Wednesday, May 30, 2012

വായപ്പടച്ചി റഫീഖ് വടകര കോടതിയിലെത്തി മുങ്ങി


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘവും കേരളത്തിലെ പൊലീസ് സംവിധാനവും "പാര്‍ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കുന്നതിനിടെ" മുഖ്യപ്രതികളിലൊരാളായ പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് വടകര കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു മടങ്ങി. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തില്ല. ഒത്തുകളിയുടെ ഭാഗമാണോ അതല്ല, പൊലീസ് തിരിച്ചറിയാത്തതാണോ എന്നു വ്യക്തമല്ല. രണ്ടാമത്തേതാണെങ്കില്‍ സംസ്ഥാന ഇന്റലിജന്‍സ്വിഭാഗം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് വ്യക്തം.

തിങ്കളാഴ്ച പകല്‍ പതിനൊന്നോടെയാണ് റഫീഖ് കോടതിവളപ്പിലെത്തിയത്. കോടതി നടപടി ആരംഭിച്ചശേഷം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിചാരണമുറിയിലേക്ക് കടന്നു. കോടതി പിരിയും ഇയാള്‍ മുറിയിലായിരുന്നു. കോടതി പിരിഞ്ഞശേഷം ഒരു പൊലീസുകാരനാണ് പിടിച്ചുപുറത്തേക്ക് മാറ്റിയത്. സാക്ഷിയോ, പ്രതിയോ ആണോയെന്നായിരുന്നു പൊലീസുകാരന്റെ ചോദ്യം. അല്ലെന്ന് പറഞ്ഞപ്പോള്‍ പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു. റഫീക്കിനെ നേരത്തേ പരിചയമുള്ള വടകര കണ്ണൂക്കരക്കടുത്ത കുറിച്ചിക്കര സ്വദേശിയാണ് തിരിച്ചറിഞ്ഞ് വിവരം വെളിപ്പെടുത്തിയത്. ഒരു കേസിന്റെ ആവശ്യത്തിന് കോടതിയിലെത്തിയതായിരുന്നു ഇദ്ദേഹം.

""ക്ലീന്‍ ഷേവ് ചെയ്ത നിലയിലാണ് റഫീഖിനെ കോടതിയില്‍ കണ്ടത്. ഞാന്‍ അയാളുമായി സംസാരിക്കുകയും ചെയ്തു. നാടാകെ അന്വേഷിക്കുമ്പോള്‍ നീ എന്തിന് കോടതിയിലെത്തിയെന്ന് ചോദിച്ചപ്പോള്‍ മജിസ്ട്രേട്ടിന് മുമ്പാകെ നേരിട്ട് ഹാജരാകാന്‍ എന്നായിരുന്നു മറുപടി. പൊലീസ് പിടികൂടിയാലുള്ള ഭീകര മര്‍ദനം പേടിച്ചാണ് കീഴടങ്ങുന്നതെന്നും പറഞ്ഞു""- കുറിച്ചിക്കര സ്വദേശി അറിയിച്ചു.

അഭിഭാഷകരുടെ സഹായമില്ലാതെ നേരിട്ട് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാകാനുള്ള ബുദ്ധിമുട്ട് സൂചിപ്പിച്ച താന്‍ വടകര റൂറല്‍ എസ്പി മുമ്പാകെ ഹാജരാകുന്നതാണ് നല്ലതെന്ന് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു. പിന്നീട് എന്തുസംഭവിച്ചെന്ന് അറിയില്ല. വടകര റൂറല്‍ എസ്പി മുമ്പാകെ റഫീഖ് കീഴടങ്ങിയോ എന്നത് പൊലീസാണ് വ്യക്തമാക്കേണ്ടത്. ചന്ദ്രശേഖരന്റെ കൊലപാതകം നടന്ന ഉടന്‍ വായപ്പടച്ചി റഫീഖിനെയാണ് മുഖ്യപ്രതിയാക്കി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. സിപിഐ എം അനുഭാവിയാണെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയാണെന്നും പ്രചരിപ്പിച്ചു. ഇയാള്‍ കേരളം വിട്ടെന്നും ഗള്‍ഫിലേക്ക് കടന്നിരിക്കാമെന്നും എഴുതിനിറച്ചവരുമുണ്ട്. ഒടുവില്‍ സിപിഐ എം സ്വാധീന ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും കള്ളക്കഥയുണ്ടാക്കി. മാധ്യമങ്ങളുടെ എല്ലാവാദമുഖങ്ങളും ചീട്ടുകൊട്ടാരംപോലെ തകരുന്നതാണ് പിന്നീട് കണ്ടത്. സിപിഐ എമ്മുമായി ബന്ധമില്ലെന്നും ന്യൂമാഹി ഇരട്ടക്കൊലക്കേസ് പ്രതിയല്ലെന്നും വ്യക്തമായതോടെ റഫീഖിനെ മാധ്യമങ്ങളും അന്വേഷണസംഘവും കൈവിട്ടു.

deshabhimani 300512

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘവും കേരളത്തിലെ പൊലീസ് സംവിധാനവും "പാര്‍ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കുന്നതിനിടെ" മുഖ്യപ്രതികളിലൊരാളായ പള്ളൂര്‍ കോഹിനൂരിലെ വായപ്പടച്ചി റഫീഖ് വടകര കോടതിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു മടങ്ങി. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തില്ല. ഒത്തുകളിയുടെ ഭാഗമാണോ അതല്ല, പൊലീസ് തിരിച്ചറിയാത്തതാണോ എന്നു വ്യക്തമല്ല. രണ്ടാമത്തേതാണെങ്കില്‍ സംസ്ഥാന ഇന്റലിജന്‍സ്വിഭാഗം സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് വ്യക്തം

    ReplyDelete