തിരുവനന്തപുരം > ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ് നല്‍കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സിപിഐ എം അഭിവാദ്യം ചെയ്യുന്നു. ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു.
സിപിഐ എം നും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഈ ജനവിധി കൂടുതല്‍ സഹായകരമാകും. 1957 മുതല്‍ വിവിധ ഘട്ടങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ് ഇടതുപക്ഷ സര്‍ക്കാരുകള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
ഈ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ശക്തി പകരുന്നതാണ് ഈ ജനവിധി. പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചരണങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് ഈ വിജയം കരുത്തു പകരും. ഇന്ത്യയിലാകെയുള്ള പൊരുതുന്ന ജനതയ്‌ക്ക് ഈ തെരഞ്ഞെടുപ്പ് വിജയം കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നു. സാമൂഹ്യ നീതിയിലാധിഷ്‌ഠിതമായ വികസനത്തിനും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുമാണ് കഴിഞ്ഞ 5 വര്‍ഷവും എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ മികച്ച പിന്തുണയും ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായി. കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കും തീവ്ര വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമെതിരായി ബദല്‍ രാഷ്‌ട്രീയ നയം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ വിജയം സഹായിക്കും.
കേരളത്തിലെ യു.ഡി.എഫും ബി.ജെ.പിയും അക്രമസമരങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയും ഈ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് കഴിഞ്ഞ 5 വര്‍ഷവും പരിശ്രമിച്ചത്. കമ്മ്യുണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നല്‍കി. വന്‍തോതില്‍ കുഴല്‍പ്പണം കടത്തിയും വ്യാജ സംഘര്‍ഷങ്ങള്‍ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകള്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ പരസ്യമായി അഹ്വാനം ചെയ്‌തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു. ബി.ജെ.പി ഗവണ്‍മെന്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളെയാകെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപയോഗിച്ചു. ഈ തെറ്റായ എല്ലാ നീക്കങ്ങളെയും അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണകൊണ്ടാണ്. ഈ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ബഹുമുഖമായ വളര്‍ച്ച ലക്ഷ്യംവച്ചുള്ള പ്രകടന പത്രികയാണ് എല്‍.ഡി.എഫ് മുന്നോട്ട് വച്ചിട്ടള്ളത്. അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുള്ള ജനകീയ അംഗീകാരം കൂടിയാണ് ഈ ജനവിധി.
യു.ഡി.എഫ് പിന്തുണയോടുകൂടി 5 വര്‍ഷം മുമ്പ് ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കേരള ജനത ``ക്ലോസ് ചെയ്‌തു''. ബി.ജെ.പിയുടെ വര്‍ഗ്ഗീയതയ്‌ക്ക് കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. നരേന്ദ്ര മോദി അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികള്‍ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തില്‍ വിലപ്പോയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റില്‍ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് വീമ്പ് ഇളക്കിയ ബി.ജെ.പിക്ക് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചിട്ടും സ്വാധീനം വര്‍ദ്ധിപ്പിക്കാനായില്ല. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുര്‍വിനിയോഗം ചെയ്‌തും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഈ ഉയര്‍ന്ന ജനാധിപത്യ ബോധം വര്‍ഗ്ഗീയ തീവ്രവാദത്തോട് കേരള ജനത സന്ധിചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ്.
മതപരമായ ഏകീകരണം ലക്ഷ്യം വച്ച് യു.ഡി.എഫ് ജമാ-അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയത്തിനൊപ്പമാണ് കേരളമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ ഈ ജനകീയ അംഗീകാരം സി.പി.ഐ.(എം)നെയും പ്രവര്‍ത്തകരെയും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരും വിനായാന്വിതരുമാക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവര്‍ത്തന രീതിയും സി.പി.ഐ.(എം) മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ ദശലക്ഷക്കണക്കിന് ബഹുജനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിലൂടെ അറിയിച്ചു.
No comments:
Post a Comment