Monday, May 28, 2012

സി-ഡിറ്റില്‍ അനധികൃത നിയമനം തകൃതി


സി-ഡിറ്റില്‍ പിന്‍വാതില്‍ നിയമനം. സി-ഡിറ്റിലെ കോണ്‍ഗ്രസ് സംഘടനാനേതാവിന്റെ മകനടക്കം 30 പേരെ പിന്‍വാതിലിലൂടെ നിയമിച്ചു. 80 പേരെ നിയമിക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിട്ടുമാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും അനധികൃതമായി നിയമിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷമായിട്ടും പുതിയ പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കൂടാതെ പ്രധാന വരുമാനമായ ഹോളോഗ്രാം ലേബല്‍ നിര്‍മാണം ഉള്‍പ്പെടെ ഒഴിവാക്കാനും ശ്രമം നടക്കുന്നു. മാനേജ്മെന്റിന്റെ തെറ്റായ സമീപനങ്ങള്‍ കാരണം സ്ഥാപനം കടുത്ത സാമ്പത്തിക- ഭരണ പ്രതിസന്ധി നേരിടുകയാണ്. നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃതനിയമനം നല്‍കിയതില്‍ കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സി-ഡിറ്റിനെ മികച്ച സ്ഥാപനമാക്കി ഉയര്‍ത്തി. ഓരോ വര്‍ഷവും ശരാശരി മുപ്പത് കോടിയിലധികം രൂപ അനുവദിച്ചാണ്് സി-ഡിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കിയത്. അഞ്ചുവര്‍ഷം കൊണ്ട് 150കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി 30കോടി രൂപ കരുതല്‍ ധനമായി നീക്കിവച്ചു. എന്നാല്‍, അധികാരം മാറി വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ പുതിയ ഒരു പദ്ധതിപോലും അനുവദിച്ചില്ല. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. കരുതല്‍ധനശേഖരത്തില്‍ നിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. കരുതല്‍ധനം കുറഞ്ഞതിനാല്‍ സ്ഥാപനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. ഇതിനുപുറമെ സി-ഡിറ്റിന്റെ മുഖ്യവരുമാനമാര്‍ഗമായ ഹോളോഗ്രാം ലേബല്‍ നിര്‍മാണം, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ പദ്ധതികള്‍ എന്നിവ ഒഴിവാക്കാനും ശ്രമം നടത്തുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ കിറ്റ്കോ മുഖേന ശ്രമം നടത്തിയപ്പോള്‍ പരാതിനല്‍കുകയും ധനവകുപ്പിന്റെ അന്വേഷണത്തെതുടര്‍ന്ന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ നിയമനം പാടില്ലെന്ന ഉത്തരവ് നേടിയത് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍, അധികാരം മാറിയപ്പോള്‍ അന്വേഷണം നടത്തണമെന്ന് മുറവിളികൂട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സി-ഡിറ്റില്‍ ബന്ധുക്കളെ തിരുകിക്കയറ്റുകയാണ്. കോണ്‍ഗ്രസ് നേതാവും ട്രിഡ ചെയര്‍മാനുമായ സോളമന്‍ അലക്സിന്റെ മകനെയും യൂണിയന്‍ നേതാക്കളുടെയും മന്ത്രി ഓഫീസിലെ ജീവനക്കാരുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കളെയും വന്‍ തുക ശമ്പളമായി നല്‍കി ട്രെയിനികളായി നിയമിച്ചിരിക്കുകയാണ്. സി-ഡിറ്റിന്റെ മികച്ച പ്രവര്‍ത്തനത്തിന് അധികാരവികേന്ദ്രീകരണത്തിലൂടെ രൂപീകരിച്ച ടീമുകളെയും കോ ഓര്‍ഡിനേറ്റര്‍മാരെയും ഒഴിവാക്കി. ഇതുകാരണം നിരവധി പദ്ധതികള്‍ നടപ്പാക്കാനാകാതെ മുടങ്ങിക്കിടക്കുകയാണ്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്ത കോണ്‍ഗ്രസുകാരായവരെ ഗ്രൂപ്പ് ഡയറക്ടര്‍മാരായി നിലവിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മുകളില്‍ നിയമിച്ചതിലൂടെ ഭരണപ്രതിസന്ധിയും സംജാതമാക്കി. സി-ഡിറ്റിനെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും ഒത്തുകളിയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ജീവനക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നു.

deshabhimani 280512

1 comment:

  1. സി-ഡിറ്റില്‍ പിന്‍വാതില്‍ നിയമനം. സി-ഡിറ്റിലെ കോണ്‍ഗ്രസ് സംഘടനാനേതാവിന്റെ മകനടക്കം 30 പേരെ പിന്‍വാതിലിലൂടെ നിയമിച്ചു. 80 പേരെ നിയമിക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിട്ടുമാത്രമേ നിയമനങ്ങള്‍ നടത്താവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും അനധികൃതമായി നിയമിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷമായിട്ടും പുതിയ പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കൂടാതെ പ്രധാന വരുമാനമായ ഹോളോഗ്രാം ലേബല്‍ നിര്‍മാണം ഉള്‍പ്പെടെ ഒഴിവാക്കാനും ശ്രമം നടക്കുന്നു. മാനേജ്മെന്റിന്റെ തെറ്റായ സമീപനങ്ങള്‍ കാരണം സ്ഥാപനം കടുത്ത സാമ്പത്തിക- ഭരണ പ്രതിസന്ധി നേരിടുകയാണ്. നേതാക്കളുടെ ബന്ധുക്കള്‍ക്ക് അനധികൃതനിയമനം നല്‍കിയതില്‍ കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.

    ReplyDelete