സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന ചേര്‍ത്തലയിലെ നിര്‍ദിഷ്ട ബോഗിനിര്‍മാണ യൂണിറ്റില്‍നിന്ന് റെയില്‍വേ പിന്മാറുന്നു. യൂണിറ്റ് പ്രായോഗികമല്ലെന്ന് റെയില്‍വേ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ ബോര്‍ഡിനെ ഔദ്യോഗികമായി അറിയിച്ചു. റെയില്‍വേ ബോര്‍ഡിന്റെ പൂര്‍ണയോഗം ഐകകണ്ഠ്യേന തീരുമാനിച്ചാല്‍മാത്രമേ ഇനി യൂണിറ്റ് യാഥാര്‍ഥ്യമാകൂ. കരാര്‍ ഒപ്പിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു രൂപയുടെ നിക്ഷേപംപോലും നടത്താതെയാണ് ബോഗിനിര്‍മാണ യൂണിറ്റ് അട്ടിമറിക്കുന്നത്. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ ജന്മനാട്ടില്‍ പ്രഖ്യാപിച്ച പദ്ധതി കേരളത്തിന് യുപിഎ സര്‍ക്കാരിന്റെ സമ്മാനമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് പ്രഖ്യാപിച്ച്, ബജറ്റില്‍ തുകയും വകയിരുത്തിയ പദ്ധതിയാണിത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ചേര്‍ത്തല ഓട്ടോകാസ്റ്റും റെയില്‍വേയും ചേര്‍ന്ന് സംയുക്തസംരംഭമായി ബോഗിനിര്‍മാണ യൂണിറ്റിന് നടപടിയെടുത്തത്. 2007ലെ റെയില്‍വേ ബജറ്റില്‍ കേരള റെയില്‍ കംപോണന്റ്സ് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാനവുമായി ചേര്‍ന്ന് സംയുക്തസംരംഭമായി റെയില്‍വേ ചേര്‍ത്തലയില്‍ ബോഗിനിര്‍മാണ യൂണിറ്റ് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ബജറ്റില്‍ 85 കോടി രൂപയും കമ്പനിക്കായി നീക്കിവച്ചു. പദ്ധതിക്ക് സംസ്ഥാനത്തിന് സാധ്യമായ നടപടിയെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. ചേര്‍ത്തലയില്‍ ദേശീയപാതയ്ക്ക് അരികില്‍ വ്യവസായവകുപ്പിന്റെ കീഴിലെ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ 54 ഏക്കറും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ കീഴിലെ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ 24 ഏക്കറും ചേര്‍ത്ത് 80 ഏക്കര്‍ ഭൂമി പുതിയ സംരംഭത്തിന് നീക്കിവച്ചു. ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ പ്ലാന്റും യന്ത്രസാമഗ്രികളും നല്‍കാനും സമ്മതിച്ചു.
പുതിയ കമ്പനിയുടെ 51 ശതമാനം ഓഹരി അവകാശവും ഏഴംഗ ഭരണസമിതിയില്‍ മാനേജിങ് ഡയറക്ടര്‍പദവിയും സംസ്ഥാനം ആവശ്യപ്പെട്ടു. ഭരണസമിതിയില്‍ മൂന്നുപേരുടെ പ്രാതിനിധ്യവും 49 ശതമാനം ഓഹരിയുമാണ് റെയില്‍വേ വാഗ്ദാനം ചെയ്തത്. എന്ത് വിട്ടുവീഴ്ച ചെയ്താലും സ്ഥാപനം യാഥാര്‍ഥ്യമാകണമെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. 17.64 കോടി രൂപയുടെ മൂലധനം സംസ്ഥാനത്തിന് നീക്കിവച്ചു. ഇതില്‍ 14.94 കോടി രൂപ കൈമാറിയ ആസ്തിയുടെ മൂല്യമാണ്.
2009 ഫെബ്രുവരി 27ന് ഇന്ത്യന്‍ പ്രസിഡന്റിനുവേണ്ടി റെയില്‍വേ ബോര്‍ഡ് ഉപദേശകന്‍ ജി എന്‍ അശാന്തനും കേരള ഗവര്‍ണര്‍ക്കുവേണ്ടി സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനും ചേര്‍ത്തലയില്‍ പൊതുചടങ്ങില്‍ കരാര്‍ ഒപ്പിട്ടു. തുടര്‍നടപടിയൊന്നും ഉണ്ടാകാത്തതിനാല്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീം പ്രശ്നം കേരളത്തില്‍നിന്നുള്ള റെയില്‍ സഹമന്ത്രി ഇ അഹമ്മദിന്റെ ശ്രദ്ധയില്‍പ്പെടുത്തി. 2010 മാര്‍ച്ചില്‍ അഹമ്മദ് നല്‍കിയ മറുപടിയില്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വേണമെന്നും ഇതിനായി മന്ത്രിസഭാകുറിപ്പ് തയ്യാറായി വരുന്നതായും അറിയിച്ചു. പിന്നീട് പലതവണ വിഷയം കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിരോധമന്ത്രി എ കെ ആന്റണിയുടെയും മുമ്പില്‍ അവതരിപ്പിച്ചിട്ടും പുരോഗതിയുണ്ടായില്ല. ഈ കരാര്‍ നിലനില്‍ക്കെ കമ്പനിക്കായി പുതിയ പഠനം നടത്തണമെന്ന് രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍മന്ത്രിയായി ചുമതലയേറ്റ മമത ബാനര്‍ജി പ്രഖ്യാപിച്ചു. ഇവര്‍ ചുമതല വിട്ടശേഷവും ബോഗിനിര്‍മാണ യൂണിറ്റിനെതിരായ നീക്കം സജീവമായി നടക്കുന്നതിന്റെ തെളിവാണ് ഫിനാന്‍സ് ഡയറക്ടറുടെ ശുപാര്‍ശ.
(ജി രാജേഷ്കുമാര്‍)
deshabhimani 280512
No comments:
Post a Comment