Wednesday, May 30, 2012

ഇന്ധന സബ്സിഡി നിര്‍ത്തലാക്കണം: ജയറാം രമേഷ്


ഇന്ധന സബ്സിഡി പൂര്‍ണമായും എടുത്തുകളയണമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ്. പൊതുതെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷംകൂടി ഉള്ളതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് പ്രയാസമുണ്ടാകില്ല. ഇന്ധന സബ്സിഡിയില്‍ കൈവച്ചാല്‍, ഭക്ഷ്യ-വള സബ്സിഡികളും വെട്ടിക്കുറയ്ക്കാം. സര്‍ക്കാര്‍ എടുക്കുന്ന കടുത്ത തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ഓരോവര്‍ഷവും 1,90,000 കോടി രൂപയാണ് ഇന്ധന സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര വിലയ്ക്കുതുല്യമായി ഇന്ത്യയിലും ഇന്ധനം വില്‍ക്കണം. ചില്ലറ വ്യാപാരമേഖലയില്‍ സര്‍ക്കാര്‍ എത്രയുംവേഗം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേഷ് പറഞ്ഞു.

മണ്ണെണ്ണ, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലനിര്‍ണയാധികാരം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനാണ്. ഇവയുടെ വിലനിയന്ത്രണാധികാരം കേന്ദ്രം കൈയൊഴിയുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വരുമാനഷ്ടമെന്ന പേരില്‍ അടിക്കടി വിലവര്‍ധിപ്പിക്കാന്‍ കഴിയും. സബ്സിഡി നീക്കം ചെയ്യുന്നതോടെ ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ നിലവില്‍ 13.64 രൂപയുടെ വര്‍ധനയുണ്ടാവും. പാചകവാതകത്തിന്റെ വില 800 രൂപയോളമാവും. പാചകവാതക സിലിണ്ടര് 479 രൂപ നഷ്ടം സഹിച്ചാണ് വില്‍ക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 31.41 രൂപയുടെ നഷ്ടമുണ്ടാകുന്നതായും കമ്പനികള്‍ വാദിക്കുന്നു. വില ഇത്രയും കൂട്ടുമെന്ന് അര്‍ഥം. സാധാരണക്കാര്‍ക്ക് മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്ത അവസ്ഥയാകും. ഒരു കുടുംബത്തിന് സബ്സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി ചുരുക്കണമെന്ന് ജയറാം രമേഷ് പറഞ്ഞു. അധികസിലിണ്ടറിന് വിപണിവില നല്‍കേണ്ട തരത്തിലായിരിക്കണം പരിഷ്കരണം. ഇതുവഴി 15,000 കോടിമുതല്‍ 20,000 കോടി രൂപവരെ ലാഭിക്കാന്‍ കഴിയും. ഡീസല്‍ കാറുകള്‍ക്ക് അധികനികുതി ഈടാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണ്. ഡീസല്‍ സബ്സിഡി ഡീസല്‍ കാറുകളുടെ പെരുപ്പത്തിന് കാരണമായി-മന്ത്രിതുടര്‍ന്നു.

പെട്രോള്‍ വിലവര്‍ധനയോടൊപ്പം മണ്ണെണ്ണയുടെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദത്തിലാക്കി. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധവും സഖ്യകക്ഷികളടക്കം കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തിയതും പരിഗണിച്ച് മണ്ണെണ്ണ, ഡീസല്‍, പാചകവാതക വിലവര്‍ധന തിരക്കിട്ട് വേണ്ടെന്നാണ് ധനമന്ത്രി അധ്യക്ഷനായ മന്ത്രിതലസമിതി തിങ്കളാഴ്ച തീരുമാനിച്ചത്. അതേസമയം ഡീസലിന്റെ വിലനിര്‍ണയാധികാരം കൈയൊഴിയുന്നത് കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി സൂചിപ്പിച്ചിരുന്നു. കുടിവെള്ളത്തിന് പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ജയറാം രമേഷ് വെളിപ്പെടുത്തി. 2022നകം 90 ശതമാനം ഗ്രാമീണകുടുംബങ്ങളിലും കുടിവെള്ളം എത്തിക്കാനാണ് സര്‍ക്കാരിന്റെ പരിപാടിയെന്ന് അറിയിച്ച മന്ത്രി ജനങ്ങള്‍ ഉപയോഗത്തിനുസരിച്ച് വെളളത്തിന് പണം നല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി. അടുത്തമാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനടപടികള്‍ക്ക് ആക്കംകൂട്ടുമെന്നതിന്റെ സൂചനയാണ് സോണിയ ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ജയറാം രമേഷിന്റെ വാക്കുകള്‍.

deshabhimani 300512

1 comment:

  1. ഇന്ധന സബ്സിഡി പൂര്‍ണമായും എടുത്തുകളയണമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ്. പൊതുതെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷംകൂടി ഉള്ളതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് പ്രയാസമുണ്ടാകില്ല. ഇന്ധന സബ്സിഡിയില്‍ കൈവച്ചാല്‍, ഭക്ഷ്യ-വള സബ്സിഡികളും വെട്ടിക്കുറയ്ക്കാം. സര്‍ക്കാര്‍ എടുക്കുന്ന കടുത്ത തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ ഓരോവര്‍ഷവും 1,90,000 കോടി രൂപയാണ് ഇന്ധന സബ്സിഡി ഇനത്തില്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര വിലയ്ക്കുതുല്യമായി ഇന്ത്യയിലും ഇന്ധനം വില്‍ക്കണം. ചില്ലറ വ്യാപാരമേഖലയില്‍ സര്‍ക്കാര്‍ എത്രയുംവേഗം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേഷ് പറഞ്ഞു.

    ReplyDelete