Wednesday, May 19, 2021

മന്ത്രിസഭയിലുണ്ട് 
‘പത്രാധിപൻമാർ ’

മന്ത്രിസഭകളുടെ ചരിത്രത്തിലില്ലാത്തവിധം പത്രാധിപൻമാരുടെ സംഗമമെന്ന പുതുമയും രണ്ടാം പിണറായി സർക്കാരിന്‌ സ്വന്തം. മൂന്നു സിപിഐ എം മന്ത്രിമാരും ഒരു സിപിഐ മന്ത്രിയും മാധ്യമ പ്രവർത്തന രംഗത്തും തിളങ്ങിയവർ. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ദേശാഭിമാനി പത്രത്തിന്റെ ചീഫ്‌ എഡിറ്ററായിരുന്നു. തത്വശാസ്‌ത്ര സംബന്ധിയായ വിഷയങ്ങളിലടക്കം നിരവധി ലേഖനങ്ങളും വിശകലനങ്ങളും എഴുതിയിട്ടുമുണ്ട്. ദേശാഭിമാനിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും കെട്ടിലും മട്ടിലും മാറ്റങ്ങൾ വരുത്താനും നേതൃത്വം നൽകി.

മറ്റൊരാൾ ദേശാഭിമാനിയുടെ ചീഫ്‌ എഡിറ്ററായ പി രാജീവാണ്.‌  റസിഡന്റ്‌ എഡിറ്ററായും രാജീവ് പ്രവർത്തിച്ചിട്ടുണ്ട്. ആധുനിക കാലത്തിന്‌ ഇണങ്ങുന്ന പത്രമാക്കി ദേശാഭിമാനിയെ മാറ്റാനാണ്‌ രാജീവ്‌ ശ്രമിച്ചത്‌. ലേഔട്ടിലും ഉള്ളടക്കത്തിലും എഴുത്തിലും പുതിയ കാലത്തിന്റെ മുദ്രയും പരിഷ്‌കരണങ്ങളും ഉൾക്കൊള്ളിച്ചു. രാഷ്‌ട്രീയ കാലാവസ്ഥ വിലയിരുത്തി ശ്രദ്ധേയമായ വിശകലനങ്ങളും അദ്ദേഹം‌ ദേശാഭിമാനിയിലൂടെ നടത്തി.

കേരളത്തിന്റെ മാധ്യമ മുഖമായി ‌നിയമസഭയിലെത്തിയ വീണ ജോർജാണ് മന്ത്രിപദത്തിലെത്തിയ മറ്റൊരാൾ‌. കൈരളി, ഇന്ത്യാവിഷൻ, മനോരമ, റിപ്പോർട്ടർ ചാനലുകളിൽ അവതാരകയായിരുന്നു. 2012 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോർട്ട്‌ ചെയ്ത അഞ്ച് ഇന്ത്യൻ‌ മാധ്യമ പ്രവർത്തകരിൽ ഒരാൾ.

മാധ്യമ സ്ഥാപനങ്ങളിൽനിന്ന് എക്സിക്ക്യൂട്ടീവ്‌ ഡയറക്ടർ എന്ന പദവിയിലെത്തിയ ആദ്യ വനിതയും വീണയാണ്‌.  എംഎൽഎ ആയിരിക്കെ സർക്കാരിന്റെ ‘ നാം മുന്നോട്ട്‌ ’ പരിപാടി അവതരിപ്പിച്ചും കയ്യടി നേടി. മാധ്യമ രംഗത്ത്‌ സാന്നിധ്യമറിയിച്ച മറ്റൊരാൾ ജനയുഗം മാനേജരായിരുന്ന പി പ്രസാദാണ്‌.

No comments:

Post a Comment