Tuesday, May 29, 2012

ഒഞ്ചിയം എന്ന വര്‍ത്തമാനപ്പുസ്തകം


ഇന്നില്‍ മാത്രം ജീവിക്കുന്നതാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറവും വലിയ ദുരന്തം. ഓര്‍മകളുണ്ടാകണം എന്ന വാദത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരിക അനുഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നുപോകുന്നത്. വിപ്ലവമണ്ണായ ഒഞ്ചിയത്തെ മുന്‍നിര്‍ത്തിയുള്ള ഇന്നിന്റെ വിചാരണകള്‍ക്കിടെയിലാണ് ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രമായ "പടനിലങ്ങളില്‍ പൊരുതി വീണവര്‍" എന്ന പുസ്തകം പ്രസക്തമാകുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെതുമാണെന്ന കേവലമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല ഒഞ്ചിയം സ്വദേശിയായ പി പി ഷാജു എഴുതിയ ഈ പുസ്തകം. അദ്ദേഹം തന്നെ ഊന്നുന്ന പോലെ, സ്വയം കത്തിയെരിഞ്ഞ് സുഗന്ധം പരത്തുന്ന ചന്ദനത്തിരികളായി പഴയ ത്യാഗധനര്‍ ഓരോരുത്തരായി മനസില്‍ വിങ്ങലായി ഓര്‍മകളുടെ സുഗന്ധമായി മറയുമ്പോള്‍ അവര്‍ക്കുള്ള പിതൃതര്‍പ്പണമാണ് ഈ പുസ്തകം. നവോത്ഥാന ആശയങ്ങള്‍ ഉഴുതു മറിച്ചിട്ട മണ്ണില്‍ ഒഞ്ചിയം അടക്കമുള്ള വിത്തുകള്‍ എങ്ങനെ തഴച്ചു വളര്‍ന്നുവെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.

സ്വതന്ത്ര്യ ലബ്ധിക്ക് പിറ്റേവര്‍ഷം ഏപ്രില്‍ 30നാണ് കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രത്തിലെ ഏക്കാലത്തെയും നിണം തിളച്ച ഏടായ ഒഞ്ചിയം വെടിവയ്പ് നടന്നത്. ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റുചെയ്യാന്‍ എംഎസ്പിയും കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയായ ദേശരക്ഷാസേനയും എത്തിയതോടെയാണ് ഒഞ്ചിയം സംഭവങ്ങളുടെ തുടക്കം. നേതാക്കളെ കാട്ടിക്കൊടുക്കാന്‍ തയ്യാറാകാത്ത കര്‍ഷക കാരണവരായ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ പൊലീസും ഗുണ്ടാപ്പടയും വെടിയുതിര്‍ത്തു. ആറുപേര്‍ സ്ഥലത്തുതന്നെ മരിച്ചു വീണു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷവും ക്രൂരമായ നരനായാട്ടാണ് പൊലീസ് തുടര്‍ന്നത്. ഇവരുടെ പ്രധാന ലക്ഷ്യമായിരുന്ന മണ്ടോടി കണ്ണനെ തടവറയിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് മരിച്ചുവീണപ്പോഴും തളംകെട്ടിയ രക്തത്തില്‍ കൈകള്‍ മുക്കി ചുമരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച മണ്ടോടി കണ്ണനാണ് ഒഞ്ചിയത്തിലെ ഇന്നും തിളങ്ങുന്ന രക്തനക്ഷത്രം. പ്രദേശത്തിന്റെ സാമുഹ്യചിത്രവും പാര്‍ടി ചരിത്രവും ഒന്നാകുന്ന തീഷ്ണമായ ദിനസരിക്കുറിപ്പുകളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.

സംഭവങ്ങളുടെ സമയവിവരപ്പട്ടിക തയാറാക്കിയാല്‍ ചരിത്രമായെന്ന സമീപനം തീരെ ഇല്ലാത്ത ഗ്രന്ഥമാണിതെന്ന് പുസ്തകത്തിന് അഭിവാദ്യമെഴുതുയ രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ചരിത്രമെന്നാല്‍ സാമുഹ്യശാസ്ത്രമാണെന്നും മറ്റെല്ലാം അതില്‍ ഇഴചേര്‍ന്നതാണെന്നും ഉള്ള ബോധ്യം രചയിതാവിനുണ്ട്. കേന്ദ്രപ്രമേയം ഒഞ്ചിയം വെടിവെപ്പും പ്രത്യാഘാതങ്ങളും മറ്റുമാണെങ്കിലും അവയിലേക്ക് നയിച്ച കമ്യൂണിസ്റ്റ് പ്രഷോഭത്തിന്റെ സാമൂഹ്യ ചരിത്ര പശ്ചാത്തലം അനാവരണം ചെയ്യുന്നതിലും പുസ്തകം ശ്രദ്ധിക്കുന്നു. പുസ്തകത്തിന് മുഖമൊഴി എഴുതിയ പിണറായി വിജയന്‍ പറയുന്നത് കേള്‍ക്കുക: ""ത്യാഗോജ്വലങ്ങളായ സമരങ്ങളുടെ പാരമ്പര്യം ഏറ്റുവാങ്ങിയാണ് ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. ആ മഹത്തായ ത്യാഗത്തിന്റെ പാരമ്പര്യത്തെ മറന്ന് ജനങ്ങളെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈ മണ്ണില്‍ നടന്നു എന്നത് വേദനാജനകമായ കാര്യമാണ്""- അതുതന്നെയാണ് ഈ പുസ്തകത്തിന്റെ കാലിക പ്രസക്തിയും. നാമെങ്ങനെ നമ്മളായെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന ഇന്നിന്റെ പുസ്തകം എന്ന അര്‍ഥത്തില്‍ ഇതിന്റെ വായന സാര്‍ഥകമായ രാഷ്രടീയ പ്രവര്‍ത്തനം കൂടിയാകുന്നു.
(വിനോദ് പായം)

ദേശാഭിമാനി വാരാന്തപ്പതിപ്പ് 270512

1 comment:

  1. ഇന്നില്‍ മാത്രം ജീവിക്കുന്നതാണ് ഒരര്‍ഥത്തില്‍ ജീവിതത്തിലെ ഏറവും വലിയ ദുരന്തം. ഓര്‍മകളുണ്ടാകണം എന്ന വാദത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരിക അനുഭവങ്ങളിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നുപോകുന്നത്. വിപ്ലവമണ്ണായ ഒഞ്ചിയത്തെ മുന്‍നിര്‍ത്തിയുള്ള ഇന്നിന്റെ വിചാരണകള്‍ക്കിടെയിലാണ് ഒഞ്ചിയത്തിന്റെ വിപ്ലവപോരാട്ടങ്ങളുടെ ചരിത്രമായ "പടനിലങ്ങളില്‍ പൊരുതി വീണവര്‍" എന്ന പുസ്തകം പ്രസക്തമാകുന്നത്.

    ReplyDelete