പ്രതിസന്ധികളും ആശങ്കകളും നിറഞ്ഞ ഒരു അന്തരീക്ഷത്തിലേക്കാണ് ഇത്തവണ ശ്രീനാരായണഗുരു ജയന്തി കടന്നുവരുന്നത്. കോവിഡ് എന്ന മഹാവ്യാധി ലോകം മുഴുവൻ സർവനാശം വിതച്ചുകൊണ്ട് മുന്നേറുന്നു. അപ്പുറത്ത് ഗുരു ലോകസമക്ഷം അവതരിപ്പിച്ച സാഹോദര്യത്തിന്റെ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നു. ഏതൊരു സാംസ്കാരിക ഭൂമികയിൽനിന്നാണോ വിഭജിതമല്ലാത്ത മാനവലോകത്തിനായി ഗുരു ഊർജം സംഭരിച്ചത്, ആ രാജ്യം പ്രിയപ്പെട്ട ഇന്ത്യ കൈയൂക്കിന്റെ മതരാഷ്ട്രമായി മാറുമോ എന്ന ആശങ്ക ഇരുട്ടുപോലെ പടരുന്നു.
1992 ഡിസംബർ ആറിനാണ് സംഘപരിവാർ നേതൃത്വത്തിൽ അഞ്ഞൂറു കൊല്ലം പഴക്കമുള്ള ബാബ്‌റി മസ്ജിദ് തകർത്തത്. ആ നടപടി ഒരു കൊടിയ ക്രിമിനൽ കുറ്റമാണെന്ന് സുപ്രീംകോടതി ഈയിടെ വിലയിരുത്തുകയുണ്ടായി. പക്ഷേ, നിർഭാഗ്യം എന്നുപറയട്ടെ അതേ കോടതി, ഒരു വിധിയിലൂടെ പള്ളി തകർത്ത സ്ഥലം ഒരു ക്ഷേത്രത്തിന്റെ നിർമാണത്തിനായി വിട്ടുകൊടുത്തു. തകർക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങൾക്കുമേൽ ക്ഷേത്രം പണിയുന്നതിനുള്ള ഭൂമിപൂജ നടന്നു. സാധാരണ മട്ടിലുള്ള ഒരു പൂജ ആയിരുന്നില്ല അത്. കോവിഡ് മഹാവ്യാധിയുടെ ഭാഗമായ നിയന്ത്രണങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ഒരു ദേശീയ മഹോത്സവത്തിന്റെ ഭാവവും രൂപവും അതിനു കൽപ്പിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരുന്നു അവിടത്തെ ‘മുഖ്യപുരോഹിത’ൻ.
ഇന്ത്യ ഒരു മതരാഷ്ട്രമാകുന്നതിന്റെ സൂചനയായിട്ടാണ് ജനാധിപത്യപക്ഷത്തെ നിരീക്ഷകർ ആ ചടങ്ങിനെ വിലയിരുത്തിയത്. ഇന്ത്യ ഒരു മതരാഷ്ട്രമാകുമ്പോൾ വിശ്വപ്രസിദ്ധമായ ഒരു സംസ്കാരത്തിന്റെ തകർച്ചയായിരിക്കും ലോകം കേൾക്കുക. അഞ്ഞൂറു കൊല്ലം തങ്ങൾ ആരാധന നടത്തിയിരുന്ന ഒരു ആലയം തകർക്കപ്പെടുകയും തകർത്തവർ രാഷ്ട്രത്തിന്റെ പിന്തുണയോടെ അവരുടെ ആരാധനാലയം പണിയുകയും ചെയ്യുമ്പോൾ മുസ്ലിം ജനവിഭാഗങ്ങൾക്കുണ്ടാകുന്ന നിരാശയും ആത്മവേദനയും പ്രതിഷേധവുമെല്ലാം നമുക്ക് കണ്ടില്ലെന്നു നടിക്കാം. പക്ഷേ, ഇന്ത്യയുടെ ആത്മാവ് മുറിഞ്ഞുണ്ടാകുന്ന വേദന ഏതെങ്കിലും ഒരു പൗരന് അവഗണിക്കാനാകുമോ?
നാരായണഗുരുവിനാൽ വിരചിതമായ ആധുനിക ജനാധിപത്യ കേരളം ഒരു മതരാഷ്ട്രത്തോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നും ആലോചിക്കേണ്ടതുണ്ട്. ഇന്ത്യയുടെ യഥാർഥ പ്രശ്നം എന്താണ് എന്ന് തന്നോട് എന്നപോലെ പ്രിയശിഷ്യൻ സി വി കുഞ്ഞിരാമനോട് ഗുരു ചോദിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ട് പിന്നിട്ടു. ഗുരു തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത്. മതങ്ങൾ തമ്മിലുള്ള കലഹം. കാലങ്ങൾ ഏറെ കഴിഞ്ഞു. ആ കലഹം പലവിധത്തിൽ വളർന്നു. വളർന്നു എന്നല്ല; വളർത്തി എന്നുപറയണം. 1857ലെ പരാജയത്തിൽനിന്ന് ബ്രിട്ടീഷുകാർ പഠിച്ച പാഠം ഇന്ത്യയെ ഹിന്ദുക്കളും മുസ്ലിമുകളുമായി ഭിന്നിപ്പിച്ചു കൊണ്ടിരിക്കണം എന്നതാണ്. ആ ദൗത്യമാണ് സവർക്കർ മാപ്പപേക്ഷയിൽ വാഗ്ദത്തം ചെയ്തതനുസരിച്ച് ആർഎസ്എസ് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നത്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലത്തെ അവസാനിപ്പിക്കാനുള്ള ഉപാധികൾ തേടിയാണ് ഇന്ത്യയുടെ ആത്മീയചിന്തയിൽ നാരായണഗുരു നീന്തിനടന്നതെന്ന് ആ മഹത് ജീവിതവും കൃതികളും തെളിയിക്കുന്നു. പൗരോഹിത്യ വ്യാഖ്യാനങ്ങളുടെ മറവിൽപ്പെട്ടുകിടന്ന അദ്വൈതചിന്ത അതിന്റെ ആത്മസ്വരൂപം കൈവരിക്കുന്നത് ഗുരുവിന്റെ കൈകളിൽ കിടന്നാണ്. ഇതേ തത്വചിന്ത തനിക്കുമുമ്പേ വ്യാഖ്യാനിച്ച മറ്റൊരു കേരളീയനെ ഗുരു വിശേഷിപ്പിച്ചത് "ജാതി സ്ഥാപിക്കാൻ ബുദ്ധികൊണ്ട് പറന്ന ശങ്കരൻ" എന്നാണ്. ശങ്കരാചാര്യർ ഒരുപക്ഷേ നേരിട്ടിരിക്കാവുന്ന ഏറ്റവും ക്രിയാത്മകമായ വിമർശനം. അദ്വൈതത്തെ മായാ(വാദ) മറയാക്കി ശങ്കരാചാര്യർ പൗരോഹിത്യത്തിനും വർണവ്യവസ്ഥയ്‌ക്കും അരക്കിട്ടു. വേദോപനിഷത്തുകൾ കടഞ്ഞെടുത്ത് തനിക്കു കിട്ടിയ ശരിയായ അദ്വൈതംകൊണ്ട് ഗുരു അതു പൊളിക്കുന്നു.
"അവൻ ഇവൻ എന്നൊക്കെ അറിയപ്പെടുന്നത് ആദിമമായ ആത്മരൂപമാണെ"ന്ന് ഗുരു പറയുന്നു. ഇത് അദ്വൈത ചിന്തയുടെ സാരാംശമാണ്. പക്ഷേ, ഗുരു അവിടെ നിർത്തുന്നില്ല. തൊട്ടവരിയിൽത്തന്നെ വെളിപ്പെടുത്തുന്നു: "അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരണം." ആത്മാവും പ്രപഞ്ചവും ഒരേ ഒന്നിന്റെ ഭാഗമാണ് എന്നതുപോലെ മനുഷ്യനും മനുഷ്യനും ഒരേ സത്തയുടെ ആവിഷ്‌കാരങ്ങളാണ്. അതുകൊണ്ട് അവന് ഭിന്നിച്ചുനിൽക്കാൻ അവകാശമില്ല.
"ഒരുവനുനല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം,പരനു പരം പരിതാപമേകിടുന്നോ-
രെരി നരകാബ്ദിയിൽ വീണെരിഞ്ഞിടുന്നു.'
(ആത്മോപദേശശതകം)
മതത്തിനും ജാതിക്കും മേധാവിത്വങ്ങൾക്കും മറ്റെല്ലാ വിഭജനങ്ങൾക്കുമെതിരെ എന്തെല്ലാം ലഭ്യമാണോ അതെല്ലാം തന്റെ കർമപഥത്തിൽ ഗുരു ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദ്വൈതചിന്ത കൂടാതെ ബുദ്ധദർശനവും തമിഴ് ദ്രാവിഡമുറകളും ഇസ്ലാമിക, ക്രൈസ്തവ മതചിന്തകളും അക്കാര്യത്തിൽ ഗുരുവിനു കൂട്ടുനിന്നു. നിങ്ങളേക്കാൾമുമ്പേ ഞാൻ ക്രിസ്തുമതത്തിൽ ചേർന്നുകഴിഞ്ഞു എന്ന് തന്നെ കാണാൻ വന്ന യുവപാതിരിയോട് ഗുരു പറയുന്നു. പരമേശ പവിത്രപുത്രനാണ് അദ്ദേഹത്തിന് ക്രിസ്തു. മുഹമ്മദാകട്ടെ കരുണാവാൻ നബി മുത്തുരത്നവും. മനുഷ്യർക്കിടയിൽ ശുചിത്യവും സ്നേഹവും ഉണ്ടാക്കാനാണ് താൻ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്ന് ഗുരു പറഞ്ഞു.
ഒരു വിഭാഗം ജനങ്ങളുടെ ദുഃഖവും കണ്ണീരും ആശങ്കകളും തളം കെട്ടിനിൽക്കുന്നിടത്ത് ക്ഷേത്രം പണിയുകയും അവിടെ ദൈവമുണ്ടെന്ന് പറയുകയും ചെയ്യുന്നതിനേക്കാൾ മഹാപരാധം വേറെയില്ല. യുദ്ധസ്മാരകമാകരുത് ആരാധനാലയങ്ങൾ. മതരാഷ്ട്രത്തിനെതിരെ ഇന്ത്യൻ ജനത ഉണർന്ന് മുന്നേറുമ്പോൾ അവരെ മുന്നിൽനിന്നുതന്നെ നയിക്കും സമുന്നതമായ ഗുരുസ്മരണ.
*
അശോകൻ ചരുവിൽ
No comments:
Post a Comment