നിരവധി ദ്വീപുകളുടെ സമുച്ചയമാണ് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്. അറുപത്തയ്യായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശം ശാന്തസുന്ദരമാണ്. സമാധാനകാംക്ഷികളായ ജനങ്ങൾ വസിക്കുന്ന ഈ ദ്വീപുസമൂഹത്തിൽ അശാന്തി പടർത്താനാണ് നിലവിലെ ഭരണാധികാരികൾ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിതരീതിയും ജീവനോപാധിയും ഭക്ഷണ, സാംസ്‌കാരിക അവകാശങ്ങളും കവർന്നെടുക്കുകയാണിപ്പോൾ. 2020 ഡിസംബറിൽ പുതിയ അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയേറ്റതോടെയാണ് കാര്യങ്ങൾ ഈ വഴിക്ക് നീക്കിയത്. അതുവരെയുണ്ടായിരുന്ന എല്ലാ അഡ്‌മിനിസ്‌ട്രേറ്റർമാരും ഐഎഎസ് ഓഫീസർമാരായിരുന്നു. ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയക്കാരനെ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. ഗുജറാത്തിലെ മുൻ എംഎൽഎയും 2011ൽ മോഡി മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയുമായിരുന്ന പ്രഫുൽ കെ പട്ടേലിനെയാണ് അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചത്.
കേന്ദ്ര ഭരണപ്രദേശങ്ങളായിരുന്ന ദാദ്ര, നാഗർ ഹവേലിയും ദാമൻ, ദിയുവും ലയിപ്പിച്ചപ്പോൾ അതിന്റെ ആദ്യ അഡ്‌മിനിസ്‌ട്രേറ്ററായിരുന്നു പ്രഫുൽ പട്ടേൽ. ഇവിടെ ജനവിരുദ്ധ നയത്തിലൂടെ വിവാദനായകനായിരുന്നു. ദാമൻ കടലിന് അഭിമുഖമായി നിർമിച്ച കുടിലുകൾ തകർത്ത് ആദിവാസികളെ ഭവനരഹിതരാക്കി. ഇതിൽ പ്രതിഷേധിച്ച നിരവധി ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചു. ഹിന്ദുത്വ, നവഉദാരവൽക്കരണ നയങ്ങൾ സമന്വയിപ്പിച്ച ഗുജറാത്ത് മാതൃക ലക്ഷദ്വീപിലും നടപ്പാക്കാനാണ് അഡ്‌മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നത്. 99 ശതമാനവും മുസ്ലിംവിഭാഗങ്ങൾ അധിവസിക്കുന്ന ദ്വീപിലാണ് ഹിന്ദുത്വ പരീക്ഷണം നടത്തുന്നത്.
ഭൂവുടമകളിൽനിന്ന് ഭൂമിയുടെ ഉടമസ്ഥാവകാശം കവർന്നെടുക്കുന്നതിന് തുടക്കമിട്ടിരിക്കുകയാണ്. മൂന്ന് വർഷത്തിലൊരിക്കൽ ഉടമസ്ഥാവകാശം പുതുക്കിയില്ലെങ്കിൽ അവ നഷ്ടപ്പെടും. ഇത് പുനഃസ്ഥാപിച്ചുകിട്ടണമെങ്കിൽ വൻ തുക പിഴ നൽകണം. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിറ്റി റഗുലേഷന്റെ കരടിൽ നഗരാസൂത്രണത്തിനും മറ്റ് വികസന പദ്ധതികൾക്കും ജനങ്ങളെ അവരുടെ ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കാനും മറ്റൊരുസ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാനും വ്യവസ്ഥകളുണ്ട്. നടപ്പാക്കാൻ ഉദേശിക്കുന്ന ഭൂനയപ്രകാരം കെട്ടിടനിർമാണം, മറ്റ് നിർമാണം, ഖനനം, ക്വാറി തുടങ്ങിയ വികസനാവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കാൻ സാധിക്കും. ഇത് ദ്വീപിലെ അതിലോലമായ ആവാസവ്യവസ്ഥയെ പാടെ നശിപ്പിക്കും. ഡെയ്‌റി ഫാമുകൾ അടച്ചുപൂട്ടിയ അഡ്‌മിനിസ്‌ട്രേറ്റർ അമൂലിനോട് ക്ഷീരോൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. താൽക്കാലികക്കാരും കരാറുകാരുമായ നിരവധി ജീവനക്കാരെയും തൊഴിലാളികളെയും വിവിധ വകുപ്പുകളിൽനിന്ന് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. മറ്റൊരു നീചമായ കൈയേറ്റം നടന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിനുനേരെയാണ്. ദ്വീപിലെ വലിയൊരു വിഭാഗമാളുകളുടെയും ജീവനോപാധി മത്സ്യബന്ധനമാണ്. തീരത്തോടനുബന്ധിച്ച് സ്ഥാപിക്കുന്ന താൽക്കാലിക ഷെഡുകളിലാണ് മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്നത്. തീരസംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച് വലയും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ നിർമിച്ച നിരവധി താൽക്കാലിക ഷെഡുകൾ ഉദ്യോഗസ്ഥർ തകർത്തു. വൻനഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്കുണ്ടായത്.
ജനങ്ങളുടെ ഭക്ഷണശീലത്തിനുമേൽ കണക്കുകൂട്ടിയുള്ള കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിലും സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്‌റ്റലുകളിലും സസ്യേതര ഭക്ഷണം ഒഴിവാക്കി. കന്നുകാലികളെ കശാപ്പുചെയ്യുന്നതും ബീഫ് വിൽപ്പനയും നിരോധിച്ചു. ദ്വീപുവാസികളുടെ മതപരവും സാംസ്‌കാരികവുമായ വൈകാരികത കണക്കിലെടുത്ത് മദ്യവിൽപ്പനയ്‌ക്ക് നിരോധനമുണ്ടായിരുന്നു. എന്നാൽ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഇപ്പോൾ നാല് ദ്വീപിൽ മദ്യവിൽപ്പനയ്‌ക്ക് അനുമതി നൽകി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി പഞ്ചായത്ത് നിയമം ഭേദഗതി ചെയ്‌തു.
കേരളവുമായി പരമ്പരാഗതമായി നിലനിൽക്കുന്ന സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവ ശ്രമം നടത്തുന്നു. കോഴിക്കോട് ബേപ്പൂരിൽ നിന്നാണ് ദ്വീപിലേക്കും തിരിച്ചുമുള്ള ചരക്കുകപ്പലുകൾ സർവീസ് നടത്തിയിരുന്നത്. എന്നാൽ, അത്തരം ചരക്കുകപ്പലുകൾ ഇനിമുതൽ മംഗളൂരുവിലേക്ക് തിരിച്ചുവിടാൻ ഉത്തരവിട്ടിരിക്കുകയാണ്.
കോവിഡ് പടർത്താനും പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ വരവ് കാരണമായി. 2020ൽ ദ്വീപിൽ കോവിഡ് ഉണ്ടായിരുന്നില്ല. കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോയതുകൊണ്ടാണ് കോവിഡ് വരാതെ പിടിച്ചുനിന്നത്. പുറത്തുനിന്ന് ദ്വീപിലെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. എന്നാൽ, പ്രഫുൽ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതോടെ ക്വാറന്റൈൻ നിബന്ധനകൾ ഒഴിവാക്കി. പുറത്തുനിന്നെത്തുന്നവർ ആർടിപിസിആർ പരിശോധനയിലെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന വ്യവസ്ഥ നടപ്പാക്കി. ആദ്യ കോവിഡ് 2020 ജനുവരിയിൽ റിപ്പോർട്ടുചെയ്‌തു. ഇതുവരെ 7000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജനസംഖ്യയുടെ പത്ത് ശതമാനമാണിത്. ജനവിരുദ്ധനയങ്ങൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നു. ഗുജറാത്ത് മാതൃകയിലാണ് പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത്. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്. സാമൂഹ്യവിരുദ്ധരെ മുൻകരുതലായി അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുന്ന നിയമമാണ് ഇവിടെ നടപ്പാക്കുന്നത്. പ്രതിഷേധിക്കുന്നവരെ അറസ്‌റ്റ് ചെയ്യുന്നു. മാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ പോർട്ടലുകൾ പൂട്ടിച്ചു. അഡ്‌മിനിസ്‌ട്രേറ്റർക്ക് മൊബൈലിൽ സന്ദേശം അയച്ചതിന്റെ പേരിൽ മൂന്ന് സ്‌കൂൾ വിദ്യാർഥികളെ ഈയിടെ അറസ്‌റ്റ് ചെയ്‌തു.
ശാന്തമായ ലക്ഷദ്വീപിനെ അശാന്തിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നത് അഡ്‌മിനിസ്‌ട്രേറ്ററുടെ ഹിന്ദുത്വ പരീക്ഷണ നയങ്ങളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുമാത്രം മറുപടി പറഞ്ഞാൽ മതിയെന്ന തികച്ചും ഏകാധിപത്യ സമീപനമാണ് പ്രഫുൽ പട്ടേൽ സ്വീകരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ പട്ടേൽ നടപ്പാക്കുന്ന നയങ്ങളിൽ കശ്‌മീരിലെ അനുഭവങ്ങളാണ് പ്രകടമാകുന്നത്. എങ്കിലും പരിസ്ഥിതിയെ നശിപ്പിച്ച് ഗുജറാത്തിൽ നടപ്പാക്കിയ വികസനമാതൃകയാണ് ലക്ഷദ്വീപിലും ലക്ഷ്യമിടുന്നത്. ഒപ്പം ന്യൂനപക്ഷ സമുദായത്തിനുമേൽ ഹിന്ദുത്വമൂല്യം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. മഹാമാരിക്കാലത്ത് ജനജീവിതം ദുസ്സഹമായിരിക്കെ പ്രതിഷേധങ്ങളെ കാടൻ നിയമങ്ങൾ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്തുന്നു. സ്വന്തം ജീവിത രീതിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാൻ ലക്ഷദ്വീപിലെ ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ദ്വീപ് നിവാസികളുടെ പോരാട്ടം ഒറ്റയ്‌ക്കല്ല. ബിജെപിയും ആർഎസ്‌എസും ഒഴികെയുള്ള കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർടിയും സാമൂഹ്യസംഘടനകളും ദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനത്തുനിന്ന് പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ് ഒറ്റക്കെട്ടായ ആവശ്യം. ശാന്തവും സമാധാനവും കളിയാടുന്ന ദ്വീപിൽ സ്ഥിതി മോശമാകുന്നതിനുമുമ്പ് അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യം മോഡി സർക്കാർ ചെവിക്കൊള്ളുകയാണ് വേണ്ടത്.
പ്രകാശ് കാരാട്ട്
No comments:
Post a Comment