Tuesday, May 25, 2021

ഹിന്ദുത്വാധികാരത്തിന്റെ അധിനിവേശ ഭീകരതയിൽ പിടയുന്ന ലക്ഷദ്വീപ്

കേന്ദ്ര ഭരണപ്രദേശമെന്ന നിലയിൽ ഭരണഘടനാനുസൃതമായ ലക്ഷദ്വീപിൻ്റെ പ്രത്യേക അവകാശങ്ങളെ ഇല്ലാതാക്കി ഹിന്ദുത്വ അധികാരത്തിൻ്റെ ഒരു കോളനിയാക്കി അറബിക്കടലിലെ 36 ഓളം വരുന്ന ദ്വീപു സമൂഹളെ മാറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ആരംഭിച്ചിരിക്കുന്നത്.

അറബിക്കടലിലെ ഈ പവിഴദ്വീപുകൾ കയ്യടക്കാനുള്ള ടൂറിസം കുത്തകകളുടെയും ഗുജറാത്തു കേന്ദ്രമായി പ്രവർത്തിക്കുന്ന റിയൽഎസ്റ്റേറ്റ് ലോബിയുടെയും വ്യവസായ കുത്തകകളുടെയും താല്പര്യങ്ങളാണ് പ്രഫുൽ പട്ടേലിൻ്റെ നീക്കങ്ങൾക്ക് പിറകിലെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. കാശ്മീരിൻ്റെ പദവി എടുത്ത് കളഞ്ഞു ആ സംസ്ഥാനത്തെ മൂന്നായി വിഭജിച്ച് തദ്ദേശീയരുടെ ഭൂമി സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയെല്ലാം എടുത്തുകളഞ്ഞ് ആഗോള ടൂറിസം കുത്തകകൾക്ക് കാശ്മീരിനെ വിട്ടു കൊടുത്തത് പോലെ ലക്ഷദ്വീപിനെ തകർക്കുകയാണ് മോഡിയുടെയും അമിത് ഷായുടെയും കയ്യാളായ പ്രഫുൽ പട്ടേൽ .

മത്സ്യബന്ധന ഷെഡുകൾ പൊളിച്ചുമാറ്റിയും ഡയറിഫാമുകൾ അടച്ചു പൂട്ടിയും പശുവളർത്തൽ തടഞ്ഞും ദ്വീപ് നിവാസികളുടെ ഉപജീവന മാർഗ്ഗങ്ങൾ ഇല്ലാതാക്കുകയാണ്. തദ്ദേശീയ ക്ഷീര വ്യവസായത്തെ തകർത്ത് ഗുജറാത്തിൽ നിന്നുള്ള അമൂൽ ഉല്പന്നങ്ങൾക്ക് വിപണി ഉറപ്പിക്കുവാനുള്ള നീക്കങ്ങൾക്കെതിരെ ലക്ഷദ്വീപ് നിവാസികൾ അമൂൽ ഉല്പന്നങ്ങൾ ബഹിഷ്ക്കരിച്ച് കൊണ്ട് പ്രതിരോധമാരംഭിച്ചിരിക്കുകയാണ്.

മലയാളിയായ വർഗീസ് കുര്യൻ പടുത്തുയർത്തിയ അമുൽ പ്രസ്ഥാനത്തെ സ്വകാര്യ കോർപ്പറേറ്റ്കൾക്ക് അടിയറ വെച്ചവർ കോർപ്പറേറ്റ് ലാഭ മോഹങ്ങൾക്കായി ലക്ഷദ്വീപ് ജനതയുടെ തദ്ദേശീയമായ ക്ഷീര വ്യവസായങ്ങളെ തകർക്കുകയാണ്. കോർപ്പറേറ്റ് താല്പര്യങ്ങളും ഹിന്ദുത്വവും ചേർന്ന അധിനിവേശ ഭീകരതയാണ് ലക്ഷദ്വീപിലിപ്പോൾ നടമാടുന്നത്.

ഭരണഘടനാ ബാധ്യതകൾ മറന്ന് ലക്ഷദ്വീപ് നിവാസികൾക്ക് മേൽ ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കുകയാണ്... തദ്ദേശവാസികളായ ജീവനക്കാരെ ടൂറിസമടക്കമുള്ള വിവിധ സർക്കാർ സർവീസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നു.

വർഗീയ ലക്ഷ്യത്തോടെ ദ്വീപിനെ വരുതിയിലാക്കാനുള്ള നിഷ്ഠൂരമായ അധിനിവേശനീക്കങ്ങളാണ് പ്രഫുൽപട്ടേൽ നടത്തി കൊണ്ടിരിക്കുന്നത്.

കോവിഡു മഹാമാരിയിലും സംഘപരിവാർ ഭരണാധികാരികൾ തങ്ങളുടെ ഹിന്ദുത്വഅജണ്ടകൾ ഒരൊന്നായി പുറത്തെടുക്കുകയാണ്. ബാബരി ബസ്ജിദിന് പിറകെ കാശിയിലെ ഗ്യാങ്ങ് മാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള നീക്കവും രാജ്യമാകെ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ വിരാമമില്ലാതെ തുടരുന്നു.സ്ത്രീകൾ ക്രൂരമായി ലൈംഗികാക്രമണങ്ങൾക്ക് ഇരയാവുന്നു. വിമർശകരായ ബുദ്ധിജീവികളെ യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ചു തടവറകളിലിട്ട് പീഢിപ്പിക്കുന്നു.

അപരമത വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബലം പ്രയോഗിച്ചു ഇല്ലാതാക്കാനും തങ്ങളുടെ സാംസ്കാരിക ദേശീയതയുടെ അടിമകളാക്കി അടിച്ചമർത്താനുമുള്ള ആസൂത്രിതമായ ഫാസിസ്റ്റാക്രമണങ്ങൾ ശക്തിപ്പെടുത്തിയിരിക്കുന്നു.

ലക്ഷദ്വീപിൽ ഹിന്ദുത്വാധികാരത്തിൻ്റെ ബല പ്രയോഗങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്. സംസ്കാരസംഘർഷങ്ങളുടേതായരാഷ്ട്രീയ പ്രയോഗങ്ങളിലൂടെയും ഭരണ നടപടികളിലൂടെയുമാണ് നവഫാസിസ്റ്റുകൾ ലോകമാകെ തങ്ങൾനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങൾ വികസിപ്പിച്ചെടുക്കുന്നത്.

വളരെ ഉൽകണ്ഠാകുലമായ വാർത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തോട് ചേർന്നു കിടക്കുന്ന ലക്ഷദ്വീപിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത് .

നമ്മുടെ സംസ്കാരവും ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്ക്കുന്ന ദ്വീപു സമൂഹമാണ് ലക്ഷദ്വീപ് ..

ഒരർത്ഥിൽ മലയാളിയുടെ ഭാഷയുടെയും സംസ്ക്കാരത്തിൻ്റെയും വിശ്വാസങ്ങളുടെയും തുടർച്ചയാണ് അറബിക്കടലിൽ ചിതറിക്കിടക്കുന്ന ഈ ദ്വീപ് സമൂഹങ്ങൾ.ഇതിൽ മിനിക്കോയി ഒഴികെ മറ്റെല്ലായിടങ്ങളിലും മലയാളമാണ് സംസാരിക്കുന്നത്. മിനിക്കോയിയിൽ മഹൽ ഭാഷയും. ഒരേ ചരിത്രത്തിൻ്റെയും സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്തുടർച്ചക്കാരാണ് കേരളീയരും ദ്വീപ് നിവാസികളും .സൂഫി വിശ്വാസ പാരമ്പര്യത്തെയും സംസ്കാരത്തെ പിന്തുടരുന്ന മുസ്ലിം മത വിശ്വാസികളാണ്ഭൂരിപക്ഷം വരുന്ന ദ്വീപ് നിവാസികളും .ഇന്നിപ്പോൾ അവിടുത്തെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ ഹിന്ദുത്വവൽക്കരണത്തിനാവശ്യമായ കടന്നാക്രമണങ്ങളും തീവ്രമാകുന്ന കോവിഡു മഹാമാരിയും ദ്വീപ്ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്... ബലപ്രയോഗങ്ങളും അറസ്റ്റും കേസും ജയിലും കൊണ്ട് ദ്വീപിലെ എല്ലാ വിധ ജനാധിപത്യ സാധ്യതകളെയും തകർക്കുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ വൈറസ് വ്യാപനത്തിന് എറിഞ്ഞു കൊടുക്കുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷദ്വീപ് ജനങ്ങളുയർത്തിയ പ്രതിഷേധങ്ങളാണ് വംശീയാധിഷ്ടിതമായ പ്രതികാര നടപടിയെന്ന പോലെ ഇപ്പോഴത്തെ അടിച്ചമർത്തലുകൾക്ക് കാരണമായത്.ഒരു ജനതയടെ സാംസ്കാരിക സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ലക്ഷദ്വീപ് നിവാസികൾക്ക് നേരെ നടക്കുന്നത്.99 % ഓളം മുസ്ലിംജനസംഖ്യയുള്ള ലക്ഷദ്വീപിൻ്റെ സ്വത്വത്തെയും സംസ്കാരത്തെയും കടന്നാക്രമിക്കുകയാണ് ബി ജെ പി ക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർഭരണം.

മുസ്ലിം വേട്ടയിലും ഉപജാപരാഷ്ട്രീയത്തിലും വളരെ കുപ്രസിദ്ധനാണ് കഴിഞ്ഞ വർഷം അവിടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ പ്രഫുൽ ഘോഡ പട്ടേൽ.ഈ ഗുജറാത്തി സംഘി ലക്ഷദ്വീപിൻ്റെ സംസ്കാരത്തെയും ജനങ്ങളുടെ വിശ്വാസങ്ങളെയും സ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹുത്വത്തെയാകെ ഹിന്ദുത്വമെന്ന സംസ്കാരിക ദേശീയതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിത പദ്ധതികളാണ് ദേശീയാധികാരം ഉപയോഗിച്ച് രാജ്യമെമ്പാടും ആർ എസ് എസ് നടത്തി കൊണ്ടിരിക്കുന്നത്.

കേന്ദ്രഭരണത്തെ ഉപയോഗിച്ച്അതിനാവശ്യമായ ഓപ്പറേഷനുകളും തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കെതിരായ കടന്നാക്രമണങ്ങളുമാണ് പ്ലാൻ ചെയ്തു നടപ്പാക്കിണ്ടിരിക്കുന്നത്.ലക്ഷദ്വീപിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രചരണങ്ങളെയാകെ തടഞ്ഞിരിക്കുന്നു. ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ കേസ്സെടുത്തിരിക്കുന്നു. ഹോട്ടലുകളിൽ ബീഫ് നിരോധിക്കുകയും ടൂറിസം വികസനത്തിന് മദ്യശാലകൾക്ക് ലൈസൻസ് നൽകുന്നത് വ്യാപകമാക്കിയിരിക്കുന്നു. സ്ക്കുളുകളിലും അംഗൻവാടികളിലും മാംസഭക്ഷണത്തിന് വിലക്കേർപ്പെടുത്തുകയും ലക്ഷദ്വീപിൻ്റെ സംസ്കാരത്തെയും വിശ്വാസങ്ങളെയും അധമവും നമ്മുടെ ദേശീയതക്ക് അഭിമ തമല്ലെന്ന രീതിയിലുള്ള പ്രചാരണ ബോധന പ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് നമ്മുടെ രാജ്യത്തിൻ്റെ ഭിന്ന സംസ്കാരങ്ങളെ ബലപ്രയോഗങ്ങളിലൂടെ ഉദ്ഗ്രഫിച്ചെടുക്കാനുള്ള ആർ എസ് എസ് അജണ്ടയുടെ പ്രയോഗവൽക്കരണമാണ് ലക്ഷദ്വീപിൽ നടക്കുന്നത് .. ഗോവധ നിരോധന പ്രസ്ഥാനം ഹിന്ദു രാഷ്ട്രവാദത്തിൻ്റെ പ്രത്യയശാസ്പ്രയോഗ പദ്ധതിയായാണ് ആവിഷ്ക്കറിപ്പെടുന്നത്. ഹിന്ദുത്വവും പശുരാഷ്ടീയവും ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ പിന്തുണ ലയാടെ ജന്മമെടുത്ത രാജ്യദ്രോഹ രാഷ്ട്രീയ പദ്ധതിയാണ്. പശുമാംസം ഭക്ഷിക്കുന്നത് മീറ്റ് ജിഹാദാണെന്ന് പ്രചരിച്ചിച്ച് മനുഷ്യരുടെ ഭക്ഷണ സംസ്കാരത്തെയും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെയും ബലം പ്രയോഗിച്ച് അടിച്ചമർത്തുകയാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേഷൻ അധികാരികൾ

സംഘ പരിവാറിൻ്റെ വംശഹത്യ രാഷ്ടീയത്തിൻ്റെ പരീക്ഷണ ഭൂമിയായിരുന്ന ഗുജറാത്തിൽ നിന്നുള്ള ബി ജെ പി നേതാവാണ് പ്രഫുൽ പട്ടേൽ.മോഡിയുടെയും അമിത്ഷായുടെയും ഫാസിസ്റ്റ് കേന്ദ്രസംഘത്തിലെ പ്രധാനിയാണ് ഈ ഗുജറാത്തി സംഘി നേതാവായ പ്രഫുൽ പട്ടേൽ.രാഷ്ടീയ ഔദ്യോഗിക ജീവിതത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ആർ എസ് എസുകാരൻ.സൊറാബുദിൻ ഷെയ്ക്കിൻ്റെ ഏറ്റുമുട്ടൽ മരണക്കേസിലെ വിധിയെ തുടർന്ന് മോഡി സർക്കാറിൽ നിന്നും അമിത് ഷാ ഒഴിയേണ്ടിവന്നപ്പോൾ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നിയമിതനായ ആളാണ് പ്രഫുൽ പട്ടേൽ.ദാദ്രനാഗർ ഹവേലി അഡ്മിനിസ്ര്ട്രേറ്റർ എന്ന നിലയിൽ അവിടുത്തെ സ്വതന്ത്ര എം പി യായിരുന്ന മോഹൻ ദെൽക്കറുടെ ആത്മഹത്യക്കേസ്സിൽ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എഫ് ഐആറിൽ പേര് ചേർത്ത റിയൽ എസ്റ്റേറ്റുകാരുടെ സഹായിയായിരുന്നു ഈ പട്ടേൽ ..

രാജ്യത്ത് തുടരുന്ന ബീഫീൻ്റെ പേരിലുള്ള ആൾക്കൂട്ടക്കൊലകളും ദളിത് വേട്ടകളും ബാരാബങ്കിയിലെ പള്ളിത്തകർക്കലും ലക്ഷദ്വീപിൻ്റെ സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഹിന്ദു രാഷ്ട്രം ലക്ഷ്യവെച്ചുള്ള ഫാസിസ്റ്റധികാരപ്രയോഗങ്ങളാണ്.. ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർത്തിയെ രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യവും ബഹുസ്വരതയും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനാവുമെന്ന് മതനിരപേക്ഷ ശക്തികൾ തിരിച്ചറിയണം ശക്തമായ ഇടപെടലുകൾ ഉണ്ടാവണം.ലക്ഷദ്വീപിൻ്റെ സംസ്കാരവും ജീവിതവും തകർക്കാനുള്ള ഗൂഢാേലോചനപരമായ നീക്കങ്ങളാണ് നടക്കുന്നത്. കേരളവുമായുള്ള അവരുടെ ബന്ധത്തെ തകർക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്ത് നിന്നുംബേപ്പൂർ തുറമുഖത്ത് നിന്നുംചരക്കുകകൾ വാങ്ങി കൊണ്ടു പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നു.

ലക്ഷദ്വീപിൻ്റെ ചരക്ക് വ്യാപാരം മംഗലാപുരം തുറമുഖത്തിൽ നിന്നേ പാടുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റർ ഉത്തരവ് ഇറക്കുകയും കേരളവുമായുള്ള ലക്ഷദ്വീപുകാരുടെ ചരിത്രപരമായ ബന്ധത്തെ തടയാനുള്ള ആസൂത്രിതമായ നീക്കങ്ങളാരംഭിക്കുകയും ചെയ്തിരിക്കുന്നു.

കെ ടി കുഞ്ഞിക്കണ്ണൻ 

No comments:

Post a Comment