Thursday, May 31, 2012

വയനാട്ടിലെ ഭൂസമരക്കാര്‍ക്ക് ജയില്‍; ആറളത്ത് സര്‍ക്കാര്‍ സ്പോണ്‍സേഡ് സമരം


ഇരിട്ടി: കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന വയനാട്ടിലെ ആദിവാസികളെ ജയിലിലടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആറളത്തെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നു. കൈയേറ്റക്കാര്‍ക്ക് പുനരധിവാസം ആവശ്യപ്പെട്ട് സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആറളം ഫാം ഓഫീസ് പടിക്കല്‍ സമരം നടത്തി. നയവും നിലപാടുമില്ലാതെയാണ് സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഒരുവര്‍ഷമായി പുനധിവാസം അട്ടിമറിച്ചെന്ന ആദിവാസികളുടെ ആക്ഷേപം ഗോത്രമഹാസഭക്കും ഉണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഗോത്രസഭ ബുധനാഴ്ച സമരം നടത്തിയത്. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയല്‍, മൂന്നാനക്കുഴി, യൂക്കാലിക്കവല എന്നിവിടങ്ങളില്‍ കുടില്‍കെട്ടി സമരം ചെയ്ത 275 ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ഭൂരഹിത ആദിവാസികളും പിന്നോക്കക്കാരും കൈയേറ്റസമരം നടത്തുമ്പോള്‍ ഒരുവിഭാഗത്തെ മാത്രം കുറ്റംചുമത്തി ജയിലിലടക്കുന്ന നിലപാടാണ് സര്‍ക്കാരിന്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലംമുതല്‍ യുഡിഎഫ് തണലില്‍ ആറളത്ത് സി കെ ജാനുവടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഭൂമി കൈയേറ്റവും കുടില്‍ കെട്ടലും നടത്തിയിരുന്നു. ഈ സമയത്ത് സമരം നടത്തിയിരുന്ന കെഎസ്കെടിയു പ്രവര്‍ത്തകര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. ആദിവാസി ക്ഷേമസമിതി രൂപീകരിച്ചശേഷം വയനാട്ടിലും ആറളത്തും ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു. മുത്തങ്ങയില്‍ ജാനു നടത്തിയ സമരത്തെ വെടിവെച്ച് നേരിട്ട നടപടി ഏറ്റവും വലിയ ആദിവാസി വേട്ടയുമായി. സംസ്ഥാനത്ത് വിവിധ ആദിവാസി സംഘടനകള്‍ ഭൂസമരഭാഗമായി ഭൂമി കൈയേറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുതീരുമാനം കൈക്കൊള്ളുന്നതിന് പകരം വയനാട്ടില്‍ മാത്രം അറസ്റ്റും മറ്റിടങ്ങളില്‍ കൈയേറ്റത്തിന് നീതീകരണവും എന്ന നിലപാടിലാണ് സര്‍ക്കാര്‍. ആറളത്ത് വീട് നിര്‍മാണത്തിന് പണം മുന്‍കൂര്‍ നല്‍കുക, കൈയേറ്റക്കാര്‍ക്കും ക്ഷേമപദ്ധതികള്‍ അനുവദിക്കുക, ഫാമില്‍ ആദിവാസികള്‍ക്ക് ജോലി നല്‍കുക, വെള്ളവും വെളിച്ചവും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ഫാം പടിക്കല്‍ ധര്‍ണ നടത്തിയത്.


അറസ്റ്റുചെയ്ത ആദിവാസികള്‍ക്ക് പീഡനം

മാനന്തവാടി: ഭൂമിക്കായി സമരംചെയ്ത ആദിവാസികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി പരാതി. സമരഭൂമിയില്‍നിന്ന് അറസ്റ്റ്ചെയ്തവര്‍ക്ക് കുടിക്കാന്‍ വെള്ളം പോലും നല്‍കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. പിലാക്കാവില്‍നിന്ന് അറസ്റ്റുചെയ്തവരെ ഡിഎഫ്ഒ ഓഫീസിലെത്തിച്ച് മണിക്കൂറുകള്‍കഴിഞ്ഞിട്ടുടം വെള്ളംപോലും നല്‍കിയില്ല. സിപിഐ എം നേതാക്കള്‍ ഇടപെട്ടശേഷമാണ് വെള്ളം നല്‍കാന്‍ തയ്യാറായത്. ഉച്ചക്ക് ഭക്ഷണം നല്‍കാനും നേതാക്കള്‍ ഇടപെടേണ്ടിവന്നു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീകളെ കോടതി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ ഇവരെ വീടുകളില്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് സ്ത്രീകള്‍ റെയിഞ്ച് ഓഫീസറെ തടഞ്ഞുവെച്ചു. കോടതിക്കുമുന്നില്‍ റോഡില്‍ കുത്തിയിരുന്ന് സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കാന്‍തുടങ്ങിയശേഷമാണ് കെഎസ്ആര്‍ടിസി ബസ് വരുത്തി ഇവരെ പിലാക്കാവിലെത്തിച്ചത്.

അറസ്റ്റുചെയ്ത സ്ത്രീകളെ പെരുവഴിയില്‍ തള്ളരുത്: ഭൂസമരസഹായ സമിതി

കല്‍പ്പറ്റ: ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന ആദിവാസി സ്ത്രീകളെ ബലമായി അറസ്റ്റുചെയ്തശേഷം വഴിയില്‍ ഇറക്കിവിടുന്നത് അംഗീകരിക്കില്ലെന്ന് ഭൂസമരസഹായസമിതി പ്രസ്താവനയില്‍ പറഞ്ഞു. വഞ്ഞോട് ഭൂ സമരകേന്ദ്രത്തില്‍നിന്ന് അറസ്റ്റുചെയ്ത ആദിവാസി സ്ത്രീകളെയും തവിഞ്ഞാലില്‍നിന്ന് അറസറ്റുചെയ്ത സ്ത്രീകളേയും വനപാലകരും പൊലീസും പാതിവഴിയില്‍ ഉപേക്ഷിച്ചു. കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തിയവര്‍ പോലും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ദുരിതമനുഭവിച്ചു. പുരുഷന്മാരെ ജയിലിലടക്കുന്നതോടെ സ്ത്രീകള്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. കോളനികളിലേക്ക് തനിയെ മടങ്ങിപ്പോകാന്‍ കഴിയാതെ ഈ സ്ത്രീകള്‍ക്ക് കോടതി വരാന്തയില്‍ കുത്തിയിരിക്കേണ്ടി വന്നു.

ചൊവ്വാഴ്ച മീനങ്ങാടിയിലെ ആവയല്‍, മൂന്നാനക്കുഴി എന്നിവിടങ്ങളില്‍നിന്ന് അറസ്റ്റുചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് തിരികെ പോകാന്‍ കഴിയാതെ കോടതിക്കുമുമ്പില്‍ വിശപ്പും ദാഹവും സഹിച്ച് ഇരിക്കേണ്ടിവന്നു. ബുധനാഴ്ച പിലാക്കാവിലും അറസ്റ്റ് ചെയ്ത വനിതകളെ താമസസ്ഥലത്ത് എത്തിക്കാന്‍ വനപാലകര്‍ തയ്യാറായില്ല. ഒടുവില്‍ റെയ്ഞ്ചറെ തടഞ്ഞുവെച്ച ശേഷമാണ് വനിതകളെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി കോളനികളില്‍ തിരികെ അയക്കാന്‍ വനപാലകര്‍ തയ്യാറായത്. നിരാലംബരായ ആദിവാസി സ്ത്രീകളെ ഒന്നുമല്ലാത്തിടത്ത് ഉപേക്ഷിക്കുന്നത് അങ്ങേയറ്റം ആദിവാസി വിരുദ്ധമാണ്. നൂറുകണക്കിന് വനപാലക, പൊലീസ് സംഘം ഒന്നായി ഇരച്ചുകയറിയാണ് ആദിവാസി സ്ത്രീകളേയും കുട്ടികളേയും അടക്കം അറസ്റ്റുചെയ്ത് നീക്കുന്നത്. ആദിവാസികള്‍ വളരെ ത്യാഗം സഹിച്ച് ഉണ്ടാക്കിയ കുടിലുകള്‍ ഉദ്യോഗസ്ഥര്‍ നിര്‍ദാക്ഷിണ്യം പൊളിച്ചുമാറ്റുകയാണ്. സമരത്തെ അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ നോക്കി നില്‍ക്കാനാവില്ല. കുടിലുകള്‍ പൊളിച്ച് മാറ്റുന്നതിനെ ചെറുത്തുതോല്‍പ്പിക്കും. പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയുടെ അറിവോടെയാണ് ആദിവാസികള്‍ക്കെതിരെയുളള പീഡനങ്ങള്‍ നടക്കുന്നതെന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.


deshabhimani 310512

1 comment:

  1. കിടപ്പാടത്തിനുവേണ്ടി സമരം ചെയ്യുന്ന വയനാട്ടിലെ ആദിവാസികളെ ജയിലിലടക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആറളത്തെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നു. കൈയേറ്റക്കാര്‍ക്ക് പുനരധിവാസം ആവശ്യപ്പെട്ട് സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച ആറളം ഫാം ഓഫീസ് പടിക്കല്‍ സമരം നടത്തി. നയവും നിലപാടുമില്ലാതെയാണ് സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കാരണം ഒരുവര്‍ഷമായി പുനധിവാസം അട്ടിമറിച്ചെന്ന ആദിവാസികളുടെ ആക്ഷേപം ഗോത്രമഹാസഭക്കും ഉണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഗോത്രസഭ ബുധനാഴ്ച സമരം നടത്തിയത്. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയല്‍, മൂന്നാനക്കുഴി, യൂക്കാലിക്കവല എന്നിവിടങ്ങളില്‍ കുടില്‍കെട്ടി സമരം ചെയ്ത 275 ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. ഭൂരഹിത ആദിവാസികളും പിന്നോക്കക്കാരും കൈയേറ്റസമരം നടത്തുമ്പോള്‍ ഒരുവിഭാഗത്തെ മാത്രം കുറ്റംചുമത്തി ജയിലിലടക്കുന്ന നിലപാടാണ് സര്‍ക്കാരിന്.

    ReplyDelete