Tuesday, May 29, 2012

കസ്റ്റഡിയിലെടുത്തവരെ ക്രൂരമായി പീഡിപ്പിക്കുന്നു: കരിം


ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഐ എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രനെ താനും കെ കെ ലതിക എംഎല്‍എയും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കണ്ടപ്പോഴാണ് ഇക്കാര്യം അറിയാന്‍ സാധിച്ചത്. പതിനാലിന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഗൃഹപ്രവേശനത്തിന്റെ കത്ത് കൊടുത്ത് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്ന മൊഴി പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചപ്പോള്‍ കൈവിരലുകള്‍ക്കിടയില്‍ പേന തിരുകി കൂട്ടിപ്പിടിച്ച് ഭേദ്യം ചെയ്തു. ചോമ്പാല എസ്ഐ ജയന്‍ രവീന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ ഇംഗിതം അനുസരിച്ചാണ് ജയന്‍ പ്രവര്‍ത്തിക്കുന്നത്. വടകര ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സജീവമായി രാഷ്ട്രീയ രംഗത്തുള്ള വ്യക്തിയുമായിരുന്ന ചന്ദ്രശേഖരനെ കൊലയാളികള്‍ക്ക് കാണിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടോ എന്നാണ് രവീന്ദ്രന്‍ ചോദിച്ചതെന്നും കരീം പറഞ്ഞു.

തന്റെ മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും രവീന്ദ്രന്‍ തങ്ങളോട് പറഞ്ഞതായി കരീം വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് രവീന്ദ്രനടക്കമുള്ളവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ വിരലുകള്‍ക്കിടയില്‍ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍ പെട്ടില്ലെന്നത് പരിശോധനയെപ്പറ്റി സംശയങ്ങള്‍ ഉണര്‍ത്തുന്നു.

പൊലീസ് കസ്റ്റഡിയിലുള്ള സിജിത് എന്നയാളുടെ കൈയില്‍ അരിവാള്‍ ചുറ്റിക പച്ചകുത്തിയതായി ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയത് ക്രൈംബ്രാഞ്ചിലെ മേമുണ്ട സ്വദേശിയായ രാമകൃഷ്ണനാണ് വ്യക്തമായി. കുറ്റം സിപിഐ എമ്മില്‍ ആരോപിക്കാനുള്ള വ്യഗ്രതയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാകുന്നതെന്ന് കരീം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ വ്യക്തി താല്‍പര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലെ നല്ലൊരു വിഭാഗം. വടകരയില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഭാസ്കരന്‍, പി മോഹനന്‍, എം മെഹബൂബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 300512

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും കള്ളമൊഴി പറയിപ്പിക്കാന്‍ പ്രാകൃതമായ മുറയാണ് പ്രയോഗിക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete