മെയ് 1 ഓർമ്മിക്കപ്പെടുന്നത്ര മെയ് 28 സ്മരിക്കപ്പെടാറില്ല.
1886മെയ് 4ലേതിനേക്കാൾ നിഷ്ഠൂരമായാണ് 1871ലെ മെയ് 28 ന് തൊഴിലാളികൾ കൂട്ടക്കൊല ചെയ്യപ്പെട്ടത്.
അതോടെ തീർന്നു എന്ന് പലരും കരുതിയ തൊഴിലാളിവർഗം 15 വർഷത്തിനകം മറ്റൊരു
വൻകരയിൽ കൂടുതൽ കരുത്തോടെ ഉടമവർഗത്തെ വെല്ലുവിളിച്ചതിന്റെ കഥയാണ് 8 മണിക്കൂർ സമരത്തിന്റേത്.
1871 മെയ് മാസം 28 ന് അവസാനത്തെ കമ്മ്യൂണാർഡിനേയും കൊന്നുതള്ളി അർമ്മാദിച്ചവർ ഞെട്ടിത്തരിച്ചു കാണണം, പാരിസ് കമ്മ്യൂണിന്റെ പതനം തൊഴിലാളിവർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു തടസ്സമായില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ. തോറ്റുപോയെന്ന് തൽക്കാലം തോന്നിപ്പിക്കുന്ന ഏതു സമരവും പുതിയ മുന്നേറ്റങ്ങൾക്ക് ഊർജം നൽകും എന്നാണ് പാരിസ് കമ്മ്യൂൺ പഠിപ്പിക്കുന്നത്.
പാരിസ് കമ്മ്യൂൺ തോറ്റുപോയെന്ന് ഉടമവർഗം അഹങ്കരിച്ചിട്ട് 150 വർഷം തികയുകയാണ് ഈ മെയ് 28 ന്.
മാർച്ച് 18നു പാരീസ് കമ്യൂൺ പ്രഖ്യാപനത്തിന്റെ 150–-ാം വാർഷികദിനത്തില്‍ എം എ ബേബി എഴുതിയ ലേഖനം താഴെ:
പാരീസ് കമ്യൂൺ @ 150 - എം എ ബേബി എഴുതുന്നു
മാർച്ച് 18 പാരീസ് കമ്യൂൺ പ്രഖ്യാപനത്തിന്റെ 150–-ാം വാർഷികദിനം. 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 72 ദിവസമാണ് പാരീസ് ഭരണം പണിയാളർ കൈയാളിയത്. അടിച്ചമർത്തലിനും ചൂഷണത്തിനും അക്കാലംവരെ നിരന്തരം ഇരയാക്കപ്പെട്ടവർ ആദ്യമായി തിരിച്ചടിക്കാനുള്ള സ്വന്തം ശക്തി തിരിച്ചറിഞ്ഞു. പാരീസ് കമ്യൂണിലൂടെ അവർ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ഒരു മിന്നലൊളി പരത്തി. ‘മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിത'മാണത് എന്നതിൽ സംശയമില്ല. എന്നാൽ, നീതിപൂർവകമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി പിന്നീടു നടന്ന വിജയകരമായ എല്ലാ ഗംഭീര പരിശ്രമങ്ങളിലും പാരീസ് കമ്യൂണിന്റെ വിലപ്പെട്ട പാഠങ്ങൾ കാണാവുന്നതാണ്.
1870ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഫ്രാൻസ്, -പ്രഷ്യ (ജർമനി)ക്ക് കീഴടങ്ങുമ്പോൾ പാരീസിലെ ശാരീരികശേഷിയുള്ളവരാകെ സായുധരായ ‘നാഷണൽ ഗാർഡു'കളായി അണിനിരന്നിരുന്നു. അവർ ഏറെയും തൊഴിലാളി വിഭാഗങ്ങളിൽ നിന്നായിരുന്നു. വൻകിട ഭൂഉടമകളുടെയും മുതലാളിമാരുടെയും പ്രതിനിധിയായിരുന്ന ഫ്രഞ്ച് ഗവൺമെന്റ്തലവൻ ഥേയേഴ്സ് യൂണിഫോമിട്ട തൊഴിലാളികളായ നാഷണൽ ഗാർഡ്സിന്റെ പക്കൽനിന്ന് പീരങ്കികളും ആയുധങ്ങളും പിടിച്ചെടുക്കാൻ ഉത്തരവിട്ടു. നാഷണൽ ഗാർഡുകളുടെ പിന്തുണയോടെ ജനങ്ങൾ തൊഴിലാളികളുടെ നേതൃത്വത്തിൽ മുഖ്യ ഗവൺമെന്റ് ആസ്ഥാനങ്ങൾ മാർച്ച് 18നു കീഴടക്കി. ബൂർഷ്വാ ഭരണനേതൃത്വം ഗത്യന്തരമില്ലാതെ പിൻവാങ്ങി പാരീസിന്റെ പ്രാന്തപ്രദേശമായ വാർഴ്സേയിൽസിൽ താവളമുറപ്പിച്ചു. മാർച്ച് 26നു പാരീസ് കമ്യൂൺ നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ചുമതല ഏറ്റെടുത്ത 60 പ്രതിനിധികളിൽ 15 പേർ ഒന്നാം ഇന്റർനാഷണൽ (1864 –-1876) അംഗങ്ങളായിരുന്നു. ഒമ്പതുപേർ ബ്ലാൻക്വിസ്റ്റ് വിഭാഗത്തിൽപ്പെട്ടവർ. 25 പേർ സ്വതന്ത്ര വിപ്ലവകാരികളെന്ന് പ്രഖ്യാപിച്ചവരും.
തൊഴിൽപരമായി നോക്കിയാൽ 33 പേർ തൊഴിലാളികൾ, അഞ്ചുപേർ ചെറുകിട ബിസിനസുകാർ, 19 പേർ ഓഫീസ് ജീവനക്കാർ, 12 മാധ്യമപ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ. സ്ത്രീകൾ പരിഗണിക്കപ്പെട്ടില്ല എന്നത് അത്യന്തം ഗുരുതരമായ പോരായ്മയായിരുന്നുവെന്ന് പറയാതെ വയ്യ. ആ കാലഘട്ടത്തിന്റെ ദുഃസ്വാധീനം! അതേസമയം, പോരാട്ടരംഗത്ത് സ്ത്രീപങ്കാളിത്തം പാരീസ് കമ്യൂണിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഭാഗമായിരുന്നു. മാർച്ച് 28നു പാരീസ് കമ്യൂൺ നിലവിൽവന്നതായി പ്രഖ്യാപിച്ചു. താൽക്കാലിക ആസ്ഥാനമായ ഹോട്ടൽ ഡിവിയ രക്തപതാകകളും തോരണങ്ങളുംകൊണ്ട് അലംകൃതമായി.
പാരീസ് കമ്യൂൺ അതിന്റെ ചുരുങ്ങിയ ജീവിതകാലത്തിൽ കൈക്കൊണ്ട നടപടികൾ ചൂഷിതവർഗത്തിന്റെ ഭരണം എപ്രകാരം ഗുണപരമായി വ്യത്യസ്തമാണെന്നതിന്റെ തിളക്കമുള്ള തെളിവുകൾ നൽകി. നിർബന്ധിത സൈനികസേവനവും സ്ഥിരം സേനയും വേണ്ടെന്നുവച്ചു. ആയുധമെടുക്കാൻ ശേഷിയുള്ളവരടങ്ങുന്ന നാഷണൽ ഗാർഡ് രൂപീകരിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധകാലത്തെ ആറു മാസ വീട്ടുവാടക വേണ്ടെന്നുവച്ചു. അടച്ചുകഴിഞ്ഞ വാടക വരാനുള്ള കാലത്തേക്ക് വരവുവച്ചു. മുനിസിപ്പൽ വായ്പാ ഓഫീസിൽ പണയംവച്ച ഉരുപ്പടികൾ വിൽക്കുന്നത് തടഞ്ഞു. ഏറ്റവും ഉയർന്ന ശമ്പളം 6000 ഫ്രാങ്കായി നിയന്ത്രിച്ചു. വിദ്യാഭ്യാസം മതനിരപേക്ഷമായിരിക്കാൻ വ്യവസ്ഥ കൊണ്ടുവന്നു. അധിക ഭൂമി ഏറ്റെടുക്കാൻ നിയമം. തലവെട്ടിക്കൊല്ലാൻ ഉപയോഗിക്കുന്ന ‘ഗില്ലറ്റിൻ' ജനകീയാഹ്ലാദപ്രകടനങ്ങൾക്ക് നടുവിൽ വച്ച് കത്തിച്ചുകളഞ്ഞു. ഉടമസ്ഥർ അടച്ചുപൂട്ടിയ ഫാക്ടറികൾ തൊഴിലാളികളുടെ സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനത്തിൽ കൈമാറി. ബാലവേലയും രാത്രി ജോലിയും അവസാനിപ്പിച്ചു. സ്വകാര്യ പണമിടപാട് വഴിയുള്ള ചൂഷണത്തട്ടിപ്പ് നിരോധിച്ചു. കടം തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കുകയും പലിശ കുടിശ്ശിക റദ്ദാക്കുകയും ചെയ്തു. ഭക്ഷണവിതരണ കേന്ദ്രങ്ങളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും നഗരത്തിൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും ലഭ്യമാക്കി. അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യവും കുട്ടികൾക്കായുള്ള നേഴ്സറികളും സ്ഥാപിക്കപ്പെട്ടു.
പാരീസിന് ഒമ്പത് മൈൽ മാത്രം അകലെയുള്ള വാർഴ്സേയിൽസിൽനിന്ന് ചൂഷകഭരണ വർഗസൈന്യം അപ്പോൾ പാരീസ് കമ്യൂണിനെ തകർക്കാനുള്ള ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്യൂണിന്റെ നേതൃത്വത്തിന് ഗുരുതരമായ പരിമിതികളുണ്ടായി. ഫ്രാൻസിലെയും ജർമനിയിലെയും ചൂഷകവർഗസേനകൾ യോജിച്ച് കമ്യൂണിനെ ആക്രമിച്ചു. മെയ് 28ന് അവർ അതിനിഷ്‌ഠുരമായ കൂട്ടക്കുരുതി നടത്തി. ചൂഷകവർഗസേന അതിന്റെ താരതമ്യേന മികവുറ്റ ആയുധസൈനിക ശക്തിയുടെ മേൽക്കൈമൂലം പ്രഥമ തൊഴിലാളി വർഗഭരണത്തെ അടിച്ചമർത്തി. 20,000ൽ അധികം സഖാക്കൾ അന്ന് അരുംകൊല ചെയ്യപ്പെട്ടു.
ഇതിന്റെ കാരണവും സാഹചര്യങ്ങളും അന്നുതന്നെ കാൾമാർക്സ് തന്റെ പ്രസിദ്ധമായ രചനയിൽ വിശകലനം ചെയ്തിട്ടുണ്ട്. ഒന്നാം ഇന്റർനാഷണലിനുള്ള റിപ്പോർട്ടിന്റെ രൂപത്തിൽ 35 പേജുള്ള ലഘുഗ്രന്ഥമായി മാർക്സ് രചിച്ച ‘ഫ്രാൻസിലെ ആഭ്യന്തരയുദ്ധം' എന്ന കൃതിയും രണ്ടു പതിറ്റാണ്ടിനുശേഷം 1891ൽ മാർക്സിന്റെ പ്രസ്‌തുത ഗ്രന്ഥത്തിന് ഫ്രെഡറിക്ക് ഏംഗൽസ് എഴുതിയ ആമുഖവും പാരീസ് കമ്യൂണിനെ മനസ്സിലാക്കാൻ ഉപകരിക്കും. 17 വർഷംകൂടി കഴിഞ്ഞ്, 1908ൽ വ്‌ളാദിമിർ ഇല്ലിച്ച് ലെനിൻ ‘കമ്യൂണിന്റെ പാഠങ്ങൾ' എന്നപേരിൽ പ്രസിദ്ധീകരിച്ച പ്രഭാഷണവും നമ്മുടെ ശ്രദ്ധയർഹിക്കുന്നു. ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും' എന്ന കൃതിയും പാരീസ് കമ്യൂണിന്റെ അനുഭവങ്ങളെ ഗൗരവപൂർവം അപഗ്രഥിക്കുന്നുണ്ട്'.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജർമൻ പതിപ്പിന് 1872 ജൂൺ 24ന് മാർക്സും ഏംഗൽസും ചേർന്ന് മുഖവുര എഴുതുമ്പോൾ പാരീസ് കമ്യൂൺ ചോരയിൽ മുക്കിക്കൊല്ലപ്പെട്ടിട്ട് ഒരു വർഷവും ഒരു മാസവും കഴിഞ്ഞതേയുള്ളൂ. അതിലവർ എഴുതി: ‘പാരീസ് കമ്യൂൺ പ്രത്യേകിച്ചും തെളിയിച്ചത് ഒരു സംഗതിയാണ്: മുമ്പുള്ളവർ തയ്യാർ ചെയ്തുവച്ചിട്ടുള്ള ഭരണകൂടം വെറുതെയങ്ങ് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി അതിനെ അതേപടി ഉപയോഗിക്കാൻ തൊഴിലാളി വർഗത്തിന് സാധ്യമല്ല’.
ഇന്ന് നാം തിരിഞ്ഞുനോക്കുമ്പോൾ പാരീസ് കമ്യൂണിന്റെ നേട്ടങ്ങളും തിരിച്ചടിയുണ്ടാകാനുള്ള കാരണങ്ങളും സംബന്ധിച്ച് കാൾമാർക്സ്, ഏംഗൽസ്, ലെനിൻ, ട്രോട്സ്കി തുടങ്ങിയവരുടെ ഒട്ടനവധി പഠനങ്ങൾ ലഭ്യമാണ്. അതൊക്കെ സൂക്ഷ്മമായി പഠിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ, അതിനുശേഷമുണ്ടായ മുന്നേറ്റങ്ങളും പിന്നോട്ടടികളും നാം അതേ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച 1848ൽ യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവശ്രമങ്ങൾ അടിച്ചമർത്തപ്പെട്ടതിനെക്കുറിച്ച് 1864ൽ ഒന്നാം ഇന്റർനാഷണൽ രൂപവൽക്കരിക്കപ്പെട്ടപ്പോൾ തയ്യാറാക്കിയ ഉദ്ഘാടന വിജ്ഞാപനത്തിൽ മാർക്സ് നടത്തിയ നിരീക്ഷണം ശ്രദ്ധേയവും പിന്നീടുണ്ടായ എല്ലാ തിരിച്ചടികൾക്കും വലിയ പരിധിയോളം ബാധകവുമാണ്.
‘... ആ മഹാലക്ഷ്യത്തെ ലാക്കാക്കിയുള്ള എല്ലാ പരിശ്രമങ്ങളും ഇന്നുവരെ പരാജയപ്പെട്ടത് ഓരോ രാജ്യത്തുമുള്ള തൊഴിലാളികളുടെ നാനാവിധ വിഭാഗങ്ങളുടെ അനൈക്യംമൂലവും വിവിധ രാജ്യങ്ങളിലെ തൊഴിലാളി വർഗങ്ങൾക്കിടയിലെ സാഹോദര്യത്തിന്റെ അഭാവം മൂലവുമാണ് ...'
1848ലും 1871ലും നടന്ന വിപ്ലവ പരിശ്രമങ്ങളാണ് കാൾമാർക്സും ഫ്രെഡറിക് ഏംഗൽസും ജീവിച്ചിരിക്കുമ്പോൾ സംഭവിച്ച മനുഷ്യമോചന സമരങ്ങൾ. ആദ്യത്തേത് തൽക്ഷണം അടിച്ചമർത്തപ്പെട്ടു. അതിനെത്തുടർന്ന് 1852–-1853ൽ കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനങ്ങൾ തുടരാനാകാത്ത സ്ഥിതിയും സംജാതമായി. 1871ലെ പാരീസ് കമ്യൂണിന്റെ ആളിക്കത്തലിനും തകർച്ചയ്‌ക്കുംശേഷം ഒന്നാം ഇന്റർനാഷണൽ ആസ്ഥാനം യൂറോപ്പിൽനിന്ന് യുഎസ്എയിലെ ന്യൂയോർക്കിലേക്ക് മാറ്റാൻ 1872 സെപ്തംബറിൽ ഹോളണ്ടിലെ ഹേഗിൽ ചേർന്ന സംഘടനയുടെ സമ്മേളനം തീരുമാനിച്ചു. 1876 ജൂലൈയിൽ ഫിലാഡെൽഫിയയിലെ സമ്മേളനത്തോടെ ഒന്നാം ഇന്റർനാഷണലിന്റെ പ്രവർത്തനം അവസാനിച്ചു.
1917ലെ റഷ്യൻ വിപ്ലവവും ചുവപ്പുസേന ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചതിനെ തുടർന്ന് കിഴക്കൻ യൂറോപ്പിലുണ്ടായ മാറ്റങ്ങളും ഏഷ്യയിലെ കമ്യൂണിസ്റ്റ്/തൊഴിലാളി പാർടികളുടെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങളും ക്യൂബ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ അനുഭവങ്ങളും ഇന്ന് നമ്മുടെ മുന്നിലുണ്ട്. നേപ്പാളും ദക്ഷിണാഫ്രിക്കയും മുതലാളിത്ത രാജ്യങ്ങളിലെ ചില സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുളള പരിമിത ഭരണപരീക്ഷണവുമൊക്കെ മുന്നോട്ടുവയ്ക്കുന്ന വ്യത്യാസങ്ങളുള്ള ഇടപെടലുകളും സംഭാവനകളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.
ജനകീയ ഭരണമോ സോഷ്യലിസ്റ്റ് ഭരണമോ സ്ഥാപിതമാകുമ്പോൾ പ്രതിലോമശക്തികളുടെ അട്ടിമറി ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നത് പ്രധാനമാണ്. ഒപ്പം ജനകീയ ജനാധിപത്യവും അധ്വാനിക്കുന്നവരുടെ സമ്പൂർണാധികാരവും കാത്തുസൂക്ഷിക്കുന്ന പരീക്ഷണവും പ്രധാനമാണ്. ഈ കടമ അവഗണിക്കാതെ മുതലാളിത്ത വ്യവസ്ഥയിലേതിനേക്കാൾ ആഴമുള്ള ജനാധിപത്യ–-പൗരസ്വാതന്ത്ര്യങ്ങൾ അതിന്റെ സമഗ്രതയിൽ എങ്ങനെ പ്രാവർത്തികമാക്കാനാകുമെന്നതും വളരെ കാതലായ കാര്യമാണ്. കൃഷിയുൾപ്പെടെ സാമ്പത്തികോൽപ്പാദനത്തിന്റെ മികച്ച കൈകാര്യ കർതൃത്വവും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വൻമുന്നേറ്റവും സമത്വവും സാമൂഹ്യ നീതിയും സംബന്ധിച്ച അകളങ്കമായ മാതൃകകളും പുതിയ സോഷ്യലിസ്റ്റ് സമൂഹത്തിൽ അനുഭവപ്പെടുന്ന സ്ഥിതിയുണ്ടാകണം. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള സമത്വ സമൂഹമെന്നത് തൊഴിലാളിവർഗ പാർടിയുടെ ആധിപത്യമായി തെറ്റിദ്ധരിക്കപ്പെട്ടതുപോലുള്ള പ്രശ്നങ്ങളും സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കേറ്റ തിരിച്ചടികൾക്ക് കാരണമാണ്. പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള മനുഷ്യ പുരോഗതിയെന്ന കാഴ്ചപ്പാടും ഇന്നത്തെ ആഗോളതാപനം സംബന്ധിച്ച ലോകാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രാധാന്യം നേടിയിട്ടുണ്ട്.
ഇതുവരെയുള്ള വ്യത്യസ്താനുഭവങ്ങളെ മുൻനിർത്തി ഉള്ളുതുറന്ന് സ്വയംവിമർശനം നടത്തിയും ഇതുപോലെ മൗലിക പ്രാധാന്യമുള്ള കാര്യങ്ങൾ പരിഗണിച്ചും മാത്രമേ കുറ്റമറ്റ സോഷ്യലിസ്റ്റ് സമൂഹസൃഷ്ടിക്കായുള്ള പരിശ്രമങ്ങൾ ഭാവിയിൽ വിജയം വരിക്കുകയുള്ളൂ. ‘സ്വർഗത്തെ കടന്നാക്രമിച്ച ധീരർ' എന്നാണ് കാൾമാർക്സ് പാരീസ് കമ്യൂണിന്റെ പോരാളികളെ കാവ്യാത്മകമായ ഭാഷയിൽ വിശേഷിപ്പിച്ചത്. ഒന്നര നൂറ്റാണ്ടിനുശേഷം നാം ഇന്നു ജീവിക്കുന്ന ലോകത്തിൽ അസാധാരണമായ മാറ്റങ്ങളാണ് ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ കാണാനാകുന്നത്. ഈ പുതിയ സാഹചര്യത്തിൽ ചൂഷണമുക്തമായ വ്യവസ്ഥ പടുത്തുയർത്താനുള്ള ശ്രമങ്ങൾ സമൂഹത്തിൽ രൂപപ്പെട്ട വൻമാറ്റങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാകണം വിഭാവനം ചെയ്യേണ്ടത്. ആ ലക്ഷ്യത്തോടെ വേണം പാരീസ് കമ്യൂൺ മുതൽ സമകാലിക ലോകാനുഭവങ്ങൾ വരെയുള്ള കാര്യങ്ങൾ നാം വിശകലനം ചെയ്യുന്നത്.
No comments:
Post a Comment