Saturday, May 26, 2012
കേരളത്തില്‍ അപകടകരമായ മാധ്യമ ആക്ടിവിസം: സെബാസ്റ്റ്യന്‍ പോള്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതികളെ സ്വാധീനിക്കാവുന്നതരത്തില്‍ സമാന്തര മാധ്യമവിചാരണ നടക്കുകയാണെന്ന് പ്രമുഖ മാധ്യമനിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. അപകടകരമായ മീഡിയ ആക്ടിവിസമാണ് കേരളത്തില്‍. ഒഞ്ചിയത്ത് കൊലപാതകം നടന്നപ്പോള്‍ പൊലീസ് ഉന്നതര്‍ സ്ഥലത്തെത്തുന്നതിനുമുമ്പേ പ്രതിസ്ഥാനത്ത് ആരെന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിച്ചു. ചൊക്ലി മോഡല്‍ കൊലപാതകം എന്നുവരെ അന്നുതന്നെ പറഞ്ഞുറപ്പിച്ച മാധ്യമങ്ങളുണ്ട്. ഇത്തരം മാധ്യമപ്രവര്‍ത്തനം കേരളത്തിന്റെ പുരോഗമന സ്വഭാവത്തിന്് കാര്യമായ പരിക്കാണ് ഉണ്ടാക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലതുപക്ഷ മാധ്യമ ഗൂഢാലോചനക്കെതിരെ പുരോഗമന കലാസാഹിത്യസംഘം കണ്ണൂര്‍ ജില്ലാ കമ്മറ്റി തലശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
ചന്ദ്രശേഖരന്‍ വധത്തില്‍ പൊലീസുകാരുടെ കേട്ടെഴുത്തുകാരാവുകയാണ് മാധ്യമങ്ങള്‍. ഇതിനൊപ്പം ഭാവനാവിലാസങ്ങളും ചേര്‍ത്ത് വാര്‍ത്തയെന്ന വ്യാജേന അവതരിപ്പിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ഇന്ത്യയിലെ ക്രൈം റിപ്പോര്‍ട്ടിങ് ഏറെ പരിഷ്കരിക്കപ്പെട്ട ഒന്നല്ല. ഉത്തമമായ മാധ്യമതത്ത്വങ്ങളുടെ അടിസ്ഥാനത്തിലല്ല കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത്. ഷെര്‍ലക് ഹോംസിനെ അനുകരിക്കാവുന്ന രീതിയിലാണ് ഒഞ്ചിയം സംഭവത്തില്‍ മാധ്യമങ്ങള്‍ അന്വേഷണം നടത്തിയത്. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ ഷെര്‍ലക്ഹോംസിന് അപാരമായ നിരീക്ഷണപാടവവും അപഗ്രഥനവും ഉണ്ടായിരുന്നു. ഈ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ പൊലീസുകാര്‍ പറയുന്നത് നിറം പിടിപ്പിച്ച് എഴുതുകയാണ് മാധ്യമങ്ങള്‍. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഉള്‍പ്പെടെ നാം ഇത് കണ്ടതാണ്.
ജുഡീഷ്യല്‍ ആക്ടിവിസം പരിധിവിട്ടാല്‍ ജുഡീഷ്യറിയുടെ ഏകാധിപത്യമാണ് ഉണ്ടാവുക. സമാനമായ അവസ്ഥയാണ് മീഡിയ ആക്ടിവിസത്തിലും. ചന്ദ്രശേഖരന്‍ വധത്തിന്റെ വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച ശൈലി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
നാദാപുരത്ത് മുസ്ലിംസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന മാധ്യമപ്രചാരണത്തിലൂടെയാണ് എ കെ ആന്റണി കഴിഞ്ഞതവണ അധികാരത്തില്‍ വന്നത്. ഇതിന്റെ പ്രത്യാഘാതമെന്നോണം കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട യുവാവ് കൊല്ലപ്പെടുകയുംചെയ്തു. ആന്റണി സത്യപ്രതിജ്ഞചെയ്ത് അധികം കഴിയുംമുമ്പേ തെരുവംപറമ്പിലെ ബലാത്സംഗം കെട്ടുകഥയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പൊലീസ് മേധാവിയാണ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സിപിഐ എമ്മിനുണ്ടായ നഷ്ടം മാറ്റിവച്ചാലും നിരപരാധിയായ യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണമാണ് എന്ന് കാണാം. പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല മലയാളത്തിലെ മാധ്യമങ്ങള്‍ എന്നത് അവയുടെ ജന്മദോഷമാണ്. ഇടതുപക്ഷത്തിന് ഇത്തരത്തില്‍ ജനകീയ അടിത്തറ ഉണ്ടായത് മാധ്യമങ്ങളുടെ പിന്തുണയോടെയല്ല. ഇത്തരം ഭീഷണികളെ അതിജീവിക്കുക സിപിഐ എമ്മിന് അത്ര പ്രയാസമുള്ള കാര്യവുമല്ല. മാതൃഭൂമി 111 സീറ്റ് യുഡിഎഫിന് പ്രവചിച്ച തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത് ഇ കെ നായനാരാണ്. മാധ്യമ പിന്തുണയോടെയല്ല നാളിതുവരെ ഇടതുപക്ഷം അടിത്തറ വിപുലമാക്കിയത് എന്നുകാണാം. എന്നാല്‍ വലതുപക്ഷ മാധ്യമങ്ങളുടെ നിലപാടുകള്‍ കേരളത്തിന്റെ പുരോഗമന സ്വഭാവത്തെയാണ് തച്ചുടക്കുക എന്നതാണ് ദുരന്തം- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
പ്രൊഫ. കെ പി മോഹനന്‍, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവരും സംസാരിച്ചു. ഡോ. എ കെ നമ്പ്യാര്‍ അധ്യക്ഷനായി. പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും ടി എം ദിനേശന്‍ നന്ദിയും പറഞ്ഞു.
deshabhimani 260512
Labels:
ഓഞ്ചിയം,
മാധ്യമം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ജുഡീഷ്യല്‍ ആക്ടിവിസം പരിധിവിട്ടാല്‍ ജുഡീഷ്യറിയുടെ ഏകാധിപത്യമാണ് ഉണ്ടാവുക. സമാനമായ അവസ്ഥയാണ് മീഡിയ ആക്ടിവിസത്തിലും. ചന്ദ്രശേഖരന്‍ വധത്തിന്റെ വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച ശൈലി ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
ReplyDelete