കണ്ണൂര്‍ > നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ നേരവകാശികള്‍ കേരളജനതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുകയാണ്. ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ ബദലിനുള്ള അംഗീകരമാണ് ഇത്. വരുംകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണ് ഈ ഫലമെന്ന് നിസംശയം പറയാം. മാറിമാറി സര്‍ക്കാരുകളെ സ്വീകരിക്കുക എന്നതായിരുന്ന കേരളം ഇതേവരെ സ്വീകരിച്ച രീതി. അതിനാല്‍ ഈ വിജയത്തില്‍ ചരിത്രപ്രാധാന്യവുമുണ്ട്. സര്‍ക്കാരിനെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ജനം അംഗീകരിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ ഫലമെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വലിയ രാഷ്ട്രീയപോരാട്ടമാണ് നടന്നത്. തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളുണ്ടായി. പലതരത്തിലുള്ള ആക്രമണങ്ങളുണ്ടായി. നാട് പല പ്രതിസന്ധികളും നേരിട്ടു. എന്നാല്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍ഡിഎഫിനൊപ്പമുണ്ടായി. അതിനാലാണ് എല്ലാത്തിനെയും അതീജീവിക്കാന്‍ കഴിഞ്ഞത്. ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നേരിടുന്ന പ്രശ്‌നങ്ങളുണ്ട്്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്‍ഡിഎഫിനാണ് കഴിയുക ജനം തെളിയിച്ചു.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫിന് മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന പൊതുബോധം ജനങ്ങളിലുണ്ട്. നമ്മുടെ നാട്ടില്‍ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതായുണ്ട്. നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് പറയൂ എന്ന് നാടിന് അനുഭവമുണ്ട്. അതിനാലാണ് നാടിന്റെ ഭാവിതാല്‍പര്യത്തിന് എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ വേണമെന്ന് ജനം തീരുമാനിച്ചത്.
മതനിരപേക്ഷതക്കെതിരെയുള്ള ഒട്ടേറെ വെല്ലുവിളികള്‍ ഉയരുന്ന സമയമാണിത്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച്ച ചെയ്യാത്തവര്‍ അധികാരത്തിലുണ്ടാകണമെന്ന് ജനം ചിന്തിച്ചു.
ജനങ്ങളുടെ ജീവിതനിലവാരം മികച്ചരീതിയില്‍ നിലനിര്‍ത്തുന്നതിന് ക്ഷേമപദ്ധതികളിലൂടെ സര്‍ക്കാര്‍ നടത്തിയ പങ്കുണ്ട്. അത്തരം നടപടികളുടെ ഭാഗമായി കേരളത്തില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അടക്കം സാധാരണനിലയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി. ഇത് എല്‍ഡിഎഫിന് മാത്രമേ ചെയ്യാനാകൂ. ക്ഷേമത്തോടെ ജീവിക്കണമെങ്കില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം എന്ന ചിന്ത കേരളത്തിലെ സാധാരണക്കാരിലുണ്ടായി. പൊതുവേ സംസ്ഥാനത്താകെ എല്ലാ പ്രദേശങ്ങളിലും, എല്ലാ ജനവിഭാഗങ്ങളിലും ഉണ്ടായ കാര്യമാണിത്. ഇത്തരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലാണ് സാമൂഹ്യനീതി ശരിയായ നിലയില്‍ നടപ്പാക്കുക എന്നതും ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അതിനാല്‍ ഈ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഇവിടെയെന്തോ മഹാവിജയം നേടിക്കളയുമെന്ന് അവകാശപ്പെട്ടാണ് വന്നത്. സാധാരണനിലയിലുള്ള ഭൂരിപക്ഷം കിട്ടാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വരെ ബിജെപി നേതാക്കള്‍ പറഞ്ഞു. മാധ്യമങ്ങള്‍ മുഖേനയും ഈ പ്രചാരണം നടത്തി. ആ ഘട്ടത്തിലാണ് എല്‍ഡിഎഫ് പറഞ്ഞത് ഇപ്പോള്‍ ബിജെപിക്കുള്ള അക്കൗണ്ട് പൂട്ടിക്കുമെന്ന്. കേരളം വര്‍ഗീയതയുടെ വിളനിലമല്ല. ഇവിടെ മതനിരപേക്ഷതയില്‍ ഊന്നിനില്‍ക്കുന്ന സമൂഹമാണ്. അത് കേരളീയ സമൂഹം അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.
യുഡിഎഫ് നാടിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങളുടെ ഭാഗമായി നില്‍ക്കാനോ അതിന് അനുസൃതമായി നിലപാട് സ്വീകരിക്കാനോ അല്ല തയ്യാറായത്. അതിനാല്‍ അവരുയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളും ജനം തള്ളിക്കളഞ്ഞു. യുഡിഎഫിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്.
വികസന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കാന്‍, ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കാന്‍ കേന്ദ്രഏജന്‍സികളെ അടക്കമാണ് രംഗത്തിറക്കിയത്. അതിനെല്ലാത്തിനുമുള്ള മറുപടി കൂടിയാണ് ഈ ഫലം.
എല്‍ഡിഎഫിനോട് രാഷ്ട്രീയമായി വിരോധമുണ്ടെന്ന് വെച്ച് നാടിനെ വിഷമത്തിലാക്കുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കാമോ. അതൊന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമല്ല.
കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കരിവാരിത്തേക്കാനും ഇല്ലാക്കഥകള്‍ മെനയാനും വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചു. യുഡിഎഫിന്റെ ഘടകകക്ഷിയേക്കാളും മേലെനിന്ന് പ്രവര്‍ത്തിച്ച മാധ്യമങ്ങളും ഉണ്ടായി. എങ്ങനെ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്നായിരുന്നു ഈ മാധ്യമങ്ങളുടെ ഗവേഷണം.
തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് ഈ നാടിന്റെ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചില വതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. എത്ര മര്യാദകെട്ട രീതിയിലാണ് എല്‍ഡിഎഫിനെതിരെ ഇക്കൂട്ടര്‍ നീങ്ങിയതെന്ന് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാട് എന്ന് ജനങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നു. ഈ മാധ്യമങ്ങള്‍ പറയുന്നതെന്തും അതേപടി വിഴുങ്ങുന്നവരാണ് കേരള ജനത എന്ന് ധരിക്കരുത്. ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് നാടിന്റെ പുരോഗതിയെ തടയാനാണ്. ഏതെല്ലാംവിധത്തിലുള്ള കഥകള്‍ മെനയാനാണ് ശ്രമമുണ്ടായത്. വ്യക്തിപരമായ ആക്രമണങ്ങളും കെട്ടിച്ചമച്ച കഥകളും നിരന്തരം ഉണ്ടായി. പൊതുമര്യാദയുടെ സീമകള്‍ ലംഘിച്ചുപോയി പൊതുമണ്ഡലത്തെ തന്നെ മലീമസപ്പെടുത്താന്‍ തയ്യാറാകരുത്. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല എന്നാണ് അത്തരം മാധ്യമമേലാളന്മാരോട് പറയാനുള്ളതെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫിനെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നു. സാധാരണക്കാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും എല്ലാവിഭാഗം ജനങ്ങളുടെയും വിജയമാണിത്. നന്മയുടെയും നീതിബോധത്തിന്റെ.യും വിജയം. അധികാരത്തിന്റെ മത്തില്‍ കാലിടറാതെ ജനകീയ് പക്ഷത്താണ് എല്‍ഡിഎഫ് ഉറച്ചുനിന്നത്. സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെച്ചൊല്ലി ഒരുകേരളീയനും ആരുടെ മുന്നിലും തലകുനിക്കേണ്ടി വന്നിട്ടില്ല. കല്‍പിത കഥകളുമായി ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ സ്വാഭാവികമായും നിരാശരായിരിക്കും.
കോവിഡ് മഹാമാരിയുയര്‍ത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ നാടിന്റെ മുന്നോട്ടുപോക്കിന് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇത് ഒരുതരത്തിലും സ്തംഭിച്ചുപോകാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഏറ്റവും പ്രധാനം. ഈ വിഷമഘട്ടത്തിലും വികസനക്ഷേമ പ്രവരത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും എന്ന് തന്നെയാണ് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഉറപ്പെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
No comments:
Post a Comment