Saturday, May 26, 2012

എ വി താമരാക്ഷന്‍ ജെഎസ്എസില്‍ നിന്ന് രാജിവെച്ചു


മുന്‍ എംഎല്‍എ എ വി താമരാക്ഷന്‍ ജെഎസ്എസില്‍ നിന്ന് രാജിവെച്ചു. യുഡിഎഫ് നേതൃത്വവുമായുള്ള എതിര്‍പ്പ് മൂലമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. താമരാക്ഷന്റെ രാജി സ്വീകരിച്ചതായി ഗൗരിയമ്മ അറിയിച്ചു. നിലവില്‍ ജെഎസ്എസ് സംസ്ഥാന സെന്റര്‍ അംഗമാണ് താമരാക്ഷന്‍. കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ക്കാനാണ് അതിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെ വളഞ്ഞിട്ടാക്രമിക്കുന്നതെന്ന് താമരാക്ഷന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖന്‍ വധത്തിന്റെ മറവില്‍ ഈ ശ്രമമാണ് നടക്കുന്നത്. സിപിഐ എമ്മും ഇടതുപക്ഷവും ക്ഷീണിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസാകില്ല; മറിച്ച് വര്‍ഗീയ കക്ഷികളാകും ശക്തിപ്പെടുകയെന്ന് ഓര്‍മിക്കണം. തിളങ്ങുന്ന ഇന്ത്യയെന്ന മുദ്രാവാക്യവുമായി രണ്ടാം തവണ ഇന്ത്യ ഭരിക്കാനൊരുങ്ങിയ ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാനായത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷം അന്ന് കോണ്‍ഗ്രസിന് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടാണ്. ആ ധാര്‍മിക ബോധം കോണ്‍ഗ്രസ് കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ വര്‍ഗീയതയും ഭീകരതയും അതിഭീഷണാംവണ്ണം വളരുകയാണ്. യുഡിഎഫ് സര്‍ക്കാരും വര്‍ഗീയവാദികളുടെ സമ്മര്‍ദ്ദത്തിന് കീഴ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് എടുത്ത തീരുമാനം പോലും മാറ്റേണ്ടി വന്നത്. അതിനാല്‍ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷികാന്‍ ഇടതുപക്ഷം ശക്തമാകണം. വരുംനാളുകളില്‍ അതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ഡിസിസി അംഗം പി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു

തൃശൂര്‍: കോണ്‍ഗ്രസിന്റെ തൃശൂര്‍ ഡിസിസി അംഗവും ഐഎന്‍ടിയുസി മെമ്പറുമായ പി ഉണ്ണികൃഷ്ണന്‍ രാജിവെച്ചു. സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ മതേതര മുഖത്തിന് പോറലേല്‍പ്പിക്കുന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

deshabhimani news

No comments:

Post a Comment