Monday, May 28, 2012

വയനാടിന്റെ കണ്ണീര്‍ തോരുന്നില്ല


നിലയ്ക്കാത്ത കര്‍ഷകരോദനമാണ് വയനാട്ടില്‍നിന്ന് ഉയരുന്നത്. ആശ്വാസ നടപടികളൊന്നും ഫലപ്രദമാകാത്തതിനാല്‍ ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ് ജില്ലയില്‍. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മൂന്നുപേരാണ് കയറിന്‍തുമ്പില്‍ ജീവനൊടുക്കിയത്. രാസവളത്തിന്റെ വില വീണ്ടും വര്‍ധിച്ചതും ജീവിതച്ചെലവിലെ ഇരട്ടിപ്പും ദുരിതം ഇനിയും കൂട്ടുമെന്നാണ് കര്‍ഷക കുടുംബങ്ങളുടെ ആധി.

യുഡിഎഫ് അധികാരത്തില്‍വന്നശേഷം10 മാസത്തിനിടെ 29 പേരാണ് വയനാട്ടില്‍ മാത്രം ആത്മഹത്യചെയ്തത്. ആറുമാസത്തിനിടെയാണ് ഇതില്‍ 28 മരണവും. സംസ്ഥാനത്താകെ 58 പേര്‍.

കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 42 കര്‍ഷകര്‍ മരിച്ച പൂതാടി പഞ്ചായത്തിലാണ് വെള്ളിയാഴ്ച രണ്ടുപേര്‍ മരിച്ചത്. കേണിച്ചിറ പുളിയമ്പറ്റ പൂച്ചോലിക്കല്‍ സഹദേവന്‍ (41), കോളേരിയില്‍ കൊന്നക്കല്‍ വീട്ടില്‍ ദിവാകരന്‍ (60) എന്നിവരാണ് മരിച്ചത്. ഇരുവരും മണ്ണില്‍ നന്നായി അധ്വാനിക്കുന്നവര്‍. കാര്‍ഷികവൃത്തിയിലൂടെ നല്ല ജീവിതം സ്വപ്നം കണ്ടവര്‍. കുടുംബച്ചെലവും മറ്റു ബാധ്യതകളും കൃഷിയിലൂടെ ഒത്തുപോകാതെ വന്നപ്പോള്‍ ജീവിതം അവസാനിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. വ്യാഴാഴ്ചയാണ് തിരുനെല്ലി പഞ്ചായത്തിലെ ചേകാടി ശ്രീകൃഷ്ണ നിവാസില്‍ പി പി നാരായണന്‍കുട്ടിയും (55) ജീവനൊടുക്കിയത്.

സര്‍ക്കാര്‍ ഇടപെടല്‍ പരാജയപ്പെടുന്നുവെന്നാണ് വര്‍ധിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കുന്നത്. പ്രഖ്യാപനങ്ങള്‍ക്കുപരിയായി കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജ് കര്‍ഷകര്‍ക്ക് ഗുണമല്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയുംമൂലം കടക്കെണിയിലായ കര്‍ഷകരെ കടത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള പദ്ധതികള്‍ ഇതിലില്ല. വയനാട്ടിലെ കര്‍ഷകസംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയപ്പോള്‍, സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ഇഞ്ചി സംസ്കരണത്തിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ സംസ്ഥാനം ഇതിനാവശ്യമായ നടപടികള്‍ തുടങ്ങിയിട്ടില്ല. അതിനിടെ, ഇഞ്ചികര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ ചെറുകിടക്കാരെ പൂര്‍ണമായും അവഗണിച്ചു. ഹെക്ടറിന് 25,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. വിളവെടുപ്പ് നിര്‍ത്തിയ കര്‍ഷകര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. കടം വാങ്ങി കൃഷിചെയ്ത ചെറുകിടക്കാര്‍ അത്രയെങ്കിലും നഷ്ടം കുറയുമല്ലോ എന്നുകരുതി നേരത്തെതന്നെ വിളവെടുത്തിരുന്നു. ഇവര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കില്ല.

deshabhimani 280512

1 comment:

  1. നിലയ്ക്കാത്ത കര്‍ഷകരോദനമാണ് വയനാട്ടില്‍നിന്ന് ഉയരുന്നത്. ആശ്വാസ നടപടികളൊന്നും ഫലപ്രദമാകാത്തതിനാല്‍ ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ് ജില്ലയില്‍. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി മൂന്നുപേരാണ് കയറിന്‍തുമ്പില്‍ ജീവനൊടുക്കിയത്. രാസവളത്തിന്റെ വില വീണ്ടും വര്‍ധിച്ചതും ജീവിതച്ചെലവിലെ ഇരട്ടിപ്പും ദുരിതം ഇനിയും കൂട്ടുമെന്നാണ് കര്‍ഷക കുടുംബങ്ങളുടെ ആധി.

    യുഡിഎഫ് അധികാരത്തില്‍വന്നശേഷം10 മാസത്തിനിടെ 29 പേരാണ് വയനാട്ടില്‍ മാത്രം ആത്മഹത്യചെയ്തത്. ആറുമാസത്തിനിടെയാണ് ഇതില്‍ 28 മരണവും. സംസ്ഥാനത്താകെ 58 പേര്‍.

    ReplyDelete