Sunday, May 27, 2012

വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്നവര്‍ ഒഞ്ചിയം രാഷ്ട്രീയമായി ഉപയോഗിക്കുന്നു: പിണറായി


നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ നടുറോഡില്‍ കൊന്ന കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നവരാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് തിരിച്ചറിയുന്നവരാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍. ഒഞ്ചിയത്തേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് -യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നെയ്യാറ്റിന്‍കര ടൗണ്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഓലത്താന്നിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിനുമുമ്പ് വിചാരണ നടത്തേണ്ട ഒരു കൊലക്കേസിന്റെ വിചാരണ എന്തുകൊണ്ട് ജൂണ്‍ നാലിലേക്ക് മാറ്റി. ഇവിടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവ് വൃദ്ധനെ നടുറോഡില്‍ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ഇപ്പോള്‍ നടന്നാല്‍ ഒഞ്ചിയം കേസിന്റെപേരില്‍ നടക്കുന്ന മുതലെടുപ്പ് ജനങ്ങള്‍ക്ക് വ്യക്തമാകും. അതുകൊണ്ട് വിചാരണ തടസ്സപ്പെടുത്തുന്നതിന് തൊണ്ടിമുതല്‍ കോടതിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരെ ഒരു പരാതി നല്‍കിയതിനാണ് വൃദ്ധനെ ചവിട്ടിക്കൊന്നത്. ഇയാളുടെ മകനെയും സുഹൃത്തിനെയും വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി. കൊലപാതകം നേരില്‍ കണ്ട ഫാദര്‍ ജെറാള്‍ഡ് മത്യാസിനെ ബിഷപ് ഹൗസ് ആക്രമിച്ച് വകവരുത്താന്‍ ശ്രമിച്ചു. ഈ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ കോണ്‍ഗ്രസ് നേതാവിനെയും ഗുണ്ടാസംഘത്തെയും സംരക്ഷിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ്. ഇതിനെതിരെ ഉയര്‍ന്ന പ്രക്ഷോഭം നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ മറക്കുമോ?

നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യുഡിഎഫിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. എല്ലാ അര്‍ഥത്തിലും മുഖം നഷ്ടപ്പെട്ട് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. ലീഗിന്റെ അഞ്ചാംമന്ത്രിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടക കക്ഷികളും ചേരിതിരിഞ്ഞ് ആക്ഷേപിക്കുന്ന അവസ്ഥ. ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുകയും ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ജനവഞ്ചനയ്ക്കെതിരെ മണ്ഡലത്തിലെ വോട്ടര്‍മാരും ജനങ്ങളാകെയും രൂക്ഷമായി പ്രതികരിച്ച ഘട്ടത്തിലാണ് ഒരു പിടിവള്ളിയായി ഒഞ്ചിയം കിട്ടിയത്. അത് വിലപ്പോകില്ലെന്ന് ഇതിനകം വ്യക്തമായി- പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വീണ്ടും പരാതി

നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞ് തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെരഞ്ഞെടുപ്പു കമീഷനു പരാതി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ചട്ടലംഘനം ആവര്‍ത്തിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ചട്ടലംഘനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കമീഷന് നല്‍കിയിരുന്നു. ഇതിലൊന്നും നടപടിയുണ്ടാകാത്തതിനാലാണ് ചട്ടലംഘനം ആവര്‍ത്തിക്കുന്നതെന്ന് ശനിയാഴ്ച നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ആറാലുംമൂട്ടില്‍ "യുവാക്കളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കാ"മെന്ന പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചത്. യുവാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി എത്തുംമുമ്പ് ഏജന്റ് അപേക്ഷ സ്വീകരിച്ചു. "എന്തൊക്കെ ആവശ്യങ്ങള്‍ ഉണ്ടെങ്കിലും എഴുതി തന്നാല്‍ നടത്തിത്തരാം" എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(യുഐടി)ക്ക് സര്‍വകലാശാലയുടെ ഭൂമി ഉടന്‍ അനുവദിക്കും, നിയമനം സ്ഥിരപ്പെടുത്തും, വിവിധ കോളേജുകളില്‍ മലയാളഭാഷയ്ക്ക് കൂടുതല്‍ വകുപ്പ് അനുവദിക്കും തുടങ്ങിയ വാഗ്ദാനപ്പെരുമഴയാണ് പരിപാടിയില്‍ കോരിച്ചൊരിഞ്ഞത്. ചാനല്‍ദൃശ്യങ്ങളില്‍ ഇതു വ്യക്തം. പരാതി നല്‍കിയാലും മുഖ്യമന്ത്രിയുടെ പേരില്‍ നടപടി സ്വകീരിക്കില്ലെന്ന വിശ്വാസമാണ് ചട്ടലംഘനം ആവര്‍ത്തിക്കാന്‍ കാരണം-പരാതിയില്‍ ചൂണ്ടിക്കാട്ടി.

കുതിരക്കച്ചവടത്തിന് മറുപടിയുമായി നെയ്യാറ്റിന്‍കര

രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നെയ്യാറ്റിന്‍കരയുടെ വിധിയെഴുത്തിന് ജൂണ്‍ രണ്ടിന്റെ വോട്ടെടുപ്പ് വരെ കാത്തിരിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ച "ജനപ്രതിനിധി"യെയും ഒരുവര്‍ഷം പിന്നിടുന്ന യുഡിഎഫ് ഭരണത്തെയും ഒരേതട്ടില്‍ തൂക്കിയ ജനം മനസ്സില്‍ വിധി കുറിച്ചിട്ടുകഴിഞ്ഞു. നിറതോക്കിന് മുന്നിലും ആത്മാഭിമാനം പണയംവയ്ക്കാതെ ജന്മനാടിന് വേണ്ടി പൊരുതിവീണ സമരനായകന്‍ വീരരാഘവന്റെയും ആദര്‍ശവിശുദ്ധിയുടെ പ്രതീകമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും പിന്‍മുറക്കാര്‍ എല്‍ഡിഎഫിന്റെ ജനപക്ഷരാഷ്ട്രീയത്തിന് മനസ്സമ്മതം നല്‍കിക്കഴിഞ്ഞു. ഇരുട്ടിവെളുത്തപ്പോള്‍ ജനപ്രതിനിധി മറുകണ്ടം ചാടിയതിന്റെ മായക്കാഴ്ചയില്‍ നെയ്യാറ്റിന്‍കരക്കാര്‍ അമ്പരന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ അമ്പരപ്പ് പ്രതിഷേധമായി. വോട്ടുചോദിച്ച് വീടുകളിലെത്തിയപ്പോള്‍ പ്രതിഷേധം രോഷമായി. ആ രോഷം ജൂണ്‍ രണ്ടിന് വോട്ടായി മാറും. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ കുതിരക്കച്ചവടത്തിന് എതിരെ ശബ്ദമുയര്‍ത്തുന്നു. പ്രമുഖ ഗാന്ധിയനും കോണ്‍ഗ്രസ് സഹയാത്രികനുമായ പി ഗോപിനാഥന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ നെറികേടിനെതിരെ രംഗത്തുവന്നു. ലാളിത്യവും വിനയവും കൈമുതലാക്കി, ഒന്നര പതിറ്റാണ്ടിലേറെ പൊതുപ്രവര്‍ത്തനരംഗത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എഫ് ലോറന്‍സ് ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. ലോറന്‍സിന്റെ പര്യടനപരിപാടികളിലെയും എല്‍ഡിഎഫ് കുടുംബയോഗങ്ങളിലെയും ജനപങ്കാളിത്തം വിജയം സുനിശ്ചിതമാക്കി. ശനിയാഴ്ച നടന്ന മൂന്ന് മേഖലാറാലികളിലെ ആയിരങ്ങളുടെ പങ്കാളിത്തം എല്‍ഡിഎഫ് മുന്നേറ്റം ഉറപ്പിക്കുന്നു.

ആനുകൂല്യം വിതരണം ചെയ്യുന്നെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന കുടുംബയോഗങ്ങളില്‍ ആളെക്കൂട്ടുന്ന അവസ്ഥ യുഡിഎഫ് മുമ്പ് നേരിട്ടിട്ടുണ്ടാകില്ല. എല്ലാ ചട്ടവും കാറ്റില്‍പ്പറത്തി നിവേദനം സ്വീകരിക്കുകയാണ് ഇപ്പോള്‍. സ്ഥാനാര്‍ഥിയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചെന്ന ആരോപണം എല്‍ഡിഎഫ് ഡിജിപിക്ക് പരാതി നല്‍കിയതോടെ തിരിഞ്ഞുകുത്തുകയും ചെയ്തു. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്ന യുഡിഎഫിന് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ സൃഷ്ടിച്ച ആഘാതം വേറെയുണ്ട്. പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് നേതാക്കളിലുണ്ടായ തമ്മിലടിയും ലീഗിന്റെ അഞ്ചാംമന്ത്രി വിവാദം ഉയര്‍ത്തിയ കോലാഹലവും മുന്നണിയെ ഉലച്ചു. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം വെടിനിര്‍ത്തിയെങ്കിലും ആരവം അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലോഡ്ഷെഡിങ് പിന്‍വലിച്ചെങ്കിലും രാവും പകലും അപ്രഖ്യാപിത കട്ട് ഇപ്പോഴും ജനത്തെ വലയ്ക്കുന്നു. പെട്രോള്‍ വിലവര്‍ധനയും മണ്ണെണ്ണ പ്രതിസന്ധിയും സജീവചര്‍ച്ചയാണ്.

ഇത് പ്രതിരോധിക്കാനാകാതെ യുഡിഎഫ് ഒഞ്ചിയം കൊലആഘോഷിക്കുകയാണ്. ഈ വിഷയത്തില്‍ കാപട്യം വെളിവായതോടെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന ഭീതിയും യുഡിഎഫിലുണ്ട്. ജാള്യം മറയ്ക്കാന്‍ എല്‍ഡിഎഫിനെതിരെ ബിജെപി ബന്ധം ആരോപിച്ചതും നാണക്കേടായി. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തും അടങ്ങുന്നതാണ് മണ്ഡലം. ഇതില്‍ അതിയന്നൂര്‍ ഒഴിച്ചുള്ളവ ഭരിക്കുന്നത് യുഡിഎഫ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപി സ്ഥാനാര്‍ഥിയായി ഒ രാജഗോപാല്‍ പ്രചാരണരംഗത്ത് സജീവമാണെങ്കിലും പാര്‍ടിക്ക് മണ്ഡലത്തില്‍ അടിത്തറയില്ലാത്തതിനാല്‍ ചലനം സൃഷ്ടിച്ചില്ല. 1,63,993 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 84,832 സ്ത്രീ വോട്ടര്‍മാരാണ്.

മുഖ്യമന്ത്രി സ്വീകരിച്ച അപേക്ഷകള്‍ കീറിയെറിഞ്ഞ നിലയില്‍

നെയ്യാറ്റിന്‍കര: തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വോട്ടര്‍മാരില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വീകരിച്ച ആനുകൂല്യ അപേക്ഷകള്‍ റോഡുവക്കില്‍ കീറിയെറിഞ്ഞ നിലയില്‍. അമരവിള മേഖലയിലെ 42-ാം ബൂത്തില്‍ മരുതത്തൂര്‍ കണ്ണംകുളത്ത് വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് കുടുംബയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച അപേക്ഷകളാണ് രാമേശ്വരം- തവരവിള റോഡില്‍ പാവൂര്‍കുളത്തിനു സമീപത്തുവച്ച് കണ്ടെത്തിയത്. കാറില്‍വച്ച് കീറിയശേഷം കുളത്തിലേക്കെറിഞ്ഞതാണെന്നു കരുതുന്നു. തിട്ടയ്ക്കാവിള ഭാഗത്തേക്ക് റോഡ് നിര്‍മിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രദേശവാസികള്‍ നല്‍കിയ അപേക്ഷ, കണ്ണംകുളം പ്രദേശത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്നഭ്യര്‍ഥിച്ചുള്ള നിവേദനം, നിരവധി ചികിത്സാ ആനുകൂല്യ അപേക്ഷകള്‍, ബിപിഎല്‍ വിഭാഗത്തില്‍പെടുത്തണമെന്നഭ്യര്‍ഥിക്കുന്ന അപേക്ഷകള്‍ എന്നിവ റോഡുവക്കില്‍ കണ്ടെത്തിയവയില്‍പെടും.

deshabhimani 270512

1 comment:

  1. നെയ്യാറ്റിന്‍കരയില്‍ വൃദ്ധനെ നടുറോഡില്‍ കൊന്ന കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നവരാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവിന്റെ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് തിരിച്ചറിയുന്നവരാണ് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍. ഒഞ്ചിയത്തേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ ഇത് ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് -യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നെയ്യാറ്റിന്‍കര ടൗണ്‍ മേഖലാ തെരഞ്ഞെടുപ്പ് റാലി ഓലത്താന്നിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete