Wednesday, May 30, 2012

മാധ്യമങ്ങളുടെ വേട്ടമുഖം തുറന്നുകാട്ടി സെമിനാര്‍


ആലപ്പൂഴ: മാധ്യമങ്ങളുടെ വര്‍ഗതാല്‍പര്യവും വേട്ട മുഖവും തുറന്നു കാട്ടി മാധ്യമ സെമിനാര്‍. ഒരു കാലത്ത് രാജ്യത്തെയും സമൂഹത്തെയും കാത്തിരുന്ന കാവല്‍ നായ എന്ന തലത്തില്‍ നിന്ന് വേട്ട നായയായി മാറുന്ന മാധ്യമങ്ങളുടെ പരിണാമം സെമിനാര്‍ വരച്ചുകാട്ടി. മാധ്യമങ്ങള്‍ പറയുന്നതെല്ലാം ശരിയെന്ന് വിശ്വസിച്ചിരുന്ന ചരിത്രത്തില്‍ നിന്ന് വാര്‍ത്തയിലെ ശരിതെറ്റുകള്‍ കണ്ടറിഞ്ഞ് വിലയിരുത്താന്‍ കഴിയുന്ന വ്യക്തിയായി വായനക്കാരന്‍ മാറേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ പത്മനാഭന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ""മാധ്യമ ഗൂഢാലോചനയുടെ ചരിത്രവും വര്‍ത്തമാനവും"" എന്ന സെമിനാറാണ് മാധ്യമങ്ങളുടെ വര്‍ത്തമാന താല്‍പര്യങ്ങള്‍ തുറന്നുകാട്ടിയത്.

ഇഷ്ടപ്പെട്ട ചേകോനെ വാഴ്ത്തിയും ശത്രുവിനെ ഇകഴ്ത്തിയും പാട്ടുകള്‍ സൃഷ്ടിച്ച് പാടിനടന്ന പഴയ പാണന്റെ പണിയാണ് ആധുനിക സമൂഹത്തില്‍ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു അഭിപ്രായപെട്ടു. വ്യത്യസ്ത മാധ്യമങ്ങള്‍ വ്യത്യസ്ത രീതിയില്‍ വാര്‍ത്ത ചമച്ചാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നതുകൊണ്ട് ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ഒരേ ആശയത്തിന്വേണ്ടി വാര്‍ത്ത ചമയ്ക്കുകയാണ്. ലക്ഷ്യബോധമില്ലാതെ പണത്തിന്വേണ്ടി മനുഷ്യനെ കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പോലെ തന്നെയാണ് ഇന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒരേസമയം പൊലീസിന്റെ സ്റ്റെനോയായും ഡിക്റ്റേറ്ററായും പ്രവര്‍ത്തിക്കുകയാണെന്ന് സെമിനാറില്‍ സംസാരിച്ച ജി പി രാമചന്ദ്രന്‍ പറഞ്ഞു. മൂലധന ശക്തികള്‍ക്ക് വേണ്ടി സംഘടിത ഇടതുപക്ഷത്തെ വെറും ഇടതുപക്ഷ ആള്‍കൂട്ടമാക്കി മാറ്റാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് വി കെ ജോസഫ് പറഞ്ഞു. മാനവികത പറയുന്ന ചില മാധ്യമങ്ങള്‍ അതേസമയം ഇടതുപക്ഷ നിലപാടുള്ള കവിയുടെ സൃഷ്ടിക്കുവരെ വിലക്ക് ഏര്‍പ്പെടുത്തുകയാണ്. തങ്ങള്‍ പറയുന്നത് ശരിവെക്കാത്തവരുടെ സര്‍ഗസൃഷ്ടികള്‍ പോലും പ്രസിദ്ധീകരിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് പിഎച്ച്എം ഇസ്മയില്‍ സംസാരിച്ചു. സെമിനാറില്‍ പഠനകേന്ദ്രം ചെയര്‍മാന്‍ വി ശശി അധ്യക്ഷനായി. കണ്‍വീനര്‍ നരേന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞു.

deshabhimani 300512

1 comment:

  1. ഇഷ്ടപ്പെട്ട ചേകോനെ വാഴ്ത്തിയും ശത്രുവിനെ ഇകഴ്ത്തിയും പാട്ടുകള്‍ സൃഷ്ടിച്ച് പാടിനടന്ന പഴയ പാണന്റെ പണിയാണ് ആധുനിക സമൂഹത്തില്‍ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു അഭിപ്രായപെട്ടു. വ്യത്യസ്ത മാധ്യമങ്ങള്‍ വ്യത്യസ്ത രീതിയില്‍ വാര്‍ത്ത ചമച്ചാല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്നതുകൊണ്ട് ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് ഒരേ ആശയത്തിന്വേണ്ടി വാര്‍ത്ത ചമയ്ക്കുകയാണ്. ലക്ഷ്യബോധമില്ലാതെ പണത്തിന്വേണ്ടി മനുഷ്യനെ കൊല്ലുന്ന ക്വട്ടേഷന്‍ സംഘങ്ങളെ പോലെ തന്നെയാണ് ഇന്ന് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete