Sunday, May 27, 2012
സെന്റ് ആല്‍ബര്‍ട്സ് മാനേജ്മെന്റിന് ഹൈക്കോടതിയെ പുല്ലുവില
കാലതാമസം വരുത്താതെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഒരുമാസമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് അവഗണിക്കുന്നു. നാലരവര്‍ഷംമുമ്പ് മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ട കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് ജസ്റ്റിസ് വി രാംകുമാറും കെ ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് മാനേജ്മെന്റ് പരണത്തുവച്ചിരിക്കുന്നത്. മാനേജ്മെന്റിനെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പ്രൊഫ. സെബാസ്റ്റ്യന്‍ കെ ആന്റണി.
കോളേജ് മാനേജ്മെന്റിനെതിരെ നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഏപ്രില്‍ 28 നാണ് അധ്യാപകന് അനുകൂലമായ വിധിയുണ്ടായത്. പിരിച്ചുവിട്ട കാലത്തെ ആനുകൂല്യങ്ങളോടെ അടിയന്തരമായി അധ്യാപകനെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു വിധി. വിധിപ്പകര്‍പ്പുമായി 28നുതന്നെ അധ്യാപകന്‍ കോളേജ് മാനേജ്മെന്റിനെ സമീപിച്ചു. മാനേജര്‍ ഫാ. ക്ലമന്റ് വള്ളുവശേരിക്ക് വിധിപ്പകര്‍പ്പു നല്‍കി. അന്ന് പ്രിന്‍സിപ്പല്‍ ഇല്ലെന്ന കാരണത്താല്‍ 30ന് വരാന്‍പറഞ്ഞ് മടക്കിയയച്ചു. 30ന് എത്തിയപ്പോള്‍ വിധി നടപ്പാക്കാനാകില്ലെന്നായിരുന്നു മറുപടിയെന്ന് സെബാസ്റ്റ്യന്‍ ആന്റണിക്കൊപ്പം മാനേജ്മെന്റിനെ കണ്ട എകെപിസിടിഎ ഭാരവാഹികള്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണത്രെ മാനേജ്മെന്റിന്റെ തീരുമാനം. അടിയന്തരമായി തിരിച്ചെടുക്കണമെന്നാണ് ഹൈക്കോടതിവിധിയെന്നും അത് നടപ്പാക്കിയശേഷം അടുത്ത നടപടിയാകാം എന്നു പറഞ്ഞിട്ടും മാനേജ്മെന്റ് ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ചെയ്തതെന്നും സെബാസ്റ്റ്യന്‍ ആന്റണി പറഞ്ഞു.
അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്രിമംകാണിച്ചെന്നാരോപിച്ച് 2008 ഫെബ്രുവരി എട്ടിനാണ് മാനേജ്മെന്റ് അധ്യാപകനെ പുറത്താക്കിയത്. അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ സമരം നടത്തി. സമരം 100-ാം ദിവസമായപ്പോള്‍ മാനേജ്മെന്റ് പിരിച്ചുവിടല്‍ ഉത്തരവ്നല്‍കി. തുടര്‍ന്നായിരുന്നു നിയമയുദ്ധം. അധ്യാപകനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മാനേജ്മെന്റിന്റെത് പകപോക്കല്‍ നടപടിയാണെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാശാലിയായ അധ്യാപകനെ ദ്രോഹിക്കരുതെന്നും അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. അതിനെയും അപഹസിക്കുകയാണ് മാനേജ്മെന്റ്. എംജി സര്‍വകലാശാലയെയും ധിക്കരിച്ച് പ്രവര്‍ത്തിക്കുന്ന കോളേജിനെതിരെ 2005ലും 2007ലും സിന്‍ഡിക്കറ്റ് അന്വേഷണ കമീഷനും പിന്നീട് സര്‍വകലാശാലയും നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. സമയമാറ്റത്തിനെതിരെ നേരത്തെയുണ്ടായ കോടതിവിധി നടപ്പാക്കാനും ഇന്നുവരെ മാനേജ്മെന്റ് തയ്യാറായിട്ടില്ല.
സിനിമാ നിരൂപകനും എഴുത്തുകാരനും പ്രഭാഷകനുമായ സെബാസ്റ്റ്യന്‍ കെ ആന്റണി വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനാണ്. എംജി സര്‍വകലാശാലയ്ക്കു കീഴിലെ ഏറ്റവും മികച്ച സിനിമാ ആര്‍ക്കൈവും ഫിലിം ക്ലബ്ബും കോളേജില്‍ സ്ഥാപിച്ചതും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കിയതും ഇദ്ദേഹമാണ്. സിനിമയെ ആസ്പദമാക്കി അദ്ദേഹം രചിച്ച വാക്കും ദൃശ്യവും എന്ന പുസ്തകം രണ്ടാംവര്‍ഷ ബിരുദക്ലാസിലെ പാഠപുസ്തകവുമാണ്. സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് സിനിമയുടെ സംവിധായകനുമാണ്. കോളേജിലെ സ്റ്റാഫ് ക്ലബ്, കൗണ്‍സില്‍ എന്നിവയില്‍ ദീര്‍ഘകാലം അധ്യാപക പ്രതിനിധിയായി. കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ജില്ലാ ഭാരവാഹിയായിരുന്ന സെബാസ്റ്റ്യന്‍ ആന്റണിയെ സര്‍വീസില്‍ പുനഃപ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
deshabhimani 260512
Labels:
പോരാട്ടം,
വാര്‍ത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
കാലതാമസം വരുത്താതെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഒരുമാസമായി എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജ് മാനേജ്മെന്റ് അവഗണിക്കുന്നു. നാലരവര്‍ഷംമുമ്പ് മാനേജ്മെന്റ് അന്യായമായി പിരിച്ചുവിട്ട കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. സെബാസ്റ്റ്യന്‍ കെ ആന്റണിയെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് ജസ്റ്റിസ് വി രാംകുമാറും കെ ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് മാനേജ്മെന്റ് പരണത്തുവച്ചിരിക്കുന്നത്. മാനേജ്മെന്റിനെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് പ്രൊഫ. സെബാസ്റ്റ്യന്‍ കെ ആന്റണി.
ReplyDelete