Saturday, May 26, 2012
റിലയന്‍സിന് കൂടുതല്‍ വില നല്‍കരുതെന്ന് എജി
കൃഷ്ണ-ഗോദാവരി (കെജി) തടത്തില്‍നിന്ന് റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് കൂടുതല്‍ വില നേടിക്കൊടുക്കാന്‍ പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) നടത്തിയ നീക്കം പാളുന്നു. തല്‍ക്കാലം വില കൂട്ടേണ്ടതില്ലെന്നും വിലനിര്‍ണയം പ്രത്യേക മന്ത്രിസഭാസമിതിയുടെ അധികാരത്തില്‍ തുടര്‍ന്നാല്‍ മതിയെന്നും അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി നിയമമന്ത്രാലയത്തിന് ഉപദേശം നല്‍കി.
കെജി തടത്തില്‍ നിന്നുള്ള വാതകവില നിലവിലുള്ള ഒരു എംബിടിയുവിന് (മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) 4.20 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് 14.20 ഡോളറായി വര്‍ധിപ്പിക്കണമെന്നാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആവശ്യപ്പെടുന്നത്. വിലനിര്‍ണയാധികാരം പെട്രോളിയം പ്രകൃതിവാതകം നിയന്ത്രണസമിതിക്ക് (പിഎന്‍ജിആര്‍ബി) വിടണമെന്നും റിലയന്‍സിനുണ്ട്. റിലയന്‍സിന്റെ ആവശ്യം പെട്രോളിയം മന്ത്രാലയം നിരാകരിച്ചതാണെങ്കിലും പ്രധാനമന്ത്രി കാര്യാലയം വീണ്ടും താല്‍പ്പര്യമെടുക്കുകയായിരുന്നു. ഈ വിഷയം വീണ്ടും പരിഗണിക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി തലവനായ പ്രത്യേക മന്ത്രിസഭാസമിതിയോട് പിഎംഒ ആവശ്യപ്പെട്ടു. ഇതനുസരിച്ച് റിലയന്‍സിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ മന്ത്രിസഭാസമിതി നിയമമന്ത്രാലയത്തോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടിയത്.
വിലവര്‍ധിപ്പിക്കല്‍ ആവശ്യം അംഗീകരിച്ചാല്‍ റിലയന്‍സിന് ഏതാണ്ട് 44,000 കോടി രൂപയുടെ നേട്ടമുണ്ടാകും. വൈദ്യുതി, വളം വിലകള്‍ കുത്തനെ ഉയരാനും ഇത് വഴിയൊരുക്കും. വാതകവിലയില്‍ ഒരു ഡോളറിന്റെ മാറ്റംവരുമ്പോള്‍ വൈദ്യുതി വില യൂണിറ്റിന് 50 പൈസ വര്‍ധിക്കും. സര്‍ക്കാരിന്റെ സബ്സിഡി ചെലവ് ഉയരാനും ഇതു വഴിയൊരുക്കും. സാമ്പത്തികമായി ഇത്രയധികം ബാധ്യത വരുത്തുന്ന നടപടിയായിട്ടും റിലയന്‍സിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി കാര്യാലയം എന്തുകൊണ്ട് അനുകൂലമായി പ്രതികരിച്ചെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിഐടിയു ജനറല്‍ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ തപന്‍സെന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
2009ലാണ് കെജി തടത്തില്‍ നിന്ന് റിലയന്‍സ് വാതക ഉല്‍പ്പാദനം ആരംഭിച്ചത്. അന്ന് മന്ത്രിസഭാസമിതി നിശ്ചയിച്ച വിലയാണ് എംബിടിയുവിന് 4.20 ഡോളര്‍. അഞ്ചുവര്‍ഷത്തേക്കാണ് ഈ നിരക്ക് നിശ്ചയിച്ചത്. റിലയന്‍സ് ഇത് അംഗീകരിച്ചിരുന്നു. ഇപ്രകാരം 2014 ഫെബ്രുവരിയില്‍ മാത്രം വില പുനഃപരിശോധിച്ചാല്‍ മതി. എന്നാല്‍, കെജി തടത്തില്‍ നിന്ന് പ്രതീക്ഷിച്ച രീതിയില്‍ വാതക ഉല്‍പ്പാദനം സാധ്യമാകാത്തത് റിലയന്‍സിന് ക്ഷീണമായി. 80 എംഎസ്സിഎംഡി (മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക്ഫീറ്റ് പെര്‍ ഡെ) ഉല്‍പ്പാദനം ലക്ഷ്യമിട്ട സ്ഥാനത്ത് നിലവില്‍ 32 എംഎസ്സിഎംഡി മാത്രമാണ് ഉല്‍പ്പാദനം. ഇത് വീണ്ടും കുറയുമെന്നാണ് സൂചന. ഉല്‍പ്പാദനം കുറയുന്ന സാഹചര്യത്തിലാണ് വാതകവില മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിലയന്‍സ് രംഗത്തുവന്നത്. വിലവര്‍ധന വേണ്ടെന്ന് എജി നിയമോപദേശം നല്‍കിയതോടെ റിലയന്‍സും പിഎംഒയും ചേര്‍ന്നുള്ള നീക്കം തല്‍ക്കാലം പൊളിഞ്ഞിരിക്കയാണ്. എന്നാല്‍, മറ്റു മാര്‍ഗങ്ങളിലൂടെ വിലവര്‍ധന ആവശ്യത്തില്‍ സമ്മര്‍ദം തുടരാന്‍ തന്നെയാണ് റിലയന്‍സിന്റെ തീരുമാനം.
deshabhimani 260512
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
കൃഷ്ണ-ഗോദാവരി (കെജി) തടത്തില്‍നിന്ന് റിലയന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് കൂടുതല്‍ വില നേടിക്കൊടുക്കാന്‍ പ്രധാനമന്ത്രി കാര്യാലയം (പിഎംഒ) നടത്തിയ നീക്കം പാളുന്നു. തല്‍ക്കാലം വില കൂട്ടേണ്ടതില്ലെന്നും വിലനിര്‍ണയം പ്രത്യേക മന്ത്രിസഭാസമിതിയുടെ അധികാരത്തില്‍ തുടര്‍ന്നാല്‍ മതിയെന്നും അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി നിയമമന്ത്രാലയത്തിന് ഉപദേശം നല്‍കി.
ReplyDelete