Wednesday, May 30, 2012

ഹിമാചലില്‍ മാറ്റത്തിന്റെ കാറ്റ്


ഷിംല നഗരസഭയില്‍ സിപിഐ എം നേടിയ ഉജ്വലവിജയം ഹിമാചല്‍ പ്രദേശില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റത്തിന്റെ നേര്‍ഫലം. മലനിരകളാല്‍ സമ്പന്നമായ ഹിമാചലില്‍ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെയാണ് സിപിഐ എം സംഘടന കെട്ടിപ്പടുത്തത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളെയും അടിച്ചമര്‍ത്തല്‍ശ്രമങ്ങളെയും അതിജീവിച്ചാണ് ഹിമാചലിലെ പുതിയ തലമുറയുടെ പാര്‍ടിയായി സിപിഐ എം മാറുന്നത്. കുന്നുകളുടെ റാണിയായി അറിയപ്പെടുന്ന ഷിംലയില്‍ സിപിഐ എം നേരത്തെതന്നെ വേരോട്ടം ഉറപ്പിച്ചിരുന്നു. ഷിംല സര്‍വകലാശാല ദീര്‍ഘകാലമായി എസ്എഫ്ഐയുടെ കൊടിത്തണലിലാണ്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നേതാക്കളാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിനെ നയിക്കുന്നത്. വിദ്യാര്‍ഥി-യുവജന രംഗത്തിന് പുറമെ ട്രേഡ്യൂണിയന്‍-മഹിളാ രംഗങ്ങളിലും സജീവമായി ചുവടുറപ്പിക്കാനും കഴിഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിങ്ക നേരത്തെ ഷിംല നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ജയത്തിന് ശേഷം കോണ്‍ഗ്രസും ബിജെപിയും പാര്‍ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് കായികമായ ആക്രമണങ്ങളിലൂടെയും കള്ളക്കേസുകള്‍ സൃഷ്ടിച്ചും പാര്‍ടിയെ തകര്‍ക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ അരങ്ങേറി. കള്ളക്കേസില്‍ കുടുക്കി രാകേഷ് സിങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ ദീര്‍ഘകാലം ജയിലിലടച്ചു. എന്നാല്‍, പ്രതിസന്ധിയുടെ ഘട്ടത്തിലും ഉറച്ചുനിന്ന പാര്‍ടി, സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് സ്വാധീനം വളര്‍ത്തി.

കോണ്‍ഗ്രസും ബിജെപിയും മാത്രം അടങ്ങിയിരുന്ന ഹിമാചലിന്റെ ദ്വിമുഖ രാഷ്ട്രീയം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഷിംല തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസും ബിജെപിയും വലിയതോതില്‍ പണമൊഴുക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ ചെറിയ യോഗങ്ങളിലൂടെയും വോട്ടര്‍മാരെ നേരിട്ടുകണ്ടും തികച്ചും ജനകീയമായ പ്രചാരണമാണ് സിപിഐ എം നടത്തിയത്. മേയര്‍, ഡെപ്യൂട്ടിമേയര്‍ സ്ഥാനങ്ങളിലേക്ക് സിപിഐ എം അണിനിരത്തിയ സ്ഥാനാര്‍ഥികളുടെ ജനകീയതകൂടിയായപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തികച്ചും അപ്രസക്തരായി. ഷിംലസ്വദേശികൂടിയായ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി പ്രേംകുമാര്‍ ദൂമലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. ക്യാബിനറ്റ് മന്ത്രിമാരെല്ലാം ഷിംലയില്‍ തങ്ങി പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തു. സിപിഐ എമ്മിനു വേണ്ടി സംസ്ഥാനനേതാക്കളാണ് പ്രചാരണം നയിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവസാനഘട്ടത്തിലെത്തി. യെച്ചൂരി പങ്കെടുത്ത പൊതുയോഗത്തിലെ വമ്പിച്ച ജനസാന്നിധ്യം ഹിമാചലിലെ പാര്‍ടിസ്വാധീനം വിളിച്ചോതുന്നതായി.
(എം പ്രശാന്ത്)

deshabhimani 300512

1 comment:

  1. ഷിംല നഗരസഭയില്‍ സിപിഐ എം നേടിയ ഉജ്വലവിജയം ഹിമാചല്‍ പ്രദേശില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റത്തിന്റെ നേര്‍ഫലം. മലനിരകളാല്‍ സമ്പന്നമായ ഹിമാചലില്‍ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെയാണ് സിപിഐ എം സംഘടന കെട്ടിപ്പടുത്തത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളെയും അടിച്ചമര്‍ത്തല്‍ശ്രമങ്ങളെയും അതിജീവിച്ചാണ് ഹിമാചലിലെ പുതിയ തലമുറയുടെ പാര്‍ടിയായി സിപിഐ എം മാറുന്നത്.

    ReplyDelete