Sunday, May 27, 2012

ചരിത്രത്തിന്റെ കണ്ണുകള്‍കൊണ്ട് എല്ലാം കാണുന്നു


കേരളചരിത്രം ആരംഭിക്കുന്നത് ടി പി ചന്ദ്രശേഖരന്റെ പൈശാചിക കൊലപാതകത്തോടുകൂടിയാണെന്ന് തോന്നും മുഖ്യമന്ത്രിയുടെയും സഹചാരികളുടെയും വാക്കുകള്‍ കേട്ടാല്‍. എഴുത്തുകാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ഉല്‍ക്കണ്ഠയാണവര്‍ക്ക്. എഴുത്തുകാര്‍ കടലാസില്‍ കോറിയിടുന്ന ഒരോ അക്ഷരവും പ്രയോഗിക്കുന്ന ഓരോ വാക്കും ചരിത്രബോധത്താല്‍ തുടിക്കുന്നവയാണ്. സ്വീകരിക്കാന്‍ പ്രയാസമായ ഒന്നായി രാഷ്ട്രീയത്തെ മാറ്റിയെടുക്കുകയും ജാതി- മത- പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരുടെയും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുഖ്യ അജന്‍ഡയാണെന്ന് അറിയാത്തവരല്ല മലയാളത്തിലെ എഴുത്തുകാര്‍. വിമോചനസമരചരിത്രം അവരുടെ ഓര്‍മകളിലിന്നും മായാതെ നില്‍ക്കുന്നുണ്ട്. ചീമേനിയിലെ പാര്‍ടി ഓഫീസിലിരുന്ന അഞ്ചു സഖാക്കളെ ചുട്ടുകൊന്ന നരാധമന്മാര്‍ ആരാണെന്ന് അവര്‍ക്ക് നന്നായറിയാം. തീവണ്ടിയാത്രയ്ക്കിടെ ഇ പി ജയരാജനുനേര്‍ക്ക് വെടിയുണ്ട പായിച്ചവരെക്കുറിച്ചും അവര്‍ക്ക് വ്യക്തമായറിയാം. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ബോംബാക്രമണത്തിനിരയായി ശരീരം ഛിന്നഭിന്നമായ കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡിത്തൊഴിലാളിയുടെ കൊലപാതകികളെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ട കാര്യമില്ല.

ആണവകരാറിന്റെ പേരില്‍ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയില്‍നിന്ന് സിപിഐ എമ്മിനെ തുടച്ചുനീക്കാന്‍ കേന്ദ്രഭരണകൂടത്തിന്റെ ഒത്താശയോടെ ഗീബല്‍സിയന്‍ മുറകള്‍ പ്രയോഗിക്കുകയാണ്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലായിരുന്നു അരങ്ങേറ്റം. പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. ബുദ്ധദേവിന്റെ പൊലീസ് 14 ഗ്രാമീണരെ വെടിവച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. മാവോയിസ്റ്റ് എന്ന വ്യാജേന നന്ദിഗ്രാമില്‍ കടന്ന അനന്ദിത സര്‍വാധികാരി എന്ന ഡോക്യുമെന്ററി ഫിലിംമേക്കര്‍ ഈ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കണ്ണുവെട്ടിച്ച് അവിടെനിന്ന് രക്ഷപ്പെട്ട സര്‍വാധികാരിയുടെ അപ്പാര്‍ട്മെന്റില്‍ പോകാനുള്ള അവസരം എനിക്ക് ലഭിച്ചു. സാള്‍ട്ട്ലെയ്ക്കിലെ അപ്പാര്‍ട്മെന്റില്‍ നാല് അള്‍സേഷ്യന്‍ നായ്ക്കള്‍ക്കിടയിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ട്. അവരുടെ ഡോക്യുമെന്ററി കണ്ടാല്‍ ആര്‍ക്കും മനസിലാവും 14 പേരെ വെടിവച്ചുവീഴ്ത്തിയത് ബംഗാള്‍ പൊലീസല്ല, മാവോയിസ്റ്റുകളാണെന്ന്. സംഭവത്തില്‍ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ മതതീവ്രവാദികളടക്കമുള്ളവരുടെ കൂടെ മഹാശ്വേതാദേവി പങ്കെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു.

നന്ദിഗ്രാമുമായി ബന്ധിപ്പിക്കുന്ന പാലത്തിനടിയില്‍നിന്ന് ഒരു മനുഷ്യന്റെ നട്ടെല്ലു കണ്ടുകിട്ടി എന്ന വാര്‍ത്ത പരന്നതും പാലം ബോംബിങ്ങില്‍ തകര്‍ത്തതും ഒരേ സമയത്തായിരുന്നു. "നട്ടെല്ല്" ലാബില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് അതൊരു റബര്‍നാടയാണെന്ന് മനസിലായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു തീകൊളുത്തി അദ്ദേഹത്തിന്റെ കൈകാലുകള്‍ ഛേദിച്ച് തീ നാളങ്ങള്‍ക്കെറിഞ്ഞുകൊടുത്തത് അന്നു രാത്രിയായിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ കൊല്‍ക്കത്തയിലെ വന്‍കിടഹോട്ടലില്‍ വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തിന്റെ അജന്‍ഡ എന്തായിരുന്നെന്ന് കേന്ദ്രസര്‍ക്കാരിനറിയില്ല. വലതുപക്ഷ രാഷ്ട്രീയ പ്രതിനിധികളും മതഭീകര സംഘടനാ പ്രതിനിധികളും പങ്കെടുത്ത യോഗമായിരുന്നു അത്. മമത അധികാരമേറ്റപ്പോള്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ കയറി പശ്ചിമബംഗാള്‍ തങ്ങളുടെ ചങ്ങാത്ത സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചു. ഇതിനോടൊന്നും പ്രതികരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കോ മുഖ്യമന്ത്രിക്കോ സമയമില്ല. രാജ്യത്തെ മുഴുവന്‍ തുണ്ടംതുണ്ടമായി ആഗോളമൂലധന ശക്തികള്‍ക്ക് അറുത്തെടുത്ത് കൊടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാവി തുലാസിലാടിക്കൊണ്ടിരിക്കുമ്പോള്‍ ജനശ്രദ്ധ തിരിച്ചുവിട്ട് പ്രതിഷേധ സമരങ്ങളുടെ ചിറകരിഞ്ഞിടാന്‍ നടത്തുന്ന ഹീനതന്ത്രങ്ങള്‍ക്ക് കേരളത്തിലെ എഴുത്തുകാര്‍ കൂട്ടുനില്‍ക്കില്ല. അവര്‍ ചരിത്രത്തിന്റെ കണ്ണുകള്‍കൊണ്ട് എല്ലാം കാണുന്നുണ്ട്; എല്ലാം തിരിച്ചറിയുന്നുണ്ട്.
(പി വി കെ പനയാല്‍)

deshabhimani 280512

1 comment:

  1. കേരളചരിത്രം ആരംഭിക്കുന്നത് ടി പി ചന്ദ്രശേഖരന്റെ പൈശാചിക കൊലപാതകത്തോടുകൂടിയാണെന്ന് തോന്നും മുഖ്യമന്ത്രിയുടെയും സഹചാരികളുടെയും വാക്കുകള്‍ കേട്ടാല്‍. എഴുത്തുകാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ഉല്‍ക്കണ്ഠയാണവര്‍ക്ക്. എഴുത്തുകാര്‍ കടലാസില്‍ കോറിയിടുന്ന ഒരോ അക്ഷരവും പ്രയോഗിക്കുന്ന ഓരോ വാക്കും ചരിത്രബോധത്താല്‍ തുടിക്കുന്നവയാണ്. സ്വീകരിക്കാന്‍ പ്രയാസമായ ഒന്നായി രാഷ്ട്രീയത്തെ മാറ്റിയെടുക്കുകയും ജാതി- മത- പിന്തിരിപ്പന്‍ ശക്തികളുടെ സഹകരണത്തോടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്നവരുടെയും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും മുഖ്യ അജന്‍ഡയാണെന്ന് അറിയാത്തവരല്ല മലയാളത്തിലെ എഴുത്തുകാര്‍. വിമോചനസമരചരിത്രം അവരുടെ ഓര്‍മകളിലിന്നും മായാതെ നില്‍ക്കുന്നുണ്ട്. ചീമേനിയിലെ പാര്‍ടി ഓഫീസിലിരുന്ന അഞ്ചു സഖാക്കളെ ചുട്ടുകൊന്ന നരാധമന്മാര്‍ ആരാണെന്ന് അവര്‍ക്ക് നന്നായറിയാം. തീവണ്ടിയാത്രയ്ക്കിടെ ഇ പി ജയരാജനുനേര്‍ക്ക് വെടിയുണ്ട പായിച്ചവരെക്കുറിച്ചും അവര്‍ക്ക് വ്യക്തമായറിയാം. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ബോംബാക്രമണത്തിനിരയായി ശരീരം ഛിന്നഭിന്നമായ കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡിത്തൊഴിലാളിയുടെ കൊലപാതകികളെക്കുറിച്ചും അവരെ പഠിപ്പിക്കേണ്ട കാര്യമില്ല.

    ReplyDelete