Wednesday, May 30, 2012

രാഷ്ട്രീയ മുതലെടുപ്പിനെപ്പറ്റി ആന്റണി മിണ്ടാത്തതെന്തേ: വൈക്കം വിശ്വന്‍


ടി പി ചന്ദ്രശേഖരന്‍ ജീവന് ഭഭീഷണിയുണ്ടെന്ന് മന്ത്രിമാരെ നേരിട്ടറിയിച്ചിട്ടും അത് നല്‍കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ ഈ നിഷ്ഠൂര കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് എ കെ ആന്റണി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് വിജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി ആന്റണി നെയ്യാറ്റിന്‍കരയില്‍ വന്നു പറഞ്ഞത്. ടി പി ചന്ദ്രശേഖരന്‍ ജീവന് ഭഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രിമാരും മുഖ്യമന്ത്രിയും യാതൊന്നും ചെയ്തില്ല. എന്നിട്ട് ഈ നിഷ്ഠൂര കൊലപാതകത്തെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജനങ്ങളുടെ മേല്‍ ജീവിതദുരിതം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ പോലും കേന്ദ്രമന്ത്രിക്ക് കഴിഞ്ഞില്ല എന്നത് ജനദ്രോഹ നയങ്ങളെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കുപോലും കഴിയാതായിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന ആന്റണിയുടെ കാലത്താണ് കേരളം വര്‍ഗീയതയുടെ ചോരക്കളമായി മാറിയത് എന്ന കാര്യം കേരളീയര്‍ ഒരിക്കലും മറക്കുകയില്ല. ഈ നൂറ്റാണ്ടില്‍ ഇനിയൊരു കൊല പാടില്ലെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍, ഈ നൂറ്റാണ്ട് പിറന്നശേഷം 100-ലേറെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇടുക്കിയിലെ അനീഷ് രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിനു പോലും തയ്യാറാവാത്ത യുഡിഎഫ് സര്‍ക്കാരിനോട് ആ നിലപാട് തിരുത്താനാണ് ആന്റണി ഉപദേശിക്കേണ്ടിയിരുന്നത്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസില്‍ സാക്ഷി പറഞ്ഞാല്‍ അവരെ വകവരുത്തുമെന്ന് പറഞ്ഞ ലീഗ് നേതാവിനെതിരെയുള്ള കേസ് പിന്‍വലിച്ചതിനെക്കുറിച്ചും എന്തുകൊണ്ടാണ് മൗനം പാലിച്ചതെന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്.

സംശുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രി എ കെ ആന്റണി തന്റെ മന്ത്രിസഭയിലെ അംഗത്തിന് അഴിമതി ആരോപണത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണുണ്ടായത്. തന്റെ കീഴിലുള്ള പ്രതിരോധവകുപ്പില്‍ പോലും അഴിമതിയുടെ ചീഞ്ഞഗന്ധം പുറത്തുവരുന്നതിനെക്കുറിച്ചും മൗനം പാലിച്ച് കേരളത്തിന്റെ ജനാധിപത്യബോധത്തെയാണ് ആന്റണി പരിഹസിച്ചത്. നാടിന്റെ വികസനത്തിനും സൈ്വരജീവിതം ഉറപ്പുവരുത്തുന്നതിനും വര്‍ഗീയവിരുദ്ധ സമീപനം സ്വീകരിച്ച് നാടിന്റെ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും വേണ്ടി എന്നും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിച്ചത് ഇടതുപക്ഷമാണ്. കേരളത്തിന്റെ ഉന്നതമായ സംസ്കാരത്തെയും ജീവിതത്തെയും തകര്‍ക്കുന്നതിനുള്ള യുഡിഎഫ് നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani news

No comments:

Post a Comment