Sunday, May 27, 2012

മന്ത്രി ഉദ്ഘാടനത്തിനെത്തിയത് ഊടുവഴിയിലൂടെ


എസ്എഫ്ഐയുടെ പ്രതിഷേധത്തെ ഭയന്ന് മന്ത്രി പി കെ അബ്ദുറബ്ബ് ഊടുവഴിയിലൂടെ ഉദ്ഘാടന ചടങ്ങിനെത്തി. ദേശീയപാതയില്‍ മന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണ് മന്ത്രി വളഞ്ഞ വഴിയിലൂടെ എത്തിയത്. മതിലകം കാതിക്കോടുള്ള അല്‍അഖ്സ പബ്ലിക് സ്കൂളിലെ ഇ കെ സെയ്തുക്കുഞ്ഞി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കുക എന്ന ആവശ്യവുമായാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മതിലകം പുതിയകാവിലും പുന്നക്കുരുബസാറിലും മന്ത്രിയെ കരിങ്കൊടികാട്ടാന്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് ഉദ്ഘാടനത്തിനായി മന്ത്രി ദേശീയപാതയിലൂടെ കടന്നുപോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വൈകിട്ട് 5.15ന് പടിഞ്ഞാറന്‍ വഴിയിലുള്ള റോഡുകളിലൂടെ പൊക്ലായി, എമ്മാട്, തട്ടുങ്ങള്‍, നെടുംപറമ്പ് തുടങ്ങിയ ഇടറോഡുകളിലൂടെ ചുറ്റിവളഞ്ഞ് മന്ത്രി കാതിക്കോട് എത്തുകയായിരുന്നു. മതിലകം പുതിയകാവിലെ ദേശീയപാതയില്‍ നിന്ന് അരികിലോമീറ്റര്‍ മാത്രമേ കാതിക്കോട്ടേക്കുള്ളു. എന്നാല്‍ പ്രതിഷേധം ഭയന്ന് മന്ത്രി കിലോമീറ്ററുകളോളം ഉള്‍വഴിയിലൂടെയാണ് സഞ്ചരിച്ചത്. മന്ത്രി എത്തിയ വിവരമറിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജാഥയായി കാതിക്കോട്ടേക്ക് നീങ്ങിയെങ്കിലും ജാഥയെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈശാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശീതള്‍ ഡേവിസ് അധ്യക്ഷയായി. ഇ ജി സുരേന്ദ്രന്‍, കെ വി രാജേഷ്, എന്‍ ജി ഗിരിലാല്‍, പി എച്ച് റിയാസ്, വിഷ്ണു ജയന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 270512

1 comment:

  1. എസ്എഫ്ഐയുടെ പ്രതിഷേധത്തെ ഭയന്ന് മന്ത്രി പി കെ അബ്ദുറബ്ബ് ഊടുവഴിയിലൂടെ ഉദ്ഘാടന ചടങ്ങിനെത്തി. ദേശീയപാതയില്‍ മന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണ് മന്ത്രി വളഞ്ഞ വഴിയിലൂടെ എത്തിയത്. മതിലകം കാതിക്കോടുള്ള അല്‍അഖ്സ പബ്ലിക് സ്കൂളിലെ ഇ കെ സെയ്തുക്കുഞ്ഞി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കുക എന്ന ആവശ്യവുമായാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മതിലകം പുതിയകാവിലും പുന്നക്കുരുബസാറിലും മന്ത്രിയെ കരിങ്കൊടികാട്ടാന്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.

    ReplyDelete