എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം സമുജ്വലമാ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ വിജയമാണ് എല്‍ഡിഎഫിന്റെ വിജയം. ഒട്ടേറെ വന്‍കിട പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാരിന് പൂര്‍ത്തീകരിക്കാനായി. അതില്‍ ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കുശേഷം ആദ്യമന്ത്രിസഭായോഗം കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ് ജനങ്ങള്‍ക്ക് താല്‍പര്യം. അനാവശ്യ സംഘര്‍ഷമല്ല, സമാധാന ജീവിതമാണ് ജനം കാംക്ഷിക്കുന്നത്. സര്‍ക്കാരിനെതിരായി ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമം നടത്തിയപ്പോഴും ജനം ഒപ്പം നിന്നില്ല.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സാങ്കേതിക വിദ്യയിലേതുള്‍പ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.
വ്യവസായ വികസനം ആസൂത്രണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കും. നീര്‍ത്തടാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കുന്നതിനും ഹരിത കേരള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലത്തിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യത ഒരുക്കും.
വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്ങ്, ലോജിസ്റ്റിക്‌സ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്തും.പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതല്‍ മൂല്യവര്‍ധനവ് സാധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ഐടി വകുപ്പ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരളത്തിലെ ഐടി വ്യവസായം എന്നിവ സംയുക്തമായി പ്രത്യേക വെബ് പോര്‍ട്ടലിലൂടെ കേരളത്തില്‍ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരെയും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കും.
ഐടി വിദ്യാര്‍ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നിലവില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാര്‍ഗരേഖ ആറുമാസത്തിനകം തയ്യാറാക്കും.
വ്യവസായ മേഖലയുമായി സജീവമായി സഹകരിക്കാന്‍ ഐടി അധ്യാപകരേയും വകുപ്പുകളേയും സംയുക്ത ഗവേഷണങ്ങളിലൂടെയും മറ്റും പ്രോത്സാഹിപ്പിക്കും.
എല്ലാ ശാസ്ത്ര സാങ്കേതിക കോഴ്‌സുകളിലും നൂതനത്വത്തെക്കുറിച്ചും സ്റ്റാര്‍ട് അപ്പുകളെക്കുറിച്ചും നിര്‍ബന്ധ കോഴ്‌സ് കേരള സ്റ്റാര്‍ട് അപ്പ് മിഷനും അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കും.
സംയുക്ത സംരംഭങ്ങളിലൂടെയും സ്വതന്ത്ര നിക്ഷേപങ്ങളിലൂടെയും ഹാര്‍ഡ് വെയര്‍ സെക്ടറിലെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും. ഹാര്‍ഡ് വെയര്‍ ടെസ്റ്റ് ഫെസിലിറ്റി സജ്ജമാക്കാന്‍ മുന്‍ഗണന നല്‍കും.
മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകളെ കണ്ടെത്തി അവിടെ നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും.
വികേന്ദ്രീകൃതമായ തൊഴിലിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും (വര്‍ക്ക് ഫ്രം ഹോം) ഉള്ള അനേകം അവസരങ്ങള്‍ ഐടി നല്‍കുന്നുണ്ട്. ഐടി മേഖലയിലേക്ക് ഉയര്‍ന്ന തോതില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധ്യത ഇത് തുറന്നുവെക്കുന്നുണ്ട്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും ഉള്ള പ്രത്യേക പരിപാടികള്‍ നടപ്പാക്കും.
കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെയും പൂര്‍ത്തീകരണം സാധ്യമാക്കും.
വ്യവസായ ഇടനാഴിക്കനുബന്ധമായി ഹൈ ടെക്‌നോളജി മാനുഫാക്ചറിങ് അഗ്രോ പ്രൊസസിങ്, ഐടി, ബയോ ടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും.
പെട്രോ കെമിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പോളിമേഴ്‌സ്, ഫൈബര്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് മികച്ച സാധ്യതകള്‍ കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ സാധ്യമാക്കും. എഞ്ചിനീറിങ്, പെട്രോ കെമിക്കല്‍സ്, പോളിമര്‍ ടെക്‌നോളജി, റബ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കും.
സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈ ടെക്‌നോളജി സംരംഭത്തിലേര്‍പ്പെടുന്നതിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംപ്രോത്സാഹനം നല്‍കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ സഹകരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാവരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ - അമിതാധികാര ശക്തികളും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദേശീയതലത്തില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെയ്ക്കും. പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒരു പ്രധാന മേഖല ഉന്നതവിദ്യാഭ്യാസം ആയിരിക്കും.
ഓരോ വിജ്ഞാന ശാഖയുടെയും കാര്യക്ഷമത പരിപോഷിപ്പിക്കും. ബിരുദ ബിരുദാനാന്തര വിദ്യാഭ്യാസത്തിനും അക്കാദമിക ഗവേഷണത്തിനുതകുന്ന സമീപനങ്ങള്‍ സ്വീകരിക്കും. അതിനനുയോജ്യമായ കോഴ്‌സുകള്‍ ആരംഭിക്കും. ശ്രേഷ്ഠ കേന്ദ്രങ്ങളും അതേ മാതൃകയിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളും ഇതിന്റെ ഭാഗമായി സജ്ജമാക്കും.
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യങ്ങളോട് സുതാര്യമായി പ്രതികരിക്കുന്ന തരത്തില്‍ ഭരണപരമായ നിയന്ത്രണങ്ങളില്‍ ആവശ്യമായ അയവ് വരുത്തും.
പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അധ്യയനം എങ്ങനെ നമ്മുടെ കലാലയങ്ങളിലും സര്‍വകലാശാലകളിലും ആവിഷ്‌കരിക്കാം എന്നത് സംബന്ധിച്ച് പഠനം നടത്തും. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിച്ചെടുക്കാന്‍ അന്തര്‍ സര്‍വകലാശാലാ ഗ്രൂപ്പുകളെ സജ്ജമാക്കും.
അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാര്‍ത്ഥികളുടെ കൈമാറ്റത്തിനുള്ള (എക്‌സ്‌ചേഞ്ച്) ശൃംഖല ദേശീയ-അന്താരാഷട്ര തലത്തില്‍ തന്നെ വികസിപ്പിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരുടെ പൂള്‍ സജ്ജമാക്കും.
ലൈബ്രറികളുടെ നവീകരണം സാധ്യമാക്കും. ഇ-വിഭവങ്ങള്‍ കാമ്പസുകളും സ്ഥാപനങ്ങളുംപങ്കുവെക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തും. ഓരോ സര്‍വകലാശാലയ്ക്കും കലാലയത്തിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പ്രത്യേക പദ്ധതികളും പരിപാടികളും ആവശ്യകത കണക്കിലെടുത്ത് തയ്യാറാക്കും.
ശാസ്ത്ര-സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളുടെ വിപുലമായ ശൃംഖല പ്രത്യേക ശ്രദ്ധയോടെ ശക്തിപ്പെടുത്തും. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കും.
സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും ശാസ്ത്രീയ അവബോധവും വളര്‍ത്തുന്ന പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലുകള്‍ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജരാക്കും. ഏറ്റവും ആധുനികമായ ശേഷിവികസന പരിപാടികള്‍ അവര്‍ക്ക് ലഭ്യമാക്കും. ഐടി അധിഷ്ഠിത സേവനങ്ങള്‍, ഗതാഗതം, സ്റ്റോറേജ്, വാര്‍ത്താവിനിമയം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, നിര്‍മാണം, ആരോഗ്യം, മെഡിക്കല്‍ എക്യുപ്‌മെന്റ്, ഭഷ്യസംസ്‌കരണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ കേരളത്തില്‍ വലിയ തൊഴില്‍ സാധ്യത ഉണ്ട്. ഇത് ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. പുതിയ സാധ്യത ഉയര്‍ന്നുവരുന്ന മേഖലകളില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ശേഷി വികസനം ലഭ്യമാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും.
ശേഷി വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലും സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും സര്‍ക്കാരിന് വലിയ പങ്കു വഹിക്കാനുണ്ട് എന്നാണ് അന്താരാഷട്ര തലത്തില്‍ വിജയകരമായിട്ടുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുക.
പരിശീലനത്തെ ഇപ്പോഴുള്ള തൊഴില്‍ കമ്പോളങ്ങളുടെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം ഭാവി തൊഴിലുകള്‍ക്ക് അനുസൃതമായ വിധത്തില്‍ ശേഷികള്‍ വികസിപ്പിക്കും.
യുവാക്കളുടെ പരിശീലനത്തില്‍ അടിസ്ഥാന ശേഷികള്‍ ഉള്‍പ്പെടുത്തുകയും നിലവാരമുള്ള അപ്രന്റീസ്ഷിപ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും.
തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാപ്യത വര്‍ധിപ്പിക്കുകയും ഔദ്യോഗിക സമ്പദ്ഘടനയിലെ തൊഴിലുകളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പുരുഷന്മാരെയും സ്ത്രീകളെയും സജ്ജരാക്കുകയും ചെയ്യും.
കാര്യക്ഷമമായ ലേബര്‍ മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സംവധാനവും ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സംവിധാനവും ഒരുക്കും.
ഖരമാലിന്യസംസ്‌കരണമെന്ന പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ അത് ഗൗരവതരമായ ആരോഗ്യ, ശുചിത്വ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാനിടയാകും. ഈ യാഥാര്‍ത്ഥ്യം മുനിര്‍ത്തി അഞ്ചുവര്‍ഷം കൊണ്ട് മാലിന്യ രഹിത കേരളം യാഥാര്‍ത്ഥ്യമാക്കും.
നാട് നിലനില്‍ക്കുന്നതും ചലിക്കുന്നതും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രയത്‌നത്തിന്റെ ഭാഗമായാണെന്ന് കണ്ടറിഞ്ഞുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
മടങ്ങിവന്ന പ്രവാസികളുള്‍പ്പെടെ സംരംഭകരാകാന്‍ സാധ്യതയുള്ള നിരവധിയാളുകള്‍ കേരളത്തിലുണ്ട്. അവര്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരങ്ങള്‍ തേടുകയാണ്. സാങ്കേതിക വിദ്യ പഠിക്കാനും ആര്‍ജിക്കാനുമുള്‍പ്പെടെ അവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഒരുക്കും.
സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണ നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെയും ജന്‍ഡര്‍ ബജറ്റിംഗ് ശക്തിപ്പെടുത്തും. സംസ്ഥാനടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനും ക്രൈം മാപ്പിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ ഇടപെടലിനും രൂപം നല്‍കും.
കേരളത്തിന്റെ പൊതുവായ വികസനത്തിന്റെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായോപകരണങ്ങള്‍ ഉറപ്പുവരുത്തും.
വിപുലമായ വയോജന സര്‍വ്വേ നടത്തി സേവനങ്ങള്‍ വാതില്‍പ്പടിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രത്യേക സാന്ത്വന പരിചരണ പരിപാടി ആവിഷ്‌കരിക്കും.
സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും സമയബന്ധിതമായും റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തും.
പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
നമ്മുടെ മതനിരപേക്ഷ സംസ്‌കാരത്തിന്റെ കാവലാളായ മാതൃഭാഷ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും.
പാരിസ്ഥിതിക സൗഹാര്‍ദ്ദപരമായ സുസ്ഥിര വികസനമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുക.
കേരളം ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം അനുദിനം മെച്ചപ്പെടുത്തിക്കൊണ്ട് മാത്രമേ അത് സാധ്യമാകൂ. പൊതുമണ്ഡലങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും.
അന്താരാഷ്ട്ര തലത്തിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ നാട്ടിലെ യുവതീ-യുവാക്കള്‍ക്ക് ഈ നാട്ടില്‍ തന്നെ തൊഴിലവസരം ഉറപ്പവരുത്താനുള്ള ക്രിയാത്മകമായ നടപടിക്കാണ് ഊന്നല്‍ നല്‍കുക. കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കുകയും അത് എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാപ്തമാകുന്ന തരത്തിലുള്ള ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്കായിരിക്കും പരിശ്രമിക്കുക.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി പുനക്രമീകരിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.
ഈ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രിസഭായോഗം ചില തീരുമാനങ്ങള്‍ എടുത്തത്.
അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിശദമായ സര്‍വെ നടത്താനും ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.
പാര്‍പ്പിടമെന്നത് മനുഷ്യന്റെ അവകാശമായി അംഗീകരിച്ച സര്‍ക്കാരാണിത്. എല്ലാവര്‍ക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ട് പരിശോധിച്ചാകും തുടര്‍നടപടികള്‍.
ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഒപ്പം ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നല്‍കാന്‍ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തി.
സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസ്സമുണ്ടാകാന്‍ പാടില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഈ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കും.
ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.
വ്യവസായമേഖലയില്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്തങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment