Saturday, May 29, 2021

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ; 80:20 അനുപാതം; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം! യാഥാർത്ഥ്യമെന്താണ്?

ഡോ.കെ.ടി.ജലീൽ എഴുതുന്നു

 ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എന്തൊക്കെ ക്ഷേമ പ്രവർത്തനങ്ങളാണ് നടന്നതെന്ന് ചോദിക്കുന്നവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെയും അതിൻ്റെ അടിസ്ഥാനത്തിൽ പഠിച്ച് സമർപ്പിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപ്പോർട്ടിലെയും ശുപാർശകൾ ഘട്ടം ഘട്ടമായേ ഏതൊരു സർക്കാരിനും നടപ്പിലാക്കാൻ കഴിയുകയുള്ളൂ. വിവിധ തുറകളിലെ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കാൻ ബന്ധപ്പെട്ട മേഖലകളിലേക്ക് അവരിലെ നിർധനരെ ആകർഷിക്കാൻ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രസക്തമെന്ന് തോന്നുന്ന പദ്ധതികൾ വിഎസ് സർക്കാറിൻ്റെ കാലത്തും അത് കഴിഞ്ഞു വന്ന UDF സർക്കാറിൻ്റെ കാലയളവിലും നടപ്പിലാക്കിയിരുന്നു. തുടർന്നുവന്ന ഒന്നാം പിണറായി സർക്കാരും ആ പാത തന്നെ പിന്തുടർന്നു. വിവിധ സർക്കാർ ഉദ്യോഗ മേഖലയിൽ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പ്രത്യേക സ്കീമുകൾ പ്രസക്തമാണ് താനും. ഈയുള്ളവൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യവെ നടപ്പിലാക്കിയ പദ്ധതികളുടെ സംക്ഷിപ്തമാണ് ചുവടെ.

1) 1000 വിധവകൾക്ക് ഭവന പുനരുദ്ധാരണത്തിന് 50000 രൂപ സഹായം നൽകുന്ന ഇമ്പിച്ചിബാവാ വിധവാ ഭവന പുനരുദ്ധാരണ സ്കീം.

2) നഴ്സിംഗിനും പാരാമെഡിക്കലിനും പഠിക്കുന്ന 300 കുട്ടികൾക്ക് 15000 രൂപ വെച്ചുള്ള സ്കോളർഷിപ്പ് പദ്ധതി.

3) പത്ത് മിടുക്കരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപയുടെ വിദേശ പഠന സ്കോളർഷിപ്പ്.

4) SSLC, +2, ഫുൾ A+ നേടിയ വിദ്യാർത്ഥികളും 80% മാർക്കോടെ ഡിഗ്രി പാസ്സായവരുമായ 3300 വിദ്യാർത്ഥികൾക്ക് 10,000, 15000 രൂപ വെച്ച് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്.

5) UGC - NET പരിശീലനം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതി.

6) പ്രീമാരിറ്റൽ കൗൺസിലിംഗ് ഇതിനകം 181 ബാച്ചുകളിലായി 6500 യുവതീയുവാക്കൾക്ക് കൗൺസിലിംഗ്‌ നൽകിയ പദ്ധതി. പ്രസ്തുത പ്രൊജക്ട് ഇപ്പോഴും തുടരുന്നു.

7) പൊന്നാനി ന്യൂനപക്ഷ PSC പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി.

8) നാഷണൽ ടാലൻ്റ് സർച്ച് പരിശീലനം ഒരു വർഷത്തിൽ 200 പേർക്ക് ഓരോ വർഷവും നൽകുന്ന പ്രോഗ്രാം.

9) ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസ്ഥാന നവീകരണം യാഥാർത്ഥ്യമാക്കി.

10) 10000 ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനത്തിനും കരിയർ വികാസത്തിനുമായുള്ള 'എക്സ്പ്ലോറിംഗ് ഇന്ത്യ' പ്രോഗ്രാം. ഇവരിൽ ഏറ്റവും മിടുക്കരായ 120 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഫ്ലൈറ്റ് യാത്ര ഉൾപ്പടെ ഒരു ഡൽഹി ട്രിപ്പ്. ഫ്ലൈറ്റ് യാത്രക്കുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുതുതലമുറയിൽ വളരുന്ന അരക്ഷിത ബോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപകൽപന ചെയ്തത്. ഇതും ഒരു തുടർ പ്രൊജക്ടാണ്.

11) മദ്രസ്സാദ്ധ്യാപക ക്ഷേമനിധി പാലൊളിയുടെ കാലത്ത് രൂപീകരിച്ചിരുന്നെങ്കിലും ആനുകൂല്യങ്ങൾ ഉൾപ്പടെ ഭരണപരവും നയപരവുമായ കാര്യങ്ങൾ തീരുമാനിക്കാൻ മദ്രസ്സകൾ നടത്തുന്ന വിവിധ സംഘടനകളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളെ ഉൾപെടുത്തി നിയമം വഴി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താൻ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിർവഹണ ബോർഡ് നിയമം വഴി രൂപീകരിച്ചു. തദ്വാരാ കൂടുതൽ ആനുകൂല്യങ്ങൾ മദ്രസ്സാദ്ധ്യാപകർക്ക് നൽകാൻ സാധിച്ചു. അംഗങ്ങളിൽ നിന്നും മദ്രസ്സാ മാനേജ്മെൻ്റുകളിൽ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഏകദേശം 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവൺമെൻ്റ് നൽകുന്ന ഇൻസെൻ്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവിൽ നിന്ന് മദ്രസ്സാദ്ധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ല. ഞാൻ നിയമ സഭയിൽ പറഞ്ഞു എന്ന വ്യാജേന താഴെ ഇമേജായി നൽകിയ ഒരു വാറോല വ്യാപകമായി തൽപര കക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടി മാത്രമാണ് ഈ നുണ പ്രചരണം.

12) 8 പുതിയ ന്യൂനപക്ഷ മൽസര പരീക്ഷാ കേന്ദ്രങ്ങളും (തലശ്ശേരി, പേരാമ്പ്ര, ആലത്തിയൂർ, വളാഞ്ചേരി, പട്ടാമ്പി, മട്ടാഞ്ചേരി, കുണ്ടറ, കായങ്കുളം) 16 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

13) ന്യൂനപക്ഷ വിദ്യാർത്ഥികളിൽ ദേശീയേൽഗ്രഥന പ്രധാനമായ വിഷയങ്ങളിൽ ഗവേഷണ ത്വര പ്രോൽസാഹിപ്പിക്കുന്നതിന് അവർക്ക് താമസിച്ച് ഗവേഷണം നടത്താൻ ബൃഹത്തായ ലൈബ്രറി സംവിധാനത്തോടെയുള്ള ഒരു ന്യൂനപക്ഷ പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കാൻ പദ്ധതിയിടുകയും ഇതിനാവശ്യമായ 5 ഏക്കർ സ്ഥലം രാമനാട്ടുകരയിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരിൽ നിന്ന് സൗജന്യമായി സർക്കാരിലേക്ക് ലഭ്യമാക്കുകയും ചെയ്തു. തൽസംബന്ധമായ MoU ഉടൻ ഒപ്പുവെക്കും.

14) അന്യാധീനപ്പെട്ട് പല മാടമ്പിമാരും സ്വന്തമാക്കി വെച്ച് അനുഭവിച്ചിരുന്ന കണ്ണായ സ്ഥലങ്ങളിലുള്ള വഖഫ് ഭൂമികളും സ്വത്തുവഹകളും സമഗ്ര സർവ്വേ നടത്തി കണ്ടെത്തുകയും അവ വഖഫ് ബോർഡിൻ്റെതാക്കാൻ വഖഫ് സർവ്വേ കമ്മീഷണറെ നിയോഗിക്കുകയും ചെയ്തു. ഓരോ ജില്ലയിലേയും കളക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സർവ്വേ പ്രവൃത്തി 90 ശതമാനവും പൂർത്തിയാക്കി. വരുന്ന ഒരു കൊല്ലത്തിനിടയിൽ സംസ്ഥാന വഖഫ് ബോർഡിൻ്റെ വരുമാനം പതിൻമടങ്ങ് വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കേന്ദ്ര വഖഫ് മന്ത്രാലയത്തിൻ്റെ പ്രശംസ ഇക്കാര്യത്തിൽ ലഭിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.

15) ഹജ്ജ് ഹൗസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മൂന്ന് കോടി രൂപ ചെലവിട്ട് സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് നിർമ്മിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമിട്ടു.

16) സംസ്ഥാനത്ത് ആദ്യമായി കരിപ്പൂരും കൊച്ചിയിലുമായി രണ്ട് ഹജ്ജ് എംബാർകേഷൻ പോയിൻ്റുകൾ പ്രയോഗവൽകരിക്കാൻ നേതൃത്വം നൽകി.

17) കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തെ പ്രാപ്തമാക്കി.

2006 - 11 കാലയളവിൽ വിഎസ് ഗവൺമെൻ്റ് നടപ്പിലാക്കിയ പദ്ധതികളും 2011 - 16 കാലത്ത് UDF സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുടക്കം കൂടാതെ ഇതിനു പുറമെ നടന്ന് വരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ചുമതല ഞാൻ വഹിച്ചിരുന്ന സമയത്ത് നടപ്പിലാക്കാനായ പദ്ധതികളാണ് മേൽ വിശദീകരിച്ചത്. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിഎസ് സർക്കാരിൻ്റെ കാലത്തും UDF ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളിൽ സ്വീകരിച്ച മുസ്ലിം - കൃസ്ത്യൻ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാർ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പൊതുവിൽ നൽകപ്പെടുന്ന സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സ്കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നൽകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളും അർഹതപ്പെട്ട മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർക്കും നൽകി വരുന്നുണ്ട്.

കേരളത്തിലെ ജനസംഖ്യയിൽ 26% വരുന്ന മുസ്ലിങ്ങൾ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കിൽ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ 20% മാത്രമാണ് സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗക്കാർ

(ലത്തീൻ കത്തോലിക്കരും പരിവർത്തിത ക്രൈസ്തവരും). 80% ക്രൈസ്തവ സഹോദരൻമാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്.

പാലൊളി കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുമ്പോൾ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിൻ്റെ വർത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ സച്ചാർ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് നിയമിച്ചത്. പ്രസ്തുത കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. അതിൻ്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും.

കഴിഞ്ഞ UDF ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതി ആരും ഉയർത്തിയതായി കേട്ടിട്ടില്ല. സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്ത ഇടതുപക്ഷ സർക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തിൽ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത്. ഞാൻ ന്യൂനപക്ഷ വകുപ്പിൻ്റെ ചുമതലക്കാരനായിരുന്നതിനാൽ പരമാവധി എന്നെ മോശക്കാരനാക്കാൻ മുസ്ലിംലീഗും ലീഗനുകൂലികളും മൽസര ബുദ്ധിയോടെ കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കുന്നതിൽ അത്യാഹ്ലാദം കണ്ടെത്തി. മകൻ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായി അമ്മയെപ്പോലെ.

ഒരു വ്യക്തിയോടോ ജനവിഭാഗത്തോടോ അറിഞ്ഞ്കൊണ്ട് ഒരന്യായവും പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിക്കുകയുമില്ല. അർഹതപ്പെട്ടത് എല്ലാവർക്കും ലഭിക്കണം. സാമൂഹ്യനീതി ഉറപ്പുവരുത്താൻ മന്ത്രിയായിരിക്കെ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. നീതി നിർവ്വഹണ വഴിയിൽ ഒരു മുതലാളി സമുദായ നേതാവിൻ്റെ ഉമ്മാക്കി കണ്ടും ഭയപ്പെട്ട് പകച്ചു നിന്നിട്ടില്ല. പിൻമാറിയിട്ടുമില്ല.

പിൻമാറുകയുമില്ല.

No comments:

Post a Comment