Tuesday, May 29, 2012

മൂന്നാംമുറ മറനീക്കി പുറത്തായി


ആര്‍എംപി നേതാവ് ചന്ദ്രശേഖരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമമാണ് നടക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണ്. അതില്‍ സിപിഐ എമ്മിന് ശക്തിയായ പ്രതിഷേധമുണ്ട്; അതിയായ ദുഃഖമുണ്ട്. സിപിഐ എം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ പാര്‍ടിയാണ്. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തുന്ന, സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന ഉന്നതമായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. അത് ചൂഷകവര്‍ഗത്തിനെതിരായി ചൂഷിതവര്‍ഗത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ടിയാണ്. അത് തിന്മയെ വെറുക്കുന്നു, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ പാര്‍ടിക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ ദുര്‍ഭൂതം എന്നാണ് എതിരാളികള്‍ വിശേഷിപ്പിച്ചത്. അതാണ് മഹാനായ മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ സൂചിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇവിടെയും പാര്‍ടി നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. നിരോധിക്കപ്പെട്ട പാര്‍ടിയല്ല. എന്നാല്‍, പാര്‍ടിയെ തകര്‍ക്കാനുള്ള ശ്രമം ശത്രുവര്‍ഗം വിശ്രമമില്ലാതെ തുടരുകയാണ്. അതിനെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. ഭരണാധികാരത്തിന്റെ ശീതളഛായയില്‍ വളര്‍ന്ന പാര്‍ടിയല്ല സിപിഐ എം. ചന്ദ്രശേഖരന്റെ കൊലപാതകവാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം അതിന്റെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാനുള്ള ഹീനമായ ശ്രമം യുഡിഎഫ് സര്‍ക്കാരും നേതാക്കളും ആരംഭിച്ചു. വീണുകിട്ടിയ അവസരമായി അവര്‍ കൊലപാതകത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. അവര്‍ കൊലപാതകത്തില്‍ ദുഃഖിക്കുകയല്ല, ആഘോഷമാക്കുകയായിരുന്നു. കൊല നടന്നിട്ട് 26 ദിവസം പിന്നിട്ടു. അന്വേഷണം എവിടെയും എത്തിയതായി വിവരമില്ല. കൊലയാളികളെ കണ്ടെത്തിയെന്നാണ് ഡിജിപി പറഞ്ഞത്. ഇനി കൊല നടത്തിച്ചവരെയാണ് കണ്ടെത്താനുള്ളതെന്നും പറഞ്ഞു. കൊലപാതകം സ്വകാര്യലാഭത്തിനുവേണ്ടിയാണ് നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. മാത്രമല്ല യഥാര്‍ഥ കൊലപാതകികളെ കണ്ടെത്തുന്നതിലാണ് താല്‍പ്പര്യം, അതിന്റെ രാഷ്ട്രീയത്തിലല്ല എന്നും ഡിജിപി പറഞ്ഞു.

ഡിജിപിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ഡിജിപിയെ തിരുത്തി. ഡിജിപിക്കും പരിമിതികളുണ്ടെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഡിജിപിക്ക് പരിമിതി മാത്രമല്ല കനത്ത ഉത്തരവാദിത്തവുമുണ്ട് എന്ന് മന്ത്രി പറഞ്ഞില്ല. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് വാക്കുകൊണ്ട് ഉറപ്പിച്ചും തറപ്പിച്ചും പറയാനാണ് ആഭ്യന്തരമന്ത്രി പത്രക്കാരെ വിളിച്ചത്. മന്ത്രിയുടെ കൈയില്‍ തെളിവൊന്നുമില്ല. കൊലയുടെ ഉത്തരവാദിത്തം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ അഹമഹമികയാ മുന്നിട്ടിറങ്ങി. അവര്‍ അന്വേഷണത്തെ അക്ഷരാര്‍ഥത്തില്‍ നയിക്കുകയായിരുന്നു; വഴിതെറ്റിക്കുകയായിരുന്നു. കുറ്റംചെയ്തത് സിപിഐ എമ്മുകാരാണെന്നു വരുത്താന്‍ അഹോരാത്രം പാടുപെട്ട് പണിയെടുത്തു. യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും ശ്രമിച്ചു. ഇന്നോവ കാറും കാറില്‍ സഞ്ചരിച്ചു എന്നു പറയുന്ന അഞ്ചുപേരും കാറിന്റെ ഉടമയും റഫീക്കും എവിടെയാണെന്നറിയില്ല. റഫീക്കിന്റെ ബ്രേസ്ലറ്റ് കാറില്‍നിന്ന് കിട്ടിയിരുന്നുപോല്‍. അതും ഇരുട്ടില്‍ മറഞ്ഞു. കോഴിവണ്ടിയില്‍ പ്രതികളെ അയല്‍സംസ്ഥാനത്തെത്തിച്ച ബിജെപിക്കാരനെ ചൊക്ലിയില്‍ പിടികൂടിയിരുന്നു. അയാളെയും മറവില്‍ നിര്‍ത്തി. ഗൂഢാലോചന കല്യാണവീട്ടില്‍നിന്നാരംഭിച്ച് ചൊക്ലിയിലെത്തി ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസിലും എത്തിച്ചേര്‍ന്നു. മാത്രമല്ല, ഗൂഢാലോചന രണ്ടുവര്‍ഷം മുമ്പേ തുടങ്ങിയെന്നും മാധ്യമങ്ങള്‍ "അന്വേഷിച്ചു" കണ്ടെത്തി. ചന്ദ്രശേഖരനെ കൊലയാളിസംഘത്തിന്റെ മുമ്പില്‍, അവസാനത്തെ ഫോണ്‍ വിളിച്ചെത്തിച്ച നിര്‍ണായകമായ തെളിവും മായ്ച്ചുകളഞ്ഞു.

നിങ്ങള്‍ക്ക് കള്ളം പറയാനുള്ള അപാരമായ കഴിവുണ്ട്. ആ കഴിവ് ഇതുവരെ പ്രയോഗിക്കപ്പെട്ടതിന്റെ അനുഭവവും കൂടുതല്‍ ആവേശത്തോടെ ആവര്‍ത്തിക്കുമെന്ന തിരിച്ചറിവും സിപിഐ എമ്മിനുണ്ട്. പിടിച്ചത് പരല്‍മീനാണെന്നും വമ്പന്‍സ്രാവുകള്‍ പുറത്താണെന്നും ഒരു നേതാവ് മൊഴിഞ്ഞു. അവര്‍ നിര്‍ദേശിച്ച പേരുകള്‍ പിടികൂടിയവരെക്കൊണ്ട് പറയിക്കാനും സമ്മതിപ്പിക്കാനുമുള്ള മൂന്നാംമുറയാണ് മുറയ്ക്ക് നടക്കുന്നത്. എംഎല്‍എയും മുന്‍ മന്ത്രിയുമായ എളമരം കരീം, കെ കെ ലതിക എന്നിവര്‍, റിമാന്‍ഡില്‍ കഴിയുന്ന രവീന്ദ്രന്‍ എന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചെന്ന് കണ്ടതിനുശേഷം വടകരയില്‍ ചേര്‍ന്ന മഹാറാലിയില്‍ വെളിപ്പെടുത്തിയ സത്യം ഞെട്ടിപ്പിക്കുന്നതാണ്. ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനെ വെല്ലുന്ന മര്‍ദനമുറകളാണ് പൊലീസ് കസ്റ്റഡിയില്‍ നടന്നത്, നടക്കുന്നത്. പൊലീസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കുറ്റസമ്മതം നടത്താന്‍ കസ്റ്റഡിയിലുള്ളവരെ ക്രൂരമായി പീഡിപ്പിച്ചു. രവീന്ദ്രനാണ് സൂപ്രണ്ടിന്റെ മുമ്പില്‍വച്ച് സ്വന്തം അനുഭവം തുറന്നുപറഞ്ഞത്. മലയാള മനോരമയിലും മാതൃഭൂമിയിലും അപ്പപ്പോള്‍ കുറ്റസമ്മതത്തിന്റെ വാര്‍ത്ത വന്നു. ചാനലുകള്‍ 24 മണിക്കൂറും മാലോകരെ അറിയിച്ചുകൊണ്ടിരുന്നു. ഇതെല്ലാം മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതട്ടെ. ആഭ്യന്തരമന്ത്രി പറഞ്ഞത് മൂന്നാംമുറ നയമല്ലെന്നാണ്. നയമല്ലെന്ന് പറഞ്ഞതാണ് നടക്കുന്നത്. ഇത് തുടര്‍ന്നുകൂടാ. ഇതനുവദിക്കാന്‍ സാധ്യമല്ല. കക്കയം ക്യാമ്പിനെയും മാലൂര്‍ക്കുന്നിനെയും പിന്നിലാക്കുന്ന ഈ മര്‍ദനമുറ ഒരുനിമിഷംപോലും തുടരാനുവദിച്ചുകൂടാ. മര്‍ദനംകൊണ്ടും ജയിലറകൊണ്ടും വെടിവയ്പുകൊണ്ടും തൂക്കുമരംകൊണ്ടും സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും, ഞങ്ങളോര്‍മിപ്പിക്കുന്നു. പൊലീസ് കസ്റ്റഡിയില്‍ നടക്കുന്ന മൂന്നാംമുറയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. എത്രയുംവേഗം അത് അവസാനിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനിവാര്യമായ പ്രത്യാഘാതത്തെക്കുറിച്ച് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

deshabhimani editorial 300512

1 comment:

  1. ആര്‍എംപി നേതാവ് ചന്ദ്രശേഖരന്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് കുറ്റം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിയേല്‍പ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമമാണ് നടക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണ്. അതില്‍ സിപിഐ എമ്മിന് ശക്തിയായ പ്രതിഷേധമുണ്ട്; അതിയായ ദുഃഖമുണ്ട്. സിപിഐ എം യഥാര്‍ഥ മനുഷ്യസ്നേഹികളുടെ പാര്‍ടിയാണ്. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തുന്ന, സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന ഉന്നതമായ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. അത് ചൂഷകവര്‍ഗത്തിനെതിരായി ചൂഷിതവര്‍ഗത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ടിയാണ്. അത് തിന്മയെ വെറുക്കുന്നു, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു. അതുകൊണ്ടുതന്നെ പാര്‍ടിക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തും ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ ദുര്‍ഭൂതം എന്നാണ് എതിരാളികള്‍ വിശേഷിപ്പിച്ചത്. അതാണ് മഹാനായ മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ സൂചിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തും കോണ്‍ഗ്രസ് ഭരണകാലത്തും ഇവിടെയും പാര്‍ടി നിരോധിക്കപ്പെട്ടിട്ടുണ്ട്.

    ReplyDelete