Thursday, May 31, 2012

കിനാലൂര്‍ അക്രമം: കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം


ബാലുശേരി: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിന് വന്ന പൊലീസിനെയും ആക്രമിച്ച വധശ്രമം ഉള്‍പ്പെടെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളാണ് പിന്‍വലിക്കാന്‍ നീക്കമുള്ളത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുന്നത്. കേസ് ഫയല്‍ ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ് സൂചന.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റും ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്ന കേസ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സമ്മേളനത്തിന് ബാലുശേരിയിലെത്തിയ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയോട് കേസ് പിന്‍വലിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കിനാലൂരില്‍ പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത്. ഇതിനാവശ്യമായ റോഡ്നിര്‍മാണത്തിന് സര്‍ക്കാര്‍ സര്‍വെ നടപടികളാരംഭിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ തകിടംമറിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് യുഡിഎഫ് - സോളിഡാരിറ്റി സംഘടനകള്‍ ചേര്‍ന്ന് ജനജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. 2010 മെയ് ആറിന് കിനാലൂര്‍ ഏഴുകണ്ടിയില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിനുവന്ന പൊലീസുദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്. താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. നിരവധി പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥന്റെ തല അടിച്ചുപൊട്ടിച്ചിട്ടും യുഡിഎഫ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവുകയാണ്.

deshabhimani 310512

1 comment:

  1. കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെയും സംരക്ഷണത്തിന് വന്ന പൊലീസിനെയും ആക്രമിച്ച വധശ്രമം ഉള്‍പ്പെടെയുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാലുശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത നാല് കേസുകളാണ് പിന്‍വലിക്കാന്‍ നീക്കമുള്ളത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകുന്നത്. കേസ് ഫയല്‍ ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ് സൂചന

    ReplyDelete