്ത്രീകളടക്കം ബഹുജനങ്ങളെത്തിയത്. രാവിലെതന്നെ ബസ്സ്റ്റാന്‍ഡ്, റെയില്‍വെസ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലടക്കം പൊലീസിനെ വിന്യസിച്ചിരുന്നു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംരക്ഷകരായ ഗോഡ്ഫാദര്‍മാരുണ്ടാകില്ലെന്ന് സിപിഐ എമ്മിനെ അടിച്ചമര്‍ത്താനൊരുങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. രാഷ്ട്രീയം കളിക്കുന്ന പൊലീസുകാര്‍ ഇത് മറക്കരുത്. ജൂണ്‍ 15-ന് നെയ്യാറ്റിന്‍കരയിലെ ഫലം വരും. അതോടെ സംരക്ഷകരായ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആ സ്ഥാനത്തുകാണില്ല. നെയ്യാറ്റിന്‍കര വിധിവരുന്നതോടെ രാഷ്ട്രീയമാറ്റമുണ്ടാകും. അതിനാല്‍ സിപിഐ എമ്മിനെ വേട്ടയാടാന്‍ ചാടിയിറങ്ങിയിരിക്കുന്നവര്‍ വല്ലാത്ത രാഷ്ട്രീയാവേശം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കരീം പറഞ്ഞു. വടകര റൂറല്‍ എസ് പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയും പ്രമുഖനേതാക്കള്‍ ഉള്‍പ്പെടാനുണ്ടെന്നാണ് അന്വേഷണസംഘത്തിലെ ഡിവൈഎസ്പി കഴിഞ്ഞ ദിവസം വാര്‍ത്താചാനലുകാരനോട് പറഞ്ഞത്. കസ്റ്റഡിയിലെടുക്കുന്നവരെ പീഡിപ്പിക്കുന്നതിന്റെ നേതൃത്വമിപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷിനാണ്. മറ്റു ചില ഉദ്യോഗസ്ഥരുമുണ്ട്. കോണ്‍ഗ്രസുകാരുടെ നിര്‍ദേശപ്രകാരം പാര്‍ടിപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതും വീട് തപ്പുന്നതുമായ പണി നിര്‍ത്തുന്നതാണ് നല്ലത്. കോണ്‍ഗ്രസിന്റെ താളത്തിന് തുള്ളുന്നതും യുഡിഎഫുകാരായി മാറുന്നതും പൊലീസുകാര്‍ക്ക് ചേര്‍ന്നതല്ല. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ്ങ് കോളേജില്‍ വിദ്യാര്‍ഥികളെ വെടിവച്ച അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളയെ ഉമ്മന്‍ചാണ്ടിക്ക്പോലും സ്വന്തം ഭരണത്തില്‍ സംരക്ഷിക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മറക്കരുത്. ഒഞ്ചിയത്തെ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും ക്ഷമയുടെ നെല്ലിപ്പടി കണ്ടിരിക്കയാണ്. അക്രമത്തെ നേരിടാനറിയാഞ്ഞിട്ടല്ല. പക്ഷേ പൊലീസിന്റെ സംരക്ഷണയും തണലും അക്രമികള്‍ക്ക് നല്‍കുന്നത് അനുവദിക്കാനാവില്ല. നിയമാനുസൃതമായ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് യാതൊരുഭയവും എതിര്‍പ്പുമില്ല. പൊലീസിന്റെ കൈ ബന്ധിക്കാതെ അന്വേഷണത്തിനുള്ള അവസരം നല്‍കണം. മുന്‍കൂര്‍ പ്രതികളെ പ്രസ്താവിച്ചുള്ള അന്വേഷണമാണിപ്പോള്‍. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി അരങ്ങേറുന്നത് സിപിഐ എമ്മിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ്. നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ക്കുടുക്കി നശിപ്പിക്കാനാണ് നീക്കം. മാധ്യമങ്ങളും ഒരുവിഭാഗം പൊലീസുകാരും സൃഷ്ടിക്കുന്ന കള്ളക്കഥക്കനുസരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നതനുസരിച്ചാണ് കേസ് നീക്കുന്നതെങ്കില്‍ അതിന് കീഴടങ്ങാന്‍ തയ്യാറല്ല.
സിപിഐ എമ്മിനെ തോല്‍പിക്കാന്‍ തെരഞ്ഞെടുപ്പില്‍ ബലം പരീക്ഷിച്ച് അസാധുവിനോട് പരാജയപ്പെട്ട സംഘമാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധം ആഘോഷിക്കുന്നത്. ഇവര്‍ മാധ്യമങ്ങളിലും യുഡിഎഫിലും സ്വാധീനിച്ച് പാര്‍ടിയെ ഇതോടെ നശിപ്പിക്കാമെന്ന മോഹത്തിലാണ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് കണ്ടാണ് കേസില്‍ ഇടപെടുന്നത്. അന്വേഷണത്തിന്റെ പേരില്‍ മനുഷ്യാവകാശലംഘനമാണിന്ന് തുടരുന്നത്. ചാരക്കേസടക്കം മാധ്യമങ്ങള്‍ പ്രതികളാക്കിയ വാര്‍ത്തകളും സംഭവങ്ങളും സമൂഹം മറന്നിട്ടില്ലെന്നും കരീം പറഞ്ഞു.
വടകരയില്‍ അക്രമമുണ്ടാകുമെന്ന് മാധ്യമങ്ങളുടെ പ്രചാരണം
വടകര: സിപിഐ എം സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ചില്‍ അക്രമം അഴിച്ചുവിടുമെന്ന് മാധ്യമങ്ങളുടെ നുണപ്രചാരണം.ഒരുവിഭാഗം ചാനലുകളും പത്രങ്ങളുമാണ് ശനിയാഴ്ച മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുമെന്ന് പ്രചരിപ്പിച്ചത്. പൊലീസും ഈ കള്ളപ്രചാരണത്തിന് കൂട്ടുനിന്നു. അക്രമമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്ന രൂപത്തില്‍ മാധ്യമം പത്രവും വാര്‍ത്തയും നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റമുണ്ടാകും, ചാനല്‍ വാഹനങ്ങള്‍ അക്രമിക്കാന്‍ നീക്കം എന്നിങ്ങനെ പലവിധ വാര്‍ത്തകളാണ് പ്രചരിച്ചത്. എന്നാല്‍ ഏഴായിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ നേരിയ പ്രകോപനം പോലുമുണ്ടായില്ല. തികഞ്ഞ അച്ചടക്കത്തോടെയും സമാധാനപരവുമായണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കാളികളായത്.
യുദ്ധസന്നാഹത്തോടെയാണ് പൊലീസ് നിലയുറപ്പിച്ചത്. ദേശീയപാതയില്‍ പുതുപ്പണത്ത് എസ്പി ഓഫീസിലേക്കുള്ള റോഡില്‍ വടംകെട്ടി ബാരിക്കേഡ് നിരത്തിയിരുന്നു. ജലപീരങ്കികളും റോഡിലിറക്കിവെച്ചു. തോക്കടക്കമുള്ള സര്‍വസന്നാഹങ്ങളുമായി ആയിരത്തോളം പൊലീസുകാരാണുണ്ടായത്. ആളുകളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അപായ സൂചന നല്‍കുന്ന ചുവന്ന കൊടികളുമായി വെടിവെപ്പിനുള്ള ഒരുക്കമുണ്ടെന്ന് കാണിക്കും വിധമായിരുന്നു പൊലീസുകാര്‍ നിരന്നത്. വടകര റവന്യൂറിക്കവറി തഹസില്‍ദാര്‍ രാജനെ എക്സി. മജിസ്ട്രേറ്റായും കൊണ്ടുവന്നിരുന്നു. ഡിവൈഎസ്പിമാരായ ജയ്സണ്‍ എബ്രഹാം, രഘുറാം, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി പി സദാനന്ദന്‍, സിഐ മാരായ പി ശശികുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.
അന്വേഷണത്തില്‍ മുല്ലപ്പള്ളി നിരന്തരം ഇടപെടുന്നു
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ വഴി നിര്‍ണയിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്നു. സിപിഐ എം നേതാക്കളെ അന്വേഷണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കുന്നത് മുല്ലപ്പള്ളിയാണെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രത്യേക അന്വേഷകസംഘത്തില്‍നിന്ന് മുല്ലപ്പള്ളി നിരന്തരം അന്വേഷണവിവരം തിരക്കുന്നുണ്ട്. ആര്‍എംപി നേതാക്കളെയും മുല്ലപ്പള്ളി രഹസ്യമായി സന്ദര്‍ശിക്കുന്നു. ഇവര്‍ മുല്ലപ്പള്ളിക്ക് നല്‍കുന്ന പട്ടികയനുസരിച്ചാണ് സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുക്കലും ചോദ്യംചെയ്യലും അറസ്റ്റ് ചെയ്യുന്നതുമെല്ലാം.
രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മുല്ലപ്പള്ളിയുടെ കണ്ണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണ വടകരയില്‍നിന്ന് ജയിച്ച മുല്ലപ്പള്ളിക്ക് ഇനി ഇവിടെ ജയിക്കാനാകില്ലെന്ന് നന്നായറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ അറുപതിനായിരത്തിലധികം വോട്ട് എല്‍ഡിഎഫ് കൂടുതല്‍ നേടിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയ മുല്ലപ്പള്ളി, ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി സീറ്റ് ഉറപ്പിക്കാനാകുമോ എന്നാണ് നോക്കുന്നത്. മുല്ലപ്പള്ളിയുടെ അത്യുത്സാഹം സംശയത്തോടെയാണ് കോണ്‍ഗ്രസിലെ എ വിഭാഗം സമീപിക്കുന്നത്. ഒഞ്ചിയം മേഖലയില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയി സിപിഐ എമ്മിനെ ഒതുക്കാന്‍ നേതൃത്വം നല്‍കുന്നതും മുല്ലപ്പള്ളിയാണ്. നിരോധനാജ്ഞ പിന്‍വലിക്കരുതെന്ന് മുല്ലപ്പള്ളി ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലശേരിയിലെ ഫസല്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതികളാക്കിയതിനുപിന്നിലും മുല്ലപ്പള്ളിയാണ്. സിബിഐയില്‍ സമ്മര്‍ദം ചെലുത്തി സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് മുല്ലപ്പള്ളി കരുക്കള്‍ നീക്കുന്നത്.
രാമകൃഷ്ണന് വൈദ്യസഹായം നല്‍കണം: കോടതി
വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡിലായ സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന് വൈദ്യസഹായം നല്‍കാന്‍ കോടതി ഉത്തരവ്. വടകര മജിസ്ട്രേറ്റ് എം ഷൊഹൈബാണ് വൈദ്യസഹായം നല്‍കാന്‍ ജയില്‍സൂപ്രണ്ടിന് നിര്‍ദേശിച്ചത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രാമകൃഷ്ണന് രക്തസമ്മര്‍ദമടക്കം പലവിധ രോഗങ്ങളുമുണ്ട്. സന്ദര്‍ശനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ രാധ നല്‍കിയ ഹര്‍ജിയും ജാമ്യാപേക്ഷയും അഭിഭാഷകസാന്നിധ്യത്തിലേ ചോദ്യംചെയ്യാവൂ എന്നീ ഹര്‍ജികളും 29ന് പരിഗണിക്കും. വെള്ളിയാഴ്ച അറസ്റ്റ്ചെയ്ത രാമകൃഷ്ണനെ ശനിയാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് വടകര സബ്ജയിലിലേക്ക് അയച്ചു.
എംഎല്‍എമാര്‍ ഉള്‍പ്പെടെ 2000 പേര്‍ക്കെതിരെ കേസ്
വടകര: റൂറല്‍ എസ്പി ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തിയതിന് എംഎല്‍എമാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസ്. എംഎല്‍എമാരായ എളമരം കരീം, എ പ്രദീപ്കുമാര്‍, കെ കെ ലതിക, കെ കുഞ്ഞമ്മദ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പി കുഞ്ഞമ്മദ്കുട്ടി, എം മെഹബൂബ്, സി ഭാസ്കരന്‍, ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍ എന്നിവരെയും കണ്ടാലറിയാവുന്ന രണ്ടായിരം പേരെയുമാണ് പ്രതിചേര്‍ത്തത്.
കെ വി തോമസ് ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തല
കൊച്ചി: സാധാരണ എല്ലാ കേസിലും കയറി ഇടപെടുന്ന ആളാണെങ്കിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്രസഹമന്ത്രി പ്രൊഫ. കെ വി തോമസ് ഇടപെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ അന്വേഷിച്ചു. കേസില്‍ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നാണ് അറിയാന്‍കഴിഞ്ഞത്. അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും താനോ യുഡിഎഫ് നേതാക്കളോ കേന്ദ്രമന്ത്രിമാരോ ഇടപെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് എറണാകുളം ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തല പറഞ്ഞു.
ചന്ദ്രശേഖരന്‍ വധം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അന്വേഷകസംഘം രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തു. സിപിഐ എം തലശേരി ഏരിയാകമ്മിറ്റി അംഗം മാഹിയിലെ പുത്തലത്ത്പൊയില്‍ രാമകൃഷ്ണന്‍ (65), കണ്ണൂര്‍ മൂഴിക്കരയിലെ അബി (23) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തൊമ്പതായി. 2010 ജനുവരിയില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ ചോമ്പാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇരുവരെയും പ്രതികളാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഈ കേസിന്റെ അന്വേഷണവും എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. അബിക്ക് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. ചുമട്ടുതൊഴിലാളി മൂലക്കടവ് പാണ്ടിവയലിലെ അജേഷ് എന്ന കജൂറിനെയും (25) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോലിക്കിടയില്‍ വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ മൂലക്കടവില്‍വച്ചാണ് അജേഷിനെ മഫ്ടിയിലെത്തിയ പൊലീസുകാര്‍ സ്വകാര്യവാഹനത്തില്‍ ബലമായി പിടിച്ചുകൊണ്ടുപോയത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന 65-കാരനായ രാമകൃഷ്ണനെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് മാഹിയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിലെത്തി ഭര്‍ത്താവിനെ ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുപോയത് ആരാണെന്നു പോലും അറിഞ്ഞില്ലെന്ന് ഭാര്യ രാധ പറഞ്ഞു. പിന്നീട് പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് കസ്റ്റഡി വിവരം അറിയുന്നത്.
അഞ്ചു വര്‍ഷമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് രാമകൃഷ്ണന്‍. വൈകിട്ട് പ്രത്യേക അന്വേഷക സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഹൗസിലെത്തിയ മക്കളായ വിജേഷിനെയും രേഷ്മയെയും രാമകൃഷ്ണനെ കാണാന്‍ അനുവദിച്ചില്ല. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജനും കെ പി സഹദേവനും എത്തിയശേഷമാണ് രാമകൃഷ്ണനെ കാണാന്‍ മക്കളെ അനുവദിച്ചത്.
deshabhimani 270512
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് യുഡിഎഫും പൊലീസും നടത്തുന്ന വേട്ടയില്‍ സിപിഐ എം തകര്‍ന്നുവെന്ന് കരുതിയവര്‍ക്ക് താക്കീതായി ആയിരങ്ങളുടെ മാര്‍ച്ച്. സിപിഐ എമ്മിന് പങ്കില്ലാത്ത സംഭവത്തിന്റെ പേരില്‍ പാര്‍ടിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അപവാദവും നുണപ്രചാരണവും അഴിച്ചുവിട്ട് ആശയക്കുഴപ്പമുണ്ടാക്കി തളര്‍ത്താമെന്ന് കരുതിയ വിരുദ്ധശക്തികളെ ഞെട്ടിക്കുന്നതായി ശനിയാഴ്ച വടകരയില്‍ നടന്ന എസ് പി ഓഫീസ് മാര്‍ച്ച്. നിരോധനാജ്ഞയുള്ളതിനാല്‍ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ മേഖലയില്‍ പാര്‍ടിക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ല. ഭീഷണിയും അക്രമവുംമൂലം പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സൈ്വരമായി ജീവിക്കാനാവുന്നില്ല. ഇതിന് പുറമെയാണ് പാര്‍ടി നേതാക്കളെയാകെ അറസ്റ്റ്ചെയ്യുന്നത്. ഒഞ്ചിയം ഏരിയാസെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റ്ചെയ്തതോടെ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന വ്യാമോഹത്തിലാണ് പാര്‍ടിവിരുദ്ധസംഘം.
ReplyDeleteപഴയ ഒരു പഴം ചൊല്ലുണ്ട് ... അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും നായ്ക്കാണ് മുറുമുറുപ്പ്!!!
ReplyDeleteനിരോധനാജ്ഞയുള്ളതിനാല്‍ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ മേഖലയില്‍ പാര്‍ടിക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ല."ഇത്ത്രയേറെ പ്രവര്‍ത്തിച്ചത് പോരെ ?"
ഈ അണികളെ വേണം പറയാന്‍ ... എന്ത് തെമ്മാടിത്തരം ഈ നേതാക്കന്‍മാര്‍ കാണിച്ചാലും ഇവര്‍ അന്ധമായി പിന്തുണക്കും .... കഷ്ടം... വിവേകമില്ല..