Monday, May 28, 2012

മോഡിയും ചാണ്ടിയും പിന്നെ ഉണ്ടവിഴുങ്ങി വക്കീലും


ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ഹിതപരിശോധനയാണ് നെയ്യാറ്റിന്‍കര. ഇത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ സമ്മതിച്ചതാണ്. പക്ഷേ അങ്കത്തിന്റെ അവസാനഘട്ടത്തില്‍ ഇതില്‍നിന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓടിയൊളിക്കുകയാണ്. "ജനാധിപത്യത്തിന്റെ മുഖത്തേറ്റ 51 വെട്ട്" എന്ന വാറോല വീടുതോറും എത്തിക്കുകയാണ്. കേരളത്തിലെ ആദ്യകൊലപാതകമെന്ന മട്ടിലാണ് ഒഞ്ചിയം കൊലപാതകത്തെ അവതരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സേവക്കാരായ മാധ്യമങ്ങള്‍ അധ്വാനിക്കുന്നത്. ഇതിനിടെ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ തെറ്റായ ചില പരാമര്‍ശങ്ങള്‍ കൊത്തിപ്പറക്കുന്നതിനിടെയാണ് സമാന പരാമര്‍ശങ്ങളുമായി കെപിസിസി വക്താവ് എം എം ഹസ്സന്‍ അരങ്ങ് തകര്‍ത്തത്. മണിയുടെ പരാമര്‍ശത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം ആരാഞ്ഞ് കോണ്‍ഗ്രസിലെ പി ടി തോമസ് മുതല്‍ മുഖ്യമന്ത്രി വരെ രംഗത്തുവന്നു. മണിയുടെ പരാമര്‍ശങ്ങള്‍ പാര്‍ടി നിലപാടില്‍നിന്നുള്ള വ്യതിചലനമാണെന്നും പ്രസംഗത്തിനിടെ സംഭവിച്ച തെറ്റ് തെറ്റുതന്നെയെന്നും പിണറായി വ്യക്തമാക്കി. എന്നിട്ടും അരിശംതീരാതെ സിപിഐ എമ്മിനെതിരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ഉമ്മന്‍ചാണ്ടിയും കൈകോര്‍ത്തു.

രാഷ്ട്രീയ പ്രതിയോഗികളെ കോണ്‍ഗ്രസും കൊന്നിട്ടുണ്ടെന്ന് മുന്‍മന്ത്രി കൂടിയായ എം എം ഹസ്സന്‍ ചാനല്‍ ചര്‍ച്ചയില്‍ പച്ചയ്ക്ക് പറഞ്ഞതിനെപ്പറ്റി ഉമ്മന്‍ചാണ്ടി മിണ്ടുന്നില്ല. തിരുവിതാംകൂറില്‍ പണ്ട് ജീവിച്ച ഉണ്ടവിഴുങ്ങി വക്കീല്‍ ഇദ്ദേഹത്തില്‍ പരകായപ്രവേശം നടത്തിയിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ തോക്കില്‍നിന്നല്ല വെടിയുണ്ട ഉതിര്‍ത്തതെന്ന് തെളിയിക്കുന്നതിന് വക്കീല്‍ പണ്ട് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ ഉണ്ട പരിശോധിക്കാനെന്ന ഭാവത്തില്‍ എടുത്ത് ആരും കാണാതെയങ്ങ് വിഴുങ്ങുകയായിരുന്നു. പകരം മറ്റൊരു തോക്കിലെ ഉണ്ട വയ്ക്കുകയും ചെയ്തു. അങ്ങനെ തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രതിയെ വിട്ടു. ഹസ്സനുവേണ്ടിയും കോണ്‍ഗ്രസിനുവേണ്ടിയും ഉണ്ടവിഴുങ്ങി വക്കീലായിരിക്കുകയാണ് മുഖ്യമന്ത്രി. മണിയുടെ പ്രസംഗത്തിന് പൊലീസ് നിയമപരിശോധനയെങ്കില്‍ ഹസ്സന്റെ വെളിപ്പെടുത്തലിനും അതുവേണം. ഒരു പന്തിയില്‍ രണ്ട് ഊണ് പറ്റില്ല. മാര്‍ക്സിസ്റ്റുകാരെ ഞങ്ങള്‍ കൊന്നിട്ടുണ്ടെന്നാണ് ഹസ്സന്‍ പറഞ്ഞത്. അപ്പോള്‍ സമാനമായ പ്രസംഗത്തിന് മണിയോട് ഒരു താപ്പും ഹസ്സനോട് വേറൊന്നും ഭരണനീതിയല്ല.

ഒരാണ്ട് തികച്ച ഉമ്മന്‍ചാണ്ടിയുടെ ഭരണം ബഹുവിശേഷം. കുളിക്കാനിറങ്ങിയവന്‍ ചേറിലാണ്ടുപോയവന്റെ അവസ്ഥ. അഴുക്കുകള്‍ക്കെതിരെ ഗിരിപ്രഭാഷണം നടത്തി അധികാരത്തിലേറിയയാള്‍ സ്വന്തം അഴുക്കിന്റെ ഭാണ്ഡവും ചുമന്ന് നില്‍ക്കുന്നു. സ്വന്തം അഴിമതിക്കേസുകള്‍ അസാധുവാക്കാന്‍ ഭരണസംവിധാനത്തെയും നിയമവ്യവസ്ഥയെയും നിര്‍ലജ്ജം ദുരുപയോഗം ചെയ്യുകയാണ് അദ്ദേഹം. പാമൊലിന്‍ കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകാനുള്ള കാര്യകാരണങ്ങള്‍ അക്കമിട്ട് അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ രായ്ക്കുരാമാനം നാടുകടത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ടൈറ്റാനിയം കേസ് ഏറെക്കുറെ ഒതുക്കി. സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി കോടതിയിലെത്തി. ഇത്ര സമര്‍ഥമായി അഴിമതിക്കേസുകള്‍ ദുര്‍ബലമാക്കുന്ന മറ്റൊരു ഭരണാധികാരിയെ ഇന്ത്യയില്‍ കണ്ടെത്താനാകില്ല. രാഷ്ട്രീയശത്രുക്കള്‍ക്കെതിരെ എന്തു കേസും കെട്ടിച്ചമയ്ക്കുന്നതിലും മനഃസാക്ഷിക്കുത്തുമില്ല.

ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഖനി കുംഭകോണം ഇങ്ങനെ കേന്ദ്രസര്‍ക്കാരിനെ ചുറ്റിവരിയുന്ന അഴിമതിക്കേസുകള്‍ ഏറെ. ഇതില്‍ മുങ്ങി കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കം തിഹാര്‍ ജയിലിലായി. രാജയും കനിമൊഴിയും ചിദംബരവും പ്രധാനമന്ത്രിയുമെല്ലാം അഴിമതിക്കേസില്‍നിന്ന് ഊരാനുള്ള വഴിയെന്തെന്ന് പഠിക്കാനുള്ള യൂണിവേഴ്സിറ്റിയായി ഉമ്മന്‍ചാണ്ടി മാറി.

ജനങ്ങള്‍ക്ക് നന്മ നല്‍കുന്നതിലല്ല, അവരുടെ ജീവിതം ദുരിതത്തിലാക്കുന്നതായിരുന്നു ഒരുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ ശ്രദ്ധ. എന്നിട്ട് ഇത് മറച്ചുവയ്ക്കാന്‍ കോടികള്‍ പൊടിപൊടിച്ച് ആര്‍ഭാടപൂര്‍വം എല്ലാ ജില്ലയിലും ജനസമ്പര്‍ക്ക അഭ്യാസം നടത്തി. മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ലളിതജീവിതം, മദ്യവിരോധം, ചാരായനിരോധനം തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ സ്തുതിവചനങ്ങളുമായി മാധ്യമങ്ങള്‍ ഇറങ്ങിയപ്പോള്‍ ഇ കെ നായനാര്‍ നല്‍കിയ ഒരു ഉപദേശമുണ്ട് "ആന്റണി, നിങ്ങള്‍ പാമ്പ് വേലായുധനാകരുത്" എന്നതായിരുന്നു ആ ഉപദേശം. കണ്ണാടിക്കൂട്ടില്‍ 100 വിഷപ്പാമ്പുകള്‍ക്കിടയില്‍ അവയുടെ കടിയേല്‍ക്കാതെ കഴിഞ്ഞ് പ്രശസ്തനായ ആളാണ് വേലായുധന്‍. പക്ഷേ പിന്നീട് സര്‍പ്പദംശനമേറ്റ് പാമ്പ് വേലായുധന്‍ ഒടുങ്ങി. ആളെപ്പറ്റിക്കുന്ന സര്‍പ്പയജ്ഞമാണ് ഉമ്മന്‍ചാണ്ടിയുടെ നല്ലൊരു പങ്ക് ഭരണപരിപാടികളും. ഇത് തിരിച്ചറിയുന്ന നെയ്യാറ്റിന്‍കരക്കാര്‍ നായനാരുടെ വാക്കുകള്‍ കടമെടുത്ത് പറയും ഉമ്മന്‍ചാണ്ടി, താങ്കള്‍ ഒരു പാമ്പ് വേലായുധനാകരുത്.
(ആര്‍ എസ് ബാബു)

deshabhimani 280512

1 comment:

  1. മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ലളിതജീവിതം, മദ്യവിരോധം, ചാരായനിരോധനം തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ സ്തുതിവചനങ്ങളുമായി മാധ്യമങ്ങള്‍ ഇറങ്ങിയപ്പോള്‍ ഇ കെ നായനാര്‍ നല്‍കിയ ഒരു ഉപദേശമുണ്ട് "ആന്റണി, നിങ്ങള്‍ പാമ്പ് വേലായുധനാകരുത്" എന്നതായിരുന്നു ആ ഉപദേശം. കണ്ണാടിക്കൂട്ടില്‍ 100 വിഷപ്പാമ്പുകള്‍ക്കിടയില്‍ അവയുടെ കടിയേല്‍ക്കാതെ കഴിഞ്ഞ് പ്രശസ്തനായ ആളാണ് വേലായുധന്‍. പക്ഷേ പിന്നീട് സര്‍പ്പദംശനമേറ്റ് പാമ്പ് വേലായുധന്‍ ഒടുങ്ങി. ആളെപ്പറ്റിക്കുന്ന സര്‍പ്പയജ്ഞമാണ് ഉമ്മന്‍ചാണ്ടിയുടെ നല്ലൊരു പങ്ക് ഭരണപരിപാടികളും. ഇത് തിരിച്ചറിയുന്ന നെയ്യാറ്റിന്‍കരക്കാര്‍ നായനാരുടെ വാക്കുകള്‍ കടമെടുത്ത് പറയും ഉമ്മന്‍ചാണ്ടി, താങ്കള്‍ ഒരു പാമ്പ് വേലായുധനാകരുത്.

    ReplyDelete