മലപ്പുറം > കോട്ടപൊളിച്ച കരുത്തുമായാണ് അബുദ്‌റഹ്‌മാൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂരിൽ നിന്ന് 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടർച്ചയായ രണ്ടാം തവണ വി അബ്ദുറഹ്‌മാൻ നിയമസഭയിലെത്തിയത്. തിരൂർ പൂക്കയിൽ സ്വദേശിയായ അബ്ദുറഹ്‌മാൻ കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കെഎസ്‌യു താലൂക്ക് സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഐഎൻടിയുസി യൂത്ത്‌വിങ് സംസ്ഥാന സെക്രട്ടറിയുമായി. കെപിസിസി അംഗം, തിരൂർ നഗരസഭാ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു. മുസ്ലിംലീഗ് സ്ഥാനാർഥി ഇ ടി മുഹമ്മദ് ബഷീറിനെ വിറപ്പിച്ച പ്രകടനം. 2016ൽ ലീഗിലെ സിറ്റിങ് എഎൽഎ അബ്ദുറഹ്‌മാൻ രണ്ടത്താണിയെ തറപറ്റിച്ച് സിപിഐ എം സ്വതന്ത്രനായി താനൂരിൽനിന്നും നിയമസഭയിലേക്ക്.
സന്നദ്ധ, ജീവകാരുണ്യ രംഗത്തും സജീവം. താനൂരിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ഉമൈത്താനകത്ത് കുഞ്ഞിഖാദർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയും ആക്ട് തിരൂരിന്റെ പ്രസിഡന്റുമായി പ്രവർത്തിച്ചു. വെള്ളേക്കാട്ട് മുഹമ്മദ് ഹംസയുടെയും നേതിയിൽ ഖദീജയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: റിസ്‌വാന ഷെറിൻ, അമൻ സംഗീത്, നഹല നവൽ.
No comments:
Post a Comment