Saturday, May 29, 2021

മദ്രസാ അധ്യാപകര്‍ക്കുള്ള സഹായത്തിന്റെയും ഗുണഭോക്‌തൃ അനുപാതത്തിന്റെയും പേരില്‍ വ്യാജപ്രചരണം; ഇതാണ് വസ്തുത

കൊച്ചി > ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ പേരില്‍ സോഷ്യല്‍മീഡിയ വഴി വ്യാജപ്രചരണം. മദ്രസാ അധ്യാപകര്‍ക്കുള്ള സഹായം ലഭിക്കുന്നതും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളിലെ ക്രൈസ്തവ-മുസ്ലിം അനുപാതവും സംബന്ധിച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.   ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും അവയിലെ മാനദണ്ഡവും വ്യക്തമാക്കി  മുന്‍ മന്ത്രി കെ ടി ജലീല്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ ഇക്കാര്യത്തിലെ വാസ്തവം തുറന്നുകാട്ടുന്നു.

ഒരുവര്‍ഷം കേരളത്തിലെ മദ്രസാ അധ്യാപകര്‍ക്കായി പെന്‍ഷനും ശമ്പളവും നല്‍കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 7500 കോടിയിലേറെ തുക ചെലവഴിക്കുന്നുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന്  ജലീല്‍ വ്യക്തമാക്കുന്നു. മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്ന ബില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. . ഈ ക്ഷേമനിധിയിലെ അംഗങ്ങളില്‍ നിന്നും മദ്രസ്സാ മാനേജ്‌മെന്റുകളില്‍ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് മദ്രസാ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ഒരുപൈസ പോലും പൊതുഖജനാവില്‍ നിന്ന് മദ്രസ്സാദ്ധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. ഇതാണ് വാസ്തവം.

ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യങ്ങളിലെ അനുപാതം സംബന്ധിച്ചാണ് മറ്റൊരു കുപ്രചരണം. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫ് ഭരണ  കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം - കൃസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആയിരുന്നു. അതുപോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സ്‌കീമുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും അര്‍ഹതപ്പെട്ട മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്.  കേരളത്തിലെ ജനസംഖ്യയില്‍ 26% വരുന്ന മുസ്ലിങ്ങള്‍ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കില്‍ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ 20% മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാര്‍ (ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും).

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന ഗുണഭോക്‌തൃ  അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ചത്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും. -ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ആരും പരാതിപ്പെട്ടിട്ടില്ല. ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

No comments:

Post a Comment